- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീട്ടുജോലിക്ക് പോയത് ഉന്നത പഠനത്തിന് പണം കണ്ടെത്താൻ, നേരിട്ടത് ക്രൂരപീഡനം
ചെന്നൈ: ഡിഎംകെ എംഎൽഎയുടെ മകന്റെ വീട്ടിലെ ജോലിക്കാരി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. പല്ലാവരം എംഎൽഎ.യായ ഐ.കരുണാനിധിയുടെ മകൻ ആന്റോ മതിവണ്ണൻ, ആന്റോയുടെ ഭാര്യ മെർലിന എന്നിവർക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
വീട്ടുജോലിക്കാരിയായ ദളിത് പെൺകുട്ടിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഡി.എം.കെ. എംഎൽഎ.യുടെ മകനും മരുമകൾക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. അതിക്രൂര പീഡനമാണ് പെൺകുട്ടി നേരിട്ടതെന്ന് വെളിപ്പെടുത്തി വിഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്. കഴിഞ്ഞ ഏഴു മാസമായി രാത്രി 12 വരെ ജോലി ചെയ്തിട്ടും ശമ്പളം നൽകിയില്ലെന്നും മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിക്കുകയും സിഗരറ്റ് കത്തിച്ച് ദേഹത്തെല്ലാം പൊള്ളലേൽപ്പിക്കുകയും ചെയ്തെന്നും പെൺകുട്ടി വിഡിയോയിൽ വ്യക്തമാക്കിയിരുന്നു.
ദമ്പതിമാരുടെ ചെന്നൈയിലെ വീട്ടിൽ ജോലിക്കുനിന്നിരുന്ന 18-കാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ആന്റോയും മെർലിനും നിരന്തരം മർദിച്ചിരുന്നതായും അസഭ്യം പറഞ്ഞിരുന്നതായുമാണ് പെൺകുട്ടിയുടെ പരാതി. ഹെയർ സ്ട്രൈറ്റ്നർ ഉപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചതായും സിഗരറ്റുകുറ്റി ദേഹത്ത് കുത്തി പരിക്കേൽപ്പിച്ചതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
ഉന്നത പഠനത്തിനായി പണം കണ്ടെത്താനാണ് പെൺകുട്ടി വീട്ടുജോലിക്കായി പോയത്. 600-ൽ 433 മാർക്ക് നേടി പ്ലസ്ടു പൂർത്തിയാക്കിയ ദളിത് പെൺകുട്ടി തുടർപഠനത്തിന് പണം കണ്ടെത്താനായിരുന്നു ചെന്നൈയിൽ വീട്ടുജോലി തെരഞ്ഞെടുത്തത്. ഡോക്ടറാകാൻ ആഗ്രഹിച്ച 18-കാരി ജോലിചെയ്ത് പണം സമ്പാദിച്ച ശേഷം നീറ്റ് പരിശീലനത്തിന് ചേരാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
എന്നാൽ, പ്രതിമാസം 16,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിട്ട് 5000 രൂപ മാത്രമാണ് എംഎൽഎ.യുടെ കുടുംബം ശമ്പളമായി നൽകിയതെന്നും പരാതിയുണ്ട്. 12ാം ക്ലാസ് പൂർത്തിയാക്കിയ രേഖ ഏഴു മാസം മുൻപാണ് ചെന്നൈ തിരുവാൺമിയൂരിലുള്ള ആന്റോയുടെ വീട്ടിൽ ജോലിക്കായി എത്തിയത്. രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുകയാണ്. നിർധനരായ കുടുംബത്തിന് മകളുടെ തുടർ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് 18കാരി വീട്ടുജോലിക്കായി ചെന്നൈയിൽ എത്തിയത്.
ആന്റോയുടെ വീട്ടിൽനിന്ന് പൊങ്കൽ ആഘോഷത്തിനായി പെൺകുട്ടി സ്വന്തം വീട്ടിലെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ശരീരത്തിൽ പരിക്കേറ്റ പാടുകൾ കണ്ട് വീട്ടുകാർ പെൺകുട്ടിയെ ഉളുന്തൂർപേട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ശരീരമാസകലം പരിക്കേറ്റ പാടുകൾ കണ്ട് ആശുപത്രി അധികൃതർ തിരക്കിയതോടെയാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
കഴിഞ്ഞ ഏഴുമാസമായി എംഎൽഎ.യുടെ മകനും മരുമകളും നിരന്തരം ഉപദ്രവിക്കുകയാണെന്നാണ് പെൺകുട്ടി പറയുന്നത്. ചെറിയ കാരണങ്ങളുടെ പേരിൽ നിരന്തരം തന്റെ മുഖത്തടിക്കുന്നത് പതിവായിരുന്നു. സിഗരറ്റ് കുറ്റി കൊണ്ടും പൊള്ളലേൽപ്പിച്ചു. ഒരിക്കൽ സമയത്തിന് ഭക്ഷണമുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഹെയർ സ്ട്രൈറ്റ്നർ ഉപയോഗിച്ച് കൈകളിലും പൊള്ളലേൽപ്പിച്ചു. ചെരിപ്പുകൊണ്ടും ചൂല് കൊണ്ടും നിരന്തരം മർദിച്ചു. മെർലിന ഒരിക്കൽ തന്റെ മുടി മുറിച്ചുമാറ്റിയതായും 18-കാരി ആരോപിച്ചു.
പരുക്കേറ്റ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപ്പെട്ട് സ്വദേശിനി രേഖ കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംഭവത്തിൽ നീലാങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ പൊലീസ് സ്വീകരിച്ച നടപടികളെപ്പറ്റി വിശദമായ റിപ്പോർട്ട് നൽകാൻ ദേശീയ വനിതാ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മകനും മരുമകൾക്കും എതിരായ ആരോപണങ്ങൾ കരുണാനിധി നിഷേധിച്ചു. കുടുംബത്തിനെതിരായ ആരോപണങ്ങൾക്ക് പിന്നിൽ മറ്റുചിലരാണെന്നും പെൺകുട്ടിയെ നല്ലരീതിയിലാണ് കുടുംബം നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ വിശദീകരണവുമായി മെർലിനയും രംഗത്തെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനഃപൂർവം കുടുംബത്തെ അവഹേളിക്കാൻ ശ്രമിക്കുകയാണെന്നും ജോലിക്കു നിന്ന സ്ത്രീയെ കുടുംബാംഗത്തെ പോലെയാണ് കണ്ടതെന്നും മെർലിനയുടേതായി പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ പറയുന്നു. എല്ലാവരും ഇപ്പോൾ ഞങ്ങളുടെ കുടുംബത്തെ ചീത്ത പറയുകയാണ്. മൂന്നു ദിവസമായി ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല, മകളെ പോലും കാണാൻ സാധിക്കുന്നില്ല. ആരാണ് ഇതിനു പിന്നിലെന്ന് അറിയില്ലെന്നും മെർലിന പറഞ്ഞു.