- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാർക്ക് വീരമൃത്യു
റായ്പൂർ: ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. ഛത്തീസ്‌ഗഡിലെ ബീജാപൂർ-സുക്മ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് വൈകിട്ടോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലിൽ പതിനാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലാണ് സംഭവം. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.
അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും കോബ്രാ ബറ്റാലിയനും ചേർന്ന് പരിശോധന നടത്തിയത്. തിരച്ചിലിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു.
"മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ തെകൽഗുഡ ഗ്രാമത്തിൽ തിങ്കളാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ പുതിയ ക്യാംപ് ആരംഭിച്ചിരുന്നു. പിന്നാലെ സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സിആർപിഎഫിന്റെ കോബ്ര യൂണിറ്റ് എന്നിവർ സംയുക്തമായി പ്രദേശത്തു തിരച്ചിൽ തുടങ്ങി. ഇതോടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു" ബസ്തർ ഐജി പി.സുന്ദെരാജ് പറഞ്ഞു.
പരുക്കേറ്റ ജവാന്മാരെ കാട്ടിൽനിന്നു പുറത്തെത്തിച്ചു. ഏറ്റുമുട്ടലിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്തു സൈനിക ഓപ്പറേഷൻ തുടരുകയാണ്.
മാവോയിസ്റ്റ് സാന്നിധ്യം വർധിച്ചുവരുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ പശ്ചാത്തലത്തിലാണ് ബിജാപുർ സുക്മ അതിർത്തിയിൽ സൈന്യം താത്കാലികമായി ക്യാമ്പ് തുറന്നത്. ഇവിടെ പട്രോളിങ് നടത്തിവരുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. കോബ്ര, എസ്.ടി.എഫ്, ഡി.ആർ.ജി. സേനകൾ സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ.
കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം കൂടുതലാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ക്യാമ്പ് സ്ഥാപിച്ച് പരിശോധന നടത്തിയത്. പരിക്കേറ്റ 14 പേർ റായ്പുരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.