- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
75 ലക്ഷം രൂപയുടെ ലോട്ടറി; എന്നിട്ടും ആ ഭാഗ്യവാനിഷ്ടം മോഷണം നടത്തി ജീവിക്കാൻ
മാള: തൃശ്ശൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മോഷണം നടത്തിയ രീതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പാറപ്പുറം സ്വദേശി ജോമോനാണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. നാലരപ്പവൻ സ്വർണാഭരണങ്ങളാണ് ജോമോൻ അടിച്ചെടുത്തത്.
ഇക്കഴിഞ്ഞ 23ന് പുലർച്ചെ് മാള വലിയപറമ്പ് കോട്ടമുറിയിൽ വടക്കൻ ഇട്ടീരയുടെ വീട്ടിലാണ് ജോമോൻ മോഷണം നടത്തിയത്. നാലര പവന്റെ സ്വർണാരണങ്ങൾ നഷ്ടമായെങ്കിലും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ചതിൽ നിന്നും പ്രതിയെ കുറിച്ച് ഒരു സൂചനയും ആദ്യ ഘട്ടത്തിൽ പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് സമാന മോഷണ കേസുകളിൽ പെട്ട പ്രതികളെ നിരീക്ഷിച്ചതിൽ നിന്നുമാണ് പൊലീസ് ജോമോനിലേക്ക് എത്തുന്നത്.
മോഷണത്തിനിറങ്ങുമ്പോൾ ജോമോന് ഒരു പ്രത്യേക രീതിയാണെന്ന് പൊലീസ് പറയുന്നു. മൊബൈൽ ഫോൺ കയ്യിൽ കരുതാറില്ല. ഇതോടെ ടവർ ലൊക്കേഷൻ പൊലീസിന് കണ്ടെത്താനാവില്ല. രാത്രി സമയങ്ങളിൽ കാൽനടയായി സഞ്ചരിച്ച് ജനലുകൾ തുറന്ന് കിടക്കുന്ന വീടുകൾ കണ്ടാൽ അവിടെ കയറുന്നതാണ് ജോമോന്റെ രീതി. ജനലിലൂടെ കൈകടത്തി ആഭരണങ്ങൾ മോഷ്ടിക്കുകയും, ജനലിലൂടെ കൈ എത്തിച്ച് വാതിൽ തുറന്ന് അകത്തുകയറി മോഷണം നടത്തുകയുമാണ് ജോമോൻ ചെയ്യുന്നത്.
മോഷ്ടിച്ച പണം ലോട്ടറി ടിക്കറ്റ് എടുക്കുന്നതിന്നും ആർഭാട ജീവിതം നടത്തുന്നതിനും ആണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. 4 വർഷം മുൻപ് 75 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച ആളാണ് പ്രതി. എന്നിട്ടും ഇയാൾ മോഷണം തുടർന്ന് പോരുക ആയിരുന്നു. മാളയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമായതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തുടർന്ന് സമാന കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടവരെ നിരന്തരം നിരീക്ഷിച്ചതിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മോഷണ മുതലുകൾ പ്രതിയിൽ നിന്ന് കണ്ടെത്തി.
ചാലക്കുടി, മാള പൊലീസ് സ്റ്റേഷനുകളിൽ സമാനമായ മറ്റ് കേസുകളിൽ പ്രതിയാണ് പിടിയിലായ ജോമോനെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം പിടികൂടിയ പ്രതിയെ മാള പൊലീസിന് കൈമാറി.