- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അയോധ്യ പ്രതിഷ്ഠാ ചടങ്ങിന്റെ പേരിൽ സൈബർ തട്ടിപ്പ്
റായ്പുർ: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. ചടങ്ങിൽ പങ്കെടുക്കുന്നതിന് വിഐപി പാസ് നൽകാമെന്ന് വാഗ്ദാനംചെയ്ത് ഓൺലൈൻ ആപ്പ് വഴി തട്ടിപ്പ് നടത്തുന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
പസാദം ഓൺലൈനായി ഓർഡർ ചെയ്യാമെന്നും പ്രതിഷ്ഠാദിനത്തിൽ ആദ്യ വിഐപി ദർശനത്തിന് അവസരം നൽകാമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. എന്നാൽ പ്രസാദവിതരണവും ദർശന ബുക്കിങ്ങും ഓൺലൈനായി നടത്തുന്നില്ലെന്ന് സംഘാടകർ അറിയിച്ചു. ധനസമാഹരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
'രാമ ജന്മഭൂമി ഗൃഹ സമ്പർക്ക് അഭിയാൻ' എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്താണ് തട്ടിപ്പ് നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഈ ആപ്പ് പ്രചരിക്കുന്നതായി കണ്ടെത്തിയ ഛത്തീസ്ഗഢ് പൊലീസ് ഇത് തട്ടിപ്പാണെന്നും ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ആളുകൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ് ഇത്തരത്തിൽ ഒരു ഓൺലൈൻ ആപ്പും പുറത്തിറക്കിയിട്ടില്ലെന്നും ഛത്തീസ്ഗഢ് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ആപ്പ് വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ കൈമാറിയാൽ അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതിലേക്കുവരെ കാര്യങ്ങളെത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്ന് ഛത്തീസ്ഗഡിലെ ബിലാസ്പുർ പൊലീസ് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും പ്രതിഷ്ഠാചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തികൾക്കു മാത്രമാണ് പ്രവേശനമെന്നും പൊലീസ് അറിയിച്ചു.