- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സൂചനയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റിൽ അക്വേറിയത്തിൽ കളിക്കുന്ന മകന്റെ ചിത്രം
പനജി: നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബെംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്ഫുൾ എഐ ലാബിന്റെ സിഇഒ സൂചന സേതിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റിൽ അക്വേറിയത്തിൽ കളിക്കുന്ന മകന്റെ ചിത്രം. മൂന്നുമാസം മുമ്പ് പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പിൽ എന്ന ഹാഷ്ടാഗും ഉണ്ടായിരുന്നു. മകനെക്കുറിച്ചുള്ള ഏക പോസ്റ്റും ഇതായിരുന്നു.
ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് സൂചന താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായുള്ള സൂചനയുടെ വിവാഹ മോചന നടപടികൾ അന്തിമ ഘട്ടത്തിലാണ്. അതേ സമയം മകനെ ആഴ്ചയിലൊരിക്കൽ കാണാൻ കോടതി സൂചനയുടെ ഭർത്താവിനെ അനുവദിച്ചിരുന്നു. ഇതിൽ സൂചന അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊടുംക്രൂരതയ്ക്ക് പിന്നിൽ ഭർത്താവിനോടുള്ള പകയാണോയെന്ന സംശയം ഉയർന്നിരുന്നു. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവ് മലയാളിയാണെന്നാണ് നോർത്ത് ഗോവ എസ്‌പിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്.
കർണാടകയിലെ ചിത്രദുർഗയിൽ വെച്ച് സൂചനയെ പിടികൂടുമ്പോൾ ബാഗിൽ മകന്റെ മൃതദേഹമുണ്ടായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയാണ് സൂചന. സംഭവം നടക്കുമ്പോൾ ഭർത്താവ് ഇന്തോനേഷ്യയിലായിരുന്നു. സംഭവം പൊലീസ് അദ്ദേഹത്തെ അറിയിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹോട്ടലിലെ സുരക്ഷാ ക്യാമറകൾ പരിശോധിച്ചു വരികയാണ്. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ചയാണ് നോർത്ത് ഗോവയിലെ ആഡംബര അപ്പാർട്ട്മെന്റിൽ സൂചന മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് നൽകിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു. ബംഗളുരുവിലേക്ക് പോകാൻ ടാക്‌സി വേണമെന്ന് ഇവർ ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. സൂചന പോയ ശേഷംമുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയിൽ തുണിയിൽ രക്തക്കറ കണ്ടത്. ഉടൻ ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസുകാർ വിളിച്ച് മകൻ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയിൽ തന്നെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് സൂചന പറഞ്ഞത്. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോൾ നൽകി. എന്നാൽ ഈ വിലാസം വ്യാജമായിരുന്നുവെന്ന് പൊലീസ് അന്വേഷിച്ചപ്പോൾ വ്യക്തമായി.
ഇതോടെ പൊലീസ് സൂചന സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസിലാവാതിരിക്കാൻ കൊങ്കിണി ഭാഷയിലാണ് സംസാരിച്ചത്. സൂചനയ്ക്ക് ഒരു സംശയവും തോന്നാതെ ടാക്‌സി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവർ ചിത്രദുർഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് കാർ എത്തിച്ചു.പൊലീസ് പരിശോധിച്ചപ്പോൾ സൂചനയുടെ ബാഗിനുള്ളിൽ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ ഗോവയിലെത്തിച്ച് പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
ഗോവയിലെ അപ്പാർട്ട്മെന്റിൽവച്ചാണ് സൂചന മകനെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. ശേഷം മൃതദേഹം ബാഗിലാക്കി തിരികെ ബെംഗളൂരുവിലേക്ക് മടങ്ങാനാണ് പദ്ധതിയിട്ടതെന്നും പൊലീസ് കരുതുന്നു. യാത്രയ്ക്കിടെ മൃതദേഹം ഉപേക്ഷിക്കാൻ പ്രതി ലക്ഷ്യമിട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ പിന്നീട് ഗോവ പൊലീസിന് കൈമാറി.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പുതിയ സാധ്യതകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ദ് മൈൻഡ്ഫുൾ എഐ ലാബ്' എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമാണ് സൂചന സേത്ത്. കഴിഞ്ഞ നാലു വർഷമായി കമ്പനിയെ നയിക്കുന്നത് സൂചനയാണ്. ബോസ്റ്റണിൽ ഹാർവഡ് സർവകലാശാലയിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രമായ ബെർക്മാൻ ക്ലെയിൻ സെന്ററുമായി ചേർന്ന രണ്ടു വർഷത്തോളം പ്രവർത്തിച്ചിരുന്നു. ദ് മൈൻഡ്ഫുൾ എഐ ലാബ് സ്ഥാപിക്കുന്നതിനു മുൻപ് ബെംഗളൂരുവിലെ ബൂമറാങ് കൊമേഴ്‌സിൽ ഡാറ്റ സയന്റിസ്റ്റായി ജോലി നോക്കിയിരുന്നു. കമ്പനിയുടെ ഡാറ്റ സയൻസ് ഗ്രൂപ്പിൽ സീനിയർ അനലറ്റിക്‌സ് കൺസൾട്ടന്റായും പ്രവർത്തിച്ചു.
ചെന്നൈയിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. കൽക്കട്ട സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ( പ്ലാസ്മ ഫിസിക്‌സ് വിത്ത് ആസ്‌ട്രോ ഫിസിക്‌സ്) 2008ൽ ഫസ്റ്റ് ക്ലാസോടെയാണ് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. രാമകൃഷ്ണമിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽനിന്ന് സംസ്‌കൃതത്തിൽ പിജി ഡിപ്ലോമ ഒന്നാം റാങ്കോടെയും പാസായി. ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഹാർവാഡ് സർവകലാശാല എന്നിവിടങ്ങളിൽ റിസർച്ച് ഫെലോ ആയി പ്രവർത്തിച്ചിട്ടുണ്ടെന്നും യുവതിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ അവകാശപ്പെടുന്നുണ്ട്.