മാവേലിക്കര: സമൂഹമാധ്യമത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത് രണ്ട് വീട്ടുകാർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുകേസുകളിലായി സ്തീകളടക്കം ഒമ്പതുപേർ അറസ്റ്റിൽ. രണ്ടു വീട്ടുകാർ തമ്മിൽ ഇൻസ്റ്റഗ്രാം പോസ്റ്റിനെ സംബന്ധിച്ചുണ്ടായ തർക്കം വീടുകയറി ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. മകൻ വിവാഹം കഴിക്കാനിരിക്കുന്ന പെൺകുട്ടിയെക്കുറിച്ച് മോശമായി പോസ്റ്റിട്ടത് ചോദ്യം ചെയ്തുള്ള തർക്കമാണ് തമ്മിൽ തല്ലിൽ കലാശിച്ചത്.

കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയും ഭർത്താവും മകനും മകന്റെ സുഹൃത്തുക്കളും ചേർന്ന് ചെട്ടികുളങ്ങര പഞ്ചായത്ത് രണ്ടാംവാർഡിൽ തോട്ടുകണ്ടത്തിൽ വീട്ടിൽ സതീഷിനെയും ഭാര്യ സുസ്മിതയെയും കുടുംബത്തെയും വീടുകയറി ആക്രമിക്കുകയും അവർ പ്രത്യാക്രമണം നടത്തുകയും ചെയ്തതായാണ് കേസ്.

കരുനാഗപ്പള്ളി താലൂക്കിൽ ചവറ വില്ലേജിൽ ചോലെപ്പാടം വിഷ്ണുഭവനം വീട്ടിൽ ദീലിപ് കുമാറിന്റെ ഭാര്യ ദീപ (37), മകൻ പ്രണവ് (19), ചവറ വടക്കുംതല കിരൺഭവനത്തിൽ കിരൺ (19), തേവലക്കര നല്ലതറ വടക്കതിൽ അഖിൽ (19), വടക്കുംതല രജനീഷ് ഭവനത്തിൽ രജനീഷ് (22), വടക്കുംതല പള്ളിയുടെ കിഴക്കതിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരെയും ഈ സംഘത്തെ തിരികെ ആക്രമിച്ചതിന് ചെട്ടികുളങ്ങര പഞ്ചായത്ത് രണ്ടാംവാർഡിൽ തോട്ടുകണ്ടത്തിൽ സതീഷ് (43), ഭാര്യ സുസ്മിത (40), സതീഷിന്റെ സഹോദരൻ സുരേഷ് (41) എന്നിവരെയുമാണ് മാവേലിക്കര പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം രാത്രി 10.30ന് മറ്റം തെക്ക് വടയിരേത്ത് വീടിനുസമീപമാണ് സംഭവം. കരുനാഗപ്പള്ളിയിൽനിന്ന് എത്തിയ സംഘവും മറ്റം തെക്ക് വടയിരേത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന സതീഷും കുടുംബവും തമ്മിലായിരുന്നു തർക്കുവും സംഘർഷവുമുണ്ടായത്.

ദീപയുടെ മകൻ വിവാഹം കഴിക്കാനിരിക്കുന്ന പെൺകുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റ് ഇട്ടത് ചോദിക്കാനെത്തിയതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 11പേർക്കെതിരെയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്‌ഐമാരായ എബി വർഗീസ്, സിയാദ്, എം.എസ്. എബി, എഎസ്ഐ സജു മോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിബു, ശാലിനി, ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ സജീർ, അനൂപ് എന്നിവർ നേതൃത്വം നൽകി.