- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ മയക്കുമരുന്ന് കേസിലെ പ്രതിക്കായുള്ള അന്വേഷണം നിലച്ചു; ഹർഷാദിനായി ബെംഗളൂരുവിൽ നടത്തിയ തിരച്ചിലിലും ഫലം കണ്ടില്ല; പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സ്ഥലം മാറിയത് തിരിച്ചടിയായി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ തടവുകാരൻ തടവുചാടിയ സംഭവത്തിലെ പ്രതിയെ പിടികൂടാനാവാതെ പൊലിസ് ഇരുട്ടിൽ തപ്പുന്നു. ബംഗ്ളൂർ കേന്ദ്രീകരിച്ചു ഒരാഴ്ച്ചയോളം അന്വേഷണം നടത്തിയെങ്കിലും തടവുചാടിയ പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നുവെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് തിരിച്ചടിയായി മാറി.
ഈ കേസിന്റെ അന്വേഷണം നിലച്ച അവസ്ഥയിലാണിപ്പോൾ. അന്വേഷണഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ സി. ഐ ബിനുമോഹനെ പേരാമ്പ്രയിലേക്കാണ് മാറ്റിയത്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന കണ്ണൂർ സിറ്റി എ.സി.പി ടി.കെ.രത്നകുമാറിന് പകരം കെ.വി വേണുഗോപാലും ചുമതലയേറ്റിട്ടുണ്ട്. ഇതോടെ ജയിൽ ചാടിയ എം.ഡി. എം. എ കേസിലെ പ്രതി ഹർഷാദിനായുള്ള തെരച്ചിലും നിലച്ചിരിക്കുകയാണ്. ബംഗ്ളൂരിലേക്ക് ഹർഷാദ് കൂട്ടാളിയോടൊപ്പം രക്ഷപ്പെട്ട വാടകയ്ക്കെടുത്ത ബൈക്ക് ബംഗ്ളൂർ സിറ്റിയിലെ ഒരു ബൈക്ക് ഷോറൂമിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നുവെങ്കിലും അതിൽ നിന്നും അന്വേഷണം ഒരിഞ്ചുപോലും മുൻപോട്ടു പോയിട്ടില്ല.
ഹർഷാദ് വിദേശത്തേക്ക് കടക്കുന്നതിനായി വ്യാജപാസ്പോർട്ടിനായി ശ്രമിച്ചിരുന്നുവെന്ന ജയിൽ കാണാൻ വന്നിരുന്ന സുഹൃത്തിന്റെ മൊഴിയെ തുടർന്ന് പൊലിസ് വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നുവെങ്കിലും ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.ബംഗ്ളൂര് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വന്മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണ് ഹർഷാദെന്നാണ് പൊലിസ് പറയുന്നത്.
ഇതിനിടെ ഗുരുതരമായ സുരക്ഷാപിഴവ് സംഭവത്തിൽ ജീവനക്കാർക്കെതിരെ കണ്ടെത്തിയിരുന്നുവെങ്കിലും ഇതുവരെ പ്രസ്തുത റിപ്പോർട്ടിൽ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ജനുവരി പതിനാലിന് രാവിലെആറരയോടെയാണ് മയക്കുമരുന്ന്കേസിലെ ശിക്ഷാതടവുകാരൻ ചാല കോയ്യോട് സ്വദേശിയായ ടി.സി ഹർർഷാദ് ജയിൽ കവാടത്തിൽ നിന്നും രക്ഷപ്പെട്ടത്. സംഭവം നടന്ന് ഒരാഴ്ച്ചയ്ക്കകം തവന്നൂർ ജയിൽ സൂപ്രണ്ട് അന്വേഷണറിപ്പോർട്ട് ജയിൽ ഡി.ജി.പിക്ക് സമർപ്പിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ജീവനക്കാരുടെ കുറവും പ്രതിക്ക് വെൽഫെയർ ഓഫീസിലെ ചുമതല നൽകിയതിലെ വീഴ്ച്ചയും റിപ്പോർട്ടിൽ പരാമർശിച്ചതായാണ് അറിയുന്നത്.
പത്തുവർഷം ശിക്ഷ അനുഭവിച്ചുവന്ന മയക്കുമരുന്ന് കേസിലെ പ്രതിക്ക്ജയിൽ ജീവനക്കാർ വഴിവിട്ട സഹായം ചെയ്തുകൊടുത്തതായി ആരോപണമുയർന്നിരുന്നു. ഇത്തരം ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് ശിക്ഷ അനുവഭിച്ചു ഒരു വർഷം തികയും മുൻപേ ജയിൽ ചട്ടങ്ങൾ ലംഘിച്ചു ജയിൽ വെൽഫെയർ ഓഫീസിൽ ജോലി നൽകിയ സംഭവത്തിൽ തന്നെ ജയിൽ അധികൃതർക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. സാധാരണഗതിയിൽ മയക്കുമരുന്ന് കേസിലെ തടവുകാരെജയിൽ ശിക്ഷാകാലയളവിന്റെ അവസാനഘട്ടങ്ങളിൽ മാത്രമാണ് വെൽഫെയർ ജോലികൾ നൽകാറുള്ളത്.
ജയിൽ കവാടത്തിന് മുൻവശത്തായി വരുന്ന ഗാന്ധി പ്രതിമയ്ക്കു മുൻപിലായി പുലർച്ചെ ആറരയോടെ വരുന്ന പത്രക്കെട്ടുകൾ എടുക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹർഷാദ് ഇതിനിടെയിൽ റോഡരികിൽ കാത്തുനിൽക്കുന്ന കൂട്ടാളിയുടെ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കുന്നിനിടെ പൊലിസ് എസ്കോർട്ടിൽ നിന്നും തടവുപുള്ളി രക്ഷപ്പെട്ട സംഭവത്തിൽ നേരത്തെ ആഭ്യന്തരവകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂർ ജയിൽ അധികൃതർക്കെതിരെ നടപടി സ്വീകരിക്കാത്തത് പിന്നിൽ ദുരൂഹതയുണർത്തുന്നത്. കണ്ണവം പൊലിസ് പിടികൂടിയ എം.ഡി. എം. എ കടത്ത് കേസിലെ പ്രതിയാണ് ഹർഷാദ്. വടകര നാർക്കോട്ടിക്ക് കോടതിയാണ് ഇയാളെ പത്തുവർഷത്തേക്ക് ശിക്ഷിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്