ലഖ്നൗ: വാരാണസി ബനാറസ് ഹിന്ദു സർവകലാശാല കാംപസിലെ ഐ.ഐ.ടി. വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ബിജെപി. ബന്ധമെന്ന് ആരോപണം. നവംബർ ഒന്നാം തീയതി നടന്ന സംഭവത്തിൽ മൂന്നുപ്രതികളെയാണ് പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഇവർ ബിജെപി. ഐ ടി സെൽ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നവരാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ളവർ ആരോപിക്കുന്നത്. എന്നാൽ ബിജെപി നേതൃത്വം ഇക്കാര്യം നിഷേധിച്ചു.

ഐ.ഐ.ടി.-ബി.എച്ച്.യു കാംപസിൽ വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ സക്ഷാം പട്ടേൽ(20) കുനാൽ പാണ്ഡെ(28) അഭിഷേക് ചൗഹാൻ(22) എന്നിവരെയാണ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. മൂവരും വാരാണസി സ്വദേശികളാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട്. സക്ഷാം പട്ടേൽ പത്താംക്ലാസ് വരെ പഠിച്ചയാളാണ്. രണ്ടാംപ്രതിയായ കുനാൽ പാണ്ഡെ ബി.കോം ബിരുദധാരിയും വ്യാപാരസ്ഥാപനം നടത്തുന്നയാളുമാണ്. മൂന്നാംപ്രതിയായ അഭിഷേക് ചൗഹാൻ പത്താംക്ലാസിൽ തോറ്റയാളാണെന്നും നിലവിൽ ഒരു സാരി വിൽപ്പനശാലയിലാണ് ജോലിചെയ്യുന്നതെന്നും ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.

അറസ്റ്റിലായ പ്രതികളിൽ കുനാൽ പാണ്ഡെ, സക്ഷാം പട്ടേൽ എന്നിവരാണ് വാരാണസിയിലെ ബിജെപി. ഐ.ടി. സെൽ ഭാരവാഹികളാണെന്ന് അവകാശപ്പെടുന്നത്. ബിജെപി. ഐ.ടി. സെല്ലിന്റെ വാരാണസി യൂണിറ്റിന്റെ കോർഡിനേറ്ററാണെന്നാണ് കുനാൽ പാണ്ഡെയുടെ സാമൂഹികമാധ്യമ അക്കൗണ്ടിൽ സ്വയം അവകാശപ്പെട്ടിരിക്കുന്നത്. ബിജെപി. ഐ.ടി. സെല്ലിന്റെ കോ-കോർഡിനേറ്ററാണെന്ന് സക്ഷാം പട്ടേലിന്റെ അക്കൗണ്ടിൽ അവകാശപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, അറസ്റ്റിലായ പ്രതികൾ നിലവിലുള്ള ഐ.ടി. സെല്ലിന്റെ ഭാരവാഹികളല്ലെന്നായിരുന്നു ബിജെപി. മീഡിയ ടീമിലെ(കാശി സോൺ) മുതിർന്ന അംഗത്തിന്റെ പ്രതികരണം. പട്ടേൽ ബിജെപി. ഐ.ടി. സെല്ലിന്റെ വാരാണസി യൂണിറ്റിന്റെ കോ- കോർഡിനേറ്ററായിരുന്നു. പാണ്ഡെ കോർഡിനേറ്ററും. എന്നാൽ, ദീപാവലിക്ക് ശേഷം രൂപവത്കരിച്ച പുതിയ ടീമിൽ ഇവർ ഭാഗമല്ലെന്നും ബിജെപി. പ്രതിനിധി പറഞ്ഞു.

അതിനിടെ, സംഭവത്തിൽ വിശദീകരണം തേടാനായി ബിജെപി. ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരിയെബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺകോളുകളോടോ സന്ദേശങ്ങളോടെ ഇദ്ദേഹം പ്രതികരിച്ചില്ലെന്നും ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ നവംബർ ഒന്നാംതീയതി രാത്രിയാണ് സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ക്രൂരമായ പീഡനത്തിനിരയായത്. രാത്രി ഹോസ്റ്റലിൽനിന്ന് സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ പെൺകുട്ടിയെ ബൈക്കിലെത്തിയ മൂന്നംഗസംഘം ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടിയെ വായപൊത്തി വലിച്ചിഴച്ച് കൊണ്ടുപോയ പ്രതികൾ, വസ്ത്രങ്ങൾ വലിച്ചുകീറുകയും ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയുംചെയ്തു.

ഫോൺനമ്പർ നിർബന്ധിച്ച് വാങ്ങി, ഏകദേശം 15 മിനിറ്റിന് ശേഷമാണ് പ്രതികൾ വിദ്യാർത്ഥിനിയെ വിട്ടയച്ചത്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.

ഐഐടി വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത് അതിക്രൂരമായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി നടന്ന കാര്യങ്ങൾ രേഖാമൂലം എഴുതി നൽകിയാണ് പെൺകുട്ടി പരാതി നൽകിയത്. കൂട്ടബലാത്സംഗത്തിന് ഇരയായതുൾപ്പെടെ പരാതിയിൽ ഉന്നയിച്ചിരുന്നു.

പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപവുമുണ്ടായിരുന്നു. കൃത്യം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്.