ന്യൂഡൽഹി: ക്രിമിനൽ കേസിൽ പ്രതിയായതോടെ അഞ്ച് വർഷങ്ങൾക്ക് മുമ്പ് കാണാതാവുകയും മരിച്ചെന്ന് കരുതി പൊലീസ് റിപ്പോർട്ട് ചെയ്ത 45 കാരനെ പുതിയ ഭാര്യയ്ക്കും നാല് കുട്ടികൾക്കുമൊപ്പം ഡൽഹിയിലെ രോഹിണിയിൽ ജീവനോടെ കണ്ടെത്തി. അഞ്ച് വർഷം മുമ്പ് ഉത്തർപ്രദേശിലെ ഭാഗ്പാട്ടിൽ നിന്നും കാണാതായ യോഗേന്ദ്ര കുമാറിനെയാണ് പൊലീസ് ടാക്‌സി ഡ്രൈവറുടെ രൂപത്തിൽ ജീവനോടെ കണ്ടെത്തിയത്.

ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ അഞ്ച് വർഷം മുൻപ് ഉത്തർപ്രദേശിലെ ഭാഗ്പാട്ടിൽ നിന്നുമാണ് ഇയാളെ കാണാതാവുന്നത്. 2018ൽ കുമാറിനും ഇയാളുടെ സഹോദരങ്ങൾക്കുമെതിരെ ഉത്തർപ്രദേശിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവാവിനെ കാണാതാവുകയായിരുന്നു. ഭാര്യയെയും കുട്ടികളെയുമടക്കം കുടംബത്തെ ഉപേക്ഷിച്ച് യുവാവ് നാട്ടിൽ നി്ന്നും മുങ്ങുകയായിരുന്നു.

ഉത്തർപ്രദേശിലെ ഭാഗ്പാട്ട് സ്വദേശിയാണ് യോഗേന്ദ്ര കുമാർ. 2018ൽ നാട്ടിലുണ്ടായ അടിപിടിയുടെ പേരിൽ പ്രദേശവാസിയായ വേദ് പ്രതാശിന്റെ പരാതിയിൽ യോഗേന്ദ്ര കുമാറിനും സഹോദരന്മാർക്കുമെതിരെ സിംഗാവലി അഹിർ പൊലീസ് ആക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗേന്ദ്ര കുമാറിനെ കാണാതായത്. ഭാര്യയോ കുട്ടികൾളോ വീട്ടുകാരോ അറിയാതെയാണ് ഇയാൾ നാടുവിട്ടത്. അന്വേഷണത്തിൽ കുമാറിനെപ്പറ്റി വീട്ടുകാർക്ക് ഒരു വിവരും ലഭിച്ചില്ല.

ഇതോടെ ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യോഗേന്ദ്ര കുമാറിന്റെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുമാറിന്റെ തിരോധനത്തിൽ കുടുബാംഗങ്ങൾക്ക് വേദ് പ്രകാശിനെ സംശയമുണ്ടായിരുന്നു . കുമാറിനെ പ്രകാശ് കൊലപ്പെടുത്തിയതാണെന്ന് കുടുബാംഗങ്ങൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയതായി സിംഗാവലി അഹിർ പൊലീസ് സ്റ്റേഷൻ ഹെഡ് ഓഫീസർ ജിതേന്ദ്ര സിങ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. യോഗേന്ദ്ര കുമാറിന്റെ കുടുംബം കോടതിയെയും സമീപിച്ചിരുന്നു.

തുടർന്ന് കോടതി വിധി പ്രകാരം പ്രകാശിനും മറ്റ് രണ്ടുപേർക്കുമെതിരെ തട്ടിക്കൊണ്ടുപോകലും കൊലപാതകകുറ്റവും ചുമത്തി പൊലീസ് കേസ് ഫയൽ ചെയ്തു. എന്നാൽ എട്ട് മാസത്തോളം അന്വേഷണം നടത്തിയിട്ടും കുമാറിനെ കണ്ടെത്താനോ, കൊലപാതകം തെളിയിക്കാനോ പൊലീസിനായില്ല. ഒടുവിൽ പൊലീസും അന്വേഷണം അവസാനിപ്പിച്ചു. കുമാർ മരണപ്പെട്ടുവെന്ന നിഗമനത്തിലായിരുന്നു പൊലീസും. യോഗേന്ദ്ര കുമാറിന്റെ കുടുംബവും ഒടുവിൽ മകൻ മരിച്ചെന്നു കരുതി. ഇതിനിടയിലാണ് അഞ്ച് വർഷങ്ങൾക്ക് ശേഷം യോഗേന്ദ്ര കുമാറിനെ ഡൽഹിയിൽ നിന്നും പൊലീസ് പിടികൂടുന്നത്.

ഡൽഹിയിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു കുമാറെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു യുവതിയെ വിവാഹം കഴിച്ച ഇയാൾക്ക് 4 മക്കളുമുണ്ട്. ആദ്യ വിവാഹവും നാട്ടിലെ കേസുമെല്ലാം മറച്ചുവച്ചാണ് കുമാർ ഡൽഹി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസിന് കുമാറിനെ പറ്റി വിവരങ്ങൾ ലഭിച്ചത്. ഇതോടെ ഡൽഹിയിലെത്തിയ അന്വേഷണ സംഘം യോഗേന്ദ്ര കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ തനിക്ക് വേദ് പ്രകാശിനോടുണ്ടായിരുന്ന വിരോധമാണ് വീട് വിടാൻ പ്രേരിപ്പിച്ചതെന്ന് കുമാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.