- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലെ റെയ്ഡിൽ ഞെട്ടി ഉദ്യോഗസ്ഥർ
ഹൈദരാബാദ്: തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ അഴിമതി വിരുദ്ധ സ്ക്വാഡ് നടത്തിയ റെയ്ഡിൽ 100 കോടി രൂപയ്ക്ക് മുകളിലുള്ള സ്വത്ത് കണ്ടെത്തി. 40 ലക്ഷം രൂപയും രണ്ട് കിലോഗ്രാം സ്വർണാഭരണങ്ങളും 60 ആഡംബര വാച്ചുകളും അടക്കം നിരവധി അനധികൃത ഇടപാടുകളുടെ രേഖയാണ് ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത്. തെലങ്കാന സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി സെക്രട്ടറിയായ ശിവ ബാലകൃഷ്ണയുടെ വീട്ടിലാണ് ബുധനാഴ്ച അഴിമതി വിരുദ്ധ ബ്യൂറോയിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
അനധികൃത സ്വത്ത് സമ്പാദിച്ചതായി ഇദ്ദേഹത്തിനെതിരെ പരാതികൾ വ്യാപകമായതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പുലർച്ചെ അഞ്ച് മണിയോടെ ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി വീട്ടിലേയ്ക്ക് എത്തി റെയ്ഡ് തുടങ്ങുകയായിരുന്നു. ശിവ ബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വീടുകൾ, ഓഫീസുകൾ എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ ഒരേസമയം ഉദ്യോഗസ്ഥർ ഇരച്ചെത്തുകയും പരിശോധന നടത്തുകയും ആയിരുന്നു. അവിചാരിതമായി ഉണ്ടായ റെയ്ഡിൽ വീട്ടുകാർ പകച്ചു.
തെലങ്കാന സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെയും ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അഥോറിറ്റിയുടെയും ഓഫീസുകളിലും ശിവബാലകഷ്ണയുമായി ബന്ധമുള്ള മറ്റ് സ്ഥലങ്ങളിലുമെല്ലാം പരിശോധന നടത്തി. സ്വർണം, ഫ്ളാറ്റുകൾ, ബാങ്ക് നിക്ഷേപം, ബിനാമി സ്വത്ത് എന്നിവ റെയ്ഡിൽ കണ്ടെത്തി. പണമായി 40 ലക്ഷം രൂപയും രണ്ട് കിലോഗ്രാം സ്വർണാഭരണങ്ങളും 60 ആഡംബര വാച്ചുകളും പിടിച്ചെടുത്തു. നിരവധി ഭൂരേഖകൾ, വൻതുകകളുടെ ബാങ്ക് നിക്ഷേപ രേഖകൾ എന്നിവയും 14 ഫോണുകൾ 10 ലാപ്ടോപ്പുകൾ എന്നിവയും മറ്റ് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു.
നിരവധി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് പെർമിറ്റ് അനുവദിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപ ഇയാൾ കൈക്കൂലി വാങ്ങിയതായി എ.സി.ബിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് ലോക്കറുകളും ഇതുവരെ വ്യക്തമാവാത്ത മറ്റ് ചില ആസ്തികളും കൂടി പരിശോധിക്കാനാണ് അടുത്ത നീക്കം. റെയ്ഡ് അടുത്ത ദിവസം കൂടി നീളുകയും ചെയ്തു.
അനധികൃത സ്വത്ത് കണ്ടെത്തിയത് ശിവ ബാലകൃഷ്ണയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചതാണെന്നാണ് അനുമാനം. നേരത്തെ ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അഥോറിറ്റി ഡയറക്ടറായിരുന്ന ഉദ്യോഗസ്ഥനാണ് ശിവ ബാലകൃഷ്ണ. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ആരോപണം ഉയർന്നതിന് പിന്നാലെയാണ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നടപടി.