- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'മുളകുപൊടി വെള്ളം കുടിപ്പിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചു' പെൺകുട്ടിയുടെ വിഡിയോ
ചെന്നൈ: ചെന്നൈയിൽ ഡിഎംകെ എംഎൽഎയുടെ മകന്റെ വീട്ടിൽ പതിനെട്ടുകാരിയായ വീട്ടുജോലിക്കാരി നേരിട്ടത് അതിക്രൂര പീഡനമെന്ന് റിപ്പോർട്ട്. ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും ചേർന്നാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. വാർത്ത വന്നതിനു പിന്നാലെ എംഎൽഎ ഉൾപ്പെടെ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം തള്ളിക്കളയും വിധമുള്ള വിഡിയോ ആണ് പെൺകുട്ടി പുറത്തുവിട്ടത്.
ചെന്നൈ പല്ലാവരം നിയമസഭാംഗം ഐ. കരുണാനിധിയുടെ മകന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന 18 വയസ്സുള്ള ദലിത് പെൺകുട്ടിയെ മകൻ ആന്റോ മണിവണൻ, മരുമകൾ മെർലിന എന്നിവർ ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് പരാതി. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു പെൺകുട്ടി. കഴിഞ്ഞ ഏഴു മാസമായി രാത്രി 12 വരെ ജോലി ചെയ്ത പെൺകുട്ടിക്ക് ശമ്പളം നൽകിയില്ലെന്നും ആരോപണമുണ്ട്.
അതിക്രൂര പീഡനമാണ് പെൺകുട്ടി നേരിട്ടതെന്ന് തെളിയിക്കുന്നതാണ് വിഡിയോ. കഴിഞ്ഞ ഏഴു മാസമായി രാത്രി 12 വരെ ജോലി ചെയ്തിട്ടും ശമ്പളം നൽകിയില്ലെന്നും മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിക്കുകയും സിഗരറ്റ് കത്തിച്ച് ദേഹത്തെല്ലാം പൊള്ളലേൽപ്പിക്കുകയും ചെയ്തെന്നും പെൺകുട്ടി വിഡിയോയിൽ വ്യക്തമാക്കുന്നു.
പൊങ്കൽ അവധിക്കായി പെൺകുട്ടി സ്വന്തം നാട്ടിലെത്തിയ ശേഷമാണ് വാർത്ത പുറത്തുവന്നത്. ഉപദ്രവം കാരണം ജോലി ചെയ്യുന്നില്ലെന്ന് പറഞ്ഞെങ്കിലും ക്രൂരത ആവർത്തിക്കുകയായിരുന്നെന്നും പെൺകുട്ടി വ്യക്തമാക്കി. അമ്മയെയും സഹോദരനെയും കൊലപ്പെടുത്തുമെന്നും ആന്റോ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു.
പരുക്കേറ്റ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപ്പെട്ട് സ്വദേശിനി രേഖ കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംഭവത്തിൽ നീലാങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ പൊലീസ് സ്വീകരിച്ച നടപടികളെപ്പറ്റി വിശദമായ റിപ്പോർട്ട് നൽകാൻ ദേശീയ വനിതാ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെൺകുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്. രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുകയാണ്. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ രേഖ ഏഴു മാസം മുൻപാണ് ചെന്നൈ തിരുവാൺമിയൂരിലുള്ള ആന്റോയുടെ വീട്ടിൽ ജോലിക്കായി എത്തിയത്.
അതിനിടെ, സംഭവത്തിൽ വിശദീകരണവുമായി മെർലിനയും രംഗത്തെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനഃപൂർവം കുടുംബത്തെ അവഹേളിക്കാൻ ശ്രമിക്കുകയാണെന്നും ജോലിക്കു നിന്ന സ്ത്രീയെ കുടുംബാംഗത്തെ പോലെയാണ് കണ്ടതെന്നും മെർലിനയുടേതായി പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ പറയുന്നു. എല്ലാവരും ഇപ്പോൾ ഞങ്ങളുടെ കുടുംബത്തെ ചീത്ത പറയുകയാണ്. മൂന്നു ദിവസമായി ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല, മകളെ പോലും കാണാൻ സാധിക്കുന്നില്ല. ആരാണ് ഇതിനു പിന്നിലെന്ന് അറിയില്ലെന്നും മെർലിന പറഞ്ഞു
അതേസമം സംഭവത്തിൽ മെല്ലെപോക്ക് തുടരുകയാണ് പൊലീസ്. മാധ്യമ സമ്മർദ്ദത്തെ തുടർന്ന് കേസെടുത്തെങ്കിലും ഇരുവരെയും അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. എംഎൽഎയുടെ മരുമകൾ ആരോപണങ്ങൾ നിഷേധിക്കുന്ന ശബ്ദരേഖയും കത്തും പുറത്തു വിട്ടതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വിഡിയോ പുറത്തുവന്നത്.