- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡേറ്റ എൻട്രി ഓപ്പറേറ്റർ മുതൽ ഡോക്ടർമാർ വരെ; ദേശീയ ആരോഗ്യ ദൗത്യത്തിൽ 'പാർട്ടി നിയമനം'; 10,938 താൽക്കാലിക നിയമനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ ഒന്നു മാത്രം; സംവരണ വിഭാഗങ്ങളെ ഒഴിവാക്കി നിയമന അട്ടിമറി; സുതാര്യമെന്ന് എൻഎച്ച്എം അധികൃതർ
തിരുവനന്തപുരം: ആരോഗ്യവകുപ്പിനു കീഴിലെ ദേശീയ ആരോഗ്യ ദൗത്യത്തിനായി (എൻഎച്ച്എം) ജില്ലകൾതോറും നടത്തിയ 10,938 താൽക്കാലിക നിയമനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടിട്ടുള്ളത് ഒരു ജീവനക്കാരനെ മാത്രമെന്ന് റിപ്പോർട്ട്. സർക്കാരിലെ താൽക്കാലിക, കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമാകണമെന്ന വ്യവസ്ഥ അട്ടിമറിച്ചാണ് നിയമനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്നുള്ള നിയമനങ്ങളായതിനാൽ സംവരണ വിഭാഗങ്ങളും ഒഴിവാക്കപ്പെടുകയാണെന്നും ആക്ഷേപമുണ്ട്. എന്നാൽ നടപടികൾ സുതാര്യമെന്ന് എൻഎച്ച്എം അധികൃതരുടെ വിശദീകരണം.
ദേശീയ ആരോഗ്യ ദൗത്യത്തിനായി മലപ്പുറത്താണ് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത്. 1349 താൽക്കാലിക ജീവനക്കാർ. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. 1245 ജീവനക്കാരെയാണ് നിയമിച്ചത്. തൃശൂരിൽ 1164 പേരെ നിയമിച്ചു. മറ്റു ജില്ലകളിലും 500 മുതൽ ആയിരം വരെ നിയമനങ്ങൾ നടന്നു. ഡോക്ടർമാർ, നഴ്സുമാർ, ആയുഷ് ആരോഗ്യപ്രവർത്തകർ എന്നിവർക്കു പുറമേ ക്ലാർക്ക്, പ്യൂൺ, പബ്ലിക് റിലേഷൻ ഓഫിസർ, മാനേജർ, അക്കൗണ്ടന്റ്, കോഓർഡിനേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങി സാധാരണ യോഗ്യതയുള്ള തസ്തികകളിലേക്കും നിയമനങ്ങൾ നടത്തി.
ജീവനക്കാരുടെ നിയമനത്തിൽ നിയന്ത്രണം വേണമെന്നു കഴിഞ്ഞവർഷം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും കർശന നിർദ്ദേശം വന്നശേഷമാണ് താൽക്കാലിക നിയമനത്തിന്റെ വേഗം കുറഞ്ഞത്. 14,000 മുതൽ 35,000 രൂപയാണു പ്രതിഫലം. ഓരോ ജില്ലയിലും മാസം രണ്ട് കോടിയോളം രൂപയാണ് ശമ്പള ഇനത്തിൽ നൽകുന്നത്. നിയമന പ്രക്രിയയ്ക്കു നേതൃത്വം നൽകുന്നത് ആരോഗ്യവകുപ്പിൽനിന്നു ഡെപ്യൂട്ടേഷനിൽ വരുന്ന ജില്ലാ പ്രോഗ്രാം മാനേജർ (ഡിപിഎം) ആണ്. സീനിയർ ഡോക്ടർമാരെ ഒഴിവാക്കി താരതമ്യേന ജൂനിയറായ അസി. സർജന്മാരെയാണ് ഈ തസ്തികയിൽ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ 'പാർട്ടി നിയമനം' നടക്കുന്നുവെന്നാണ് ആരോപണം.
പ്രധാന ഫയലുകൾ കൈകാര്യം ചെയ്യുന്ന വിവരാവകാശ ഓഫിസറായി പ്രവർത്തിക്കുന്നതു പോലും താൽക്കാലിക ജീവനക്കാരാണ്. ഇതുപാടില്ലെന്നു വിവരാവകാശ കമ്മിഷന്റെ ഉത്തരവും പാലിക്കുന്നില്ല. താൽക്കാലിക, കരാർ ജീവനക്കാരെ ഒരു വർഷത്തിലേറെ കാലയളവിലേക്കു നിയമിക്കരുതെന്നാണു ചട്ടമെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവർ ഇപ്പോഴും തുടരുന്നു. ഇവർക്കു ജില്ല മാറി സ്ഥലംമാറ്റം വരെ നൽകുന്നു. പത്ത് വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനും നീക്കമുണ്ട്. സിപിഎമ്മിന്റെ സർവീസ് സംഘടനാ നേതാവ് വിരമിച്ചപ്പോൾ എൻഎച്ച്എമ്മിൽ നിയമനം നൽകിയ സംഭവവുമുയി.
ഓൺലൈൻ അപേക്ഷ ക്ഷണിച്ച്, പരീക്ഷയും ഇന്റർവ്യൂവും നടത്തി സുതാര്യമായ രീതിയാണ് നിയമനമെന്നാണ് എൻഎച്ച്എം അധികൃതർ നൽകുന്ന വിശദീകരണം. ഓരോ വർഷവും പ്രവർത്തന മികവു നോക്കി തുടരാൻ അനുവദിക്കുകയാണെന്നും പറയുന്നു. എന്നാൽ, നടപടിക്രമങ്ങൾ പിൻവാതിൽ നിയമനത്തിനുള്ള മറ മാത്രമാണെന്നാണ് തഴയപ്പെട്ട ഉദ്യോഗാർഥികളുടെ ആരോപണം. അറുപത് ശതമാനം കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയായതിനാൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാർ
മറുനാടന് മലയാളി ബ്യൂറോ