- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അയോധ്യയിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിൽപന, ആമസോണിന് നോട്ടീസ്
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് മധുരം വിൽപന നടത്തിയതിന്റെ പേരിൽ ആമസോണിനെതിരെ നടപടി. ശ്രീറാം മന്ദിർ അയോദ്ധ്യ പ്രസാദ് എന്ന പേരിലാണ് ആമസോൺ ലഡ്ഡുവും മറ്റ് മധുര പലഹാരങ്ങളും വിറ്റിരുന്നത്. നിരവധി പേർ ഇത് വാങ്ങുകയും ചെയ്്തിരുന്നു. ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടതോടെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി (സിസിപിഎ) ആമസോണിന് നോട്ടീസ് അയയ്ക്കുകയായിരുന്നു.
ഔദ്യോഗികമായി ക്ഷേത്രം ട്രസ്റ്റി ഇത്തരത്തിൽ പ്രസാദം വിൽക്കുന്നില്ല. എന്നാൽ, നിരവധി പേരാണ് മധുരപലഹാരം ആമസോണിൽ നിന്ന് വാങ്ങിയത്. ക്ഷേത്രത്തിന്റെ പേരിൽ തെറ്റായ അവകാശവാദമുന്നയിച്ച് ഉൽപ്പനം വിൽക്കുകയാണെന്നാണ് പരാതി. തുടർന്നാണ് പരിശോധിച്ച് നോട്ടീസ് അയച്ചത്.
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സിന്റെ (സി.എ.ഐ.ടി.) പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്ഘാടനമോ ആരാധനയോ തുടങ്ങിയിട്ടില്ലാത്ത അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരിൽ പ്രസാദ വിൽപന നടത്തുന്നത് വിശ്വാസികളോട് ചെയ്യുന്ന ചതിയാണ് എന്ന് സി.എ.ഐ.ടി ആരോപിച്ചു. അയോദ്ധ്യ ക്ഷേത്രം ഇത്തരത്തിൽ മധുര പലഹാരങ്ങളൊന്നും വിൽക്കുന്നില്ലെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു. ക്ഷേത്രത്തിന്റെ പ്രസാദം എന്ന പേരിൽ ഇത്തരത്തിൽ സാധനങ്ങൾ വിൽക്കരുതെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു.
ഉത്പന്നത്തിന്റെ യഥാർഥ സവിശേഷതകൾ മറച്ചുവെച്ച് തെറ്റായ വിവരങ്ങൾ നൽകി ഉപഭോക്താവിനെ പറ്റിക്കുന്നത് നിയമവിരുദ്ധമാണെന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി (സി.സിപിഎ.) വ്യക്തമാക്കി. ഉപഭോക്താവ് വാങ്ങാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു സാധനത്തിന് ഭക്തി അടക്കമുള്ള മാനങ്ങൾ നൽകി വാങ്ങാൻ പ്രേരിപ്പിക്കുന്നത് 2019-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് നിയമവിരുദ്ധമാണെന്നും സി.സിപിഎ. നോട്ടീസിൽ പറയുന്നു.
ഉപഭോക്തൃകാര്യ മന്ത്രി പീയുഷ് ഗോയലിന് സി.എ.ഐ.ടി അംഗം പ്രവീൺ ഖൻഡേൽവാൾ എഴുതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാമന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ച് ആമസോണിൽ ഉത്പന്നങ്ങൾ വിൽക്കുന്നു എന്ന് പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമനടപടികൾ ഉണ്ടാവില്ലെങ്കിലും നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദ്ദേശം.
ഇത്തരത്തിലുള്ള നാല് ഭക്ഷണപദാർത്ഥങ്ങളാണ് സി.സിപിഎ. ആമസോണിൽ നിന്ന് കണ്ടെത്തിയത്. ഇതിൽ മൂന്ന് മധുരപലഹാരങ്ങളും 'അയോധ്യാ ശ്രീരാമ ക്ഷേത്രത്തിലെ പ്രസാദം' എന്ന ലേബലോടെയാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. അയോധ്യയിലെ പ്രസാദങ്ങളിൽ ഒന്ന് എന്ന നിലയിലാണ് നാലാമത്തെ ഉത്പന്നം വിൽപനയ്ക്ക് വെച്ചിരിക്കുന്നത്.
'ഉപഭോക്താക്കൾ മിക്കപ്പോഴും ഉത്പന്നത്തെ സംബന്ധിച്ച വിവരങ്ങൾ മുഴുവനായും വായിച്ചുകൊള്ളണമെന്നില്ല. ക്യാപ്ഷൻ മാത്രം വായിച്ചായിരിക്കും മിക്കപ്പോഴും സാധനം വാങ്ങുക. അങ്ങനെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിധമുള്ള ക്യാപ്ഷനുകൾ നൽകുന്നത് ശിക്ഷാർഹമാണ്', - സി.സിപിഎ. ചീഫ് കമ്മീഷണറും കൺസ്യൂമർ അഫയേഴ്സ് യൂണിയൻ സെക്രട്ടറിയുമായ രോഹിത് കുമാർ സിങ് പറഞ്ഞു.
നോട്ടീസ് ലഭിച്ചതായി ആമസോൺ സ്ഥിരീകരിച്ചു. ചില വിൽപ്പനക്കാരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിറ്റത് സംബന്ധിച്ചാണ് സിസിപിഎയിൽ നിന്ന് നോട്ടീസ് ലഭിച്ചത്. ഇതുസംബന്ധിച്ചാണ് നോട്ടീസ് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആമസോൺ വക്താവ് പ്രതികരിച്ചു.