ചെന്നൈ: ഒരിടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ വിവാഹം ചെയ്തതിന് 19 കാരി ഐശ്വരിയെ ആണ് അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ പെരുമാൾ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂരിലാണ് നാടിനെ നടുക്കിയ സംഭവം. പെൺകുട്ടിക്ക് എന്തോ സംഭവിച്ചതായി സംശയം തോന്നിയ യുവാവ് തിരക്കി എത്തുമ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

സഹപാഠികളായിരുന്ന ഐശ്വരിയും തഞ്ചാവൂർ സ്വദേശിയായ ബി. നവീനും ഏറെ നാളാത്തെ പ്രണയത്തിനൊടുവിലാണ് വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹിതരായത്. പുതുവർഷത്തലേന്നാണ് ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. എന്നാൽ താണ ജാതിയിലുള്ള നവീനെ വിവാഹം ചെയ്യാൻ ഐശ്വരിയുടെ വീട്ടുകാർ സമ്മതിച്ചില്ല. ഇതോടെ വീട്ടുകാരെ മറികടന്ന് വിവാഹം ചെയ്യാൻ ഇരുവരും തീരുമാനിച്ചു.

തിരുപ്പൂരിലെ വസ്ത്രനിർമ്മാണ കമ്പനിയിൽ ജീവനക്കാരനായ നവീൻ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഐശ്വരിയെ വിവാഹം ചെയ്തശേഷം വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് മാറി. ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി ജനുവരി രണ്ടിന് ഐശ്വരിയുടെ അച്ഛൻ പെരുമാൾ പല്ലടം പൊലീസ് സ്റ്റേഷനിലെത്തി. ഐശ്വര്യയെ വിളിച്ചുവരുത്തിയ പൊലീസ് ദമ്പതികളുടെ എതിർപ്പ് മറികടന്ന് ഐശ്വര്യയെ അച്ഛനൊപ്പം നിർബന്ധിച്ച് പറഞ്ഞുവിടുകയും നവീനെ വിരട്ടുകയും ചെയ്‌തെന്നാണ് ആക്ഷേപം.

അഞ്ച് ദിവസത്തിനുശേഷം ഐശ്വരിക്കെന്തോ അപകടം സംഭവിച്ചുവെന്ന് സംശയിക്കുന്നതായി സുഹൃത്ത് അറിയിച്ചതോടെ നവീൻ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേർന്ന് ഐശ്വരിയെ ചുട്ടുകൊന്നതായി പൊലീസ് കണ്ടെത്തിയത്. ഇതോടെ അച്ഛനുൾപ്പടെ അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ജാതിക്കൊലയ്ക്ക് കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.