- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആ കാശു കിട്ടാതെ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
കൊച്ചി: പി.എഫ് ആനുകൂല്യം ലഭിക്കാൻ വർഷങ്ങളോളം ഓഫിസിൽ കയറി ഇറങ്ങിയ ശിവരാമന്റെ ജീവിതത്തിന് കണ്ണീർ പരിസമാപ്തി. രണ്ടുവർഷത്തിലധികം ഓഫീസിൽ കയറിയിറങ്ങിയിട്ടും രേഖകളെല്ലാം സമർപ്പിച്ചിട്ടും പിഎഫ് അധികൃതർ ശിവരാമന് മുന്നിൽ കണ്ണടച്ചതോടെ മനംനൊന്തായിരുന്നു ആത്മഹത്യ. അർബുദ ബാധിതനായി ചികിത്സ നടത്താൻ കഷ്ടപ്പെടുമ്പോഴും കിട്ടാനുള്ള പണത്തെ ഓർത്ത് വേദനയിലായിരുന്നു ശിവരാമൻ. തന്റെ അവസ്ഥ ബോധിപ്പിച്ചിട്ടും ഉദ്യോഗസ്ഥ വൃന്ദം മുഖം തിരിച്ചതോടെയാണ് ശിവരാമനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.
അഞ്ചുവർഷംമുമ്പാണ് പേരാമ്പ്ര അപ്പോളോ കമ്പനിയിലെ താത്കാലികജീവനക്കാരനായ ശിവരാമൻ വിരമിച്ചത്. 30 വർഷത്തോളം ജോലിചെയ്തെങ്കിലും അവസാനത്തെ കുറച്ചുവർഷത്തെ സർവീസ് കാലയളവിൽമാത്രമേ പി.എഫ്. ആനുകൂല്യത്തിന് അർഹതയുണ്ടായിരുന്നുള്ളൂ. ആകെ 80,000 രൂപയാണ് കിട്ടാനുണ്ടായിരുന്നത്. കഴിഞ്ഞ ദിവസവും കലൂരിലെ പി.എഫ് ഓഫിസിലെത്തിയെങ്കിലും പണം ലഭിക്കില്ലെന്ന് മനസ്സിലായതോടെ വിഷം കഴിച്ച് ആത്മഹത്യയിൽ അഭയംപ്രാപിക്കുക ആയിരുന്നു. ചാലക്കുടി പേരാമ്പ്ര പണിക്കവളപ്പിൽ വീട്ടിൽ പി.കെ. ശിവരാമനാ (68) ണ് പണം ലഭിക്കാത്തതിൽ നിരാശനായി മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹം പി.എഫ്. ഓഫീസിലെത്തിയത്. പണം ലഭിക്കില്ലെന്ന് മനസ്സിലായതോടെ ഓഫീസിന്റെ താഴത്തെനിലയിലെ ശൗചാലയത്തിൽ കൈയിൽ കരുതിയ വിഷം കഴിക്കുകയായിരുന്നു. ഓഫീസ് ജീവനക്കാർ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു മരണം.
പേരാമ്പ്ര അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായിരുന്നു ഇദ്ദേഹം. അഞ്ചുവർഷം മുമ്പ് ജോലിയിൽനിന്ന് വിരമിച്ചു. തുടർന്ന് പി.എഫിനുള്ള നടപടികൾ തുടങ്ങി. അർബുദം പിടിപെട്ട് മൂന്നുവർഷത്തോളം ചികിത്സയിലായിരുന്നു. രോഗം അല്പം ശമിച്ചപ്പോഴാണ് പി.എഫ്. തുക ലഭിക്കാനായി ശ്രമം തുടങ്ങിയത്.
അപേക്ഷ നൽകിയെങ്കിലും പേരിലെ ഇനീഷ്യലിലെ വ്യത്യാസവും പി.എഫ്. രേഖയിലെയും ആധാർകാർഡിലെയും വ്യത്യസ്ത ജനനത്തീയതി തിരുത്താനും പി.എഫ്. അധികൃതർ ആവശ്യപ്പെട്ടതായി ശിവരാമന്റെ മക്കൾ പറഞ്ഞു. തുടർന്ന് നോട്ടറിയിൽനിന്നുള്ള സത്യവാങ്മൂലവും ജോലിചെയ്ത സ്ഥാപനത്തിൽനിന്നുള്ള സത്യവാങ്മൂലവും സമർപ്പിച്ചു. പി.എഫ്. രേഖകളിൽ നൽകിയ ജനനത്തീയതിയും മാറ്റി സമർപ്പിച്ചതും തമ്മിൽ വ്യത്യാസമുണ്ടായിരുന്നതിനാൽ ഇവ തള്ളുകയായിരുന്നുവെന്നും ശിവരാമന്റെ മക്കൾ പറഞ്ഞു. പി.എഫ്. ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു.
സംഭവത്തിൽ നോർത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണത്തിന് ഉത്തരവാദികൾ പി.എഫ്. അധികൃതരാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ശിവരാമന്റെ ഷർട്ടിന്റെ പോക്കറ്റിൽനിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു. ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരും കത്തിലുള്ളതായാണ് വിവരം.
2019-ൽ അപേക്ഷ മടക്കിയശേഷം ശിവരാമനെ ഓഫീസിൽ കണ്ടിട്ടില്ലെന്നാണ് പി.എഫ്. അധികൃതർ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി.ശിവരാമന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഓമനയാണ് ഭാര്യ. മക്കൾ: രതീഷ് (അപ്പോളോ, പേരാമ്പ്ര), പ്രദീഷ്. മരുമക്കൾ: രശ്മി, രമ്യ.
അന്വേഷണം നടക്കുന്നു -പി.എഫ്. അധികൃതർ
ശിവരാമന് പി.എഫ്. ലഭിക്കാതിരുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കാണുന്നില്ലെന്ന് റീജണൽ പി.എഫ്. കമ്മിഷണർ രോഹിത്ത് ശ്രീകുമാർ പറഞ്ഞു. ആഭ്യന്തര അന്വേഷണം നടന്നുവരികയാണ്. 2019-ൽ ശിവരാമൻ പി.എഫ്. ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ജനനത്തീയതി തിരുത്തൽ ഉണ്ടായിരുന്നതിനാൽ അതിനുള്ള രേഖകൾ ആവശ്യപ്പെട്ടിരുന്നു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)
ശിവരാമന്റെ മരണം പ്രതിഷേധം ശക്തം
കൊച്ചി: പി.എഫ്. നിഷേധത്തെ തുടർന്ന് പേരാമ്പ്ര സ്വദേശി ശിവരാമൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പി.എഫ്. ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ടി.ജെ. വിനോദ് എംഎൽഎ.യുടെ നേതൃത്വത്തിൽ കലൂരിലെ പി.എഫ്. ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിലേക്ക് തള്ളിക്കയറിയ എംഎൽഎ.യെയും പ്രവർത്തകരെയും പൊലീസ് തടഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്ന് പി.എഫ്. കമ്മിഷണർ ഉറപ്പ് നൽകിയതായി എംഎൽഎ. അറിയിച്ചു.
തിങ്കളാഴ്ച പി.എഫ്. ഓഫീസ് മാർച്ച്
കൊച്ചി: അപ്പോളോ ടയേഴ്സിൽനിന്നു വിരമിച്ച പേരാമ്പ്ര സ്വദേശി ശിവരാമൻ ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യങ്ങൾ എറണാകുളം പി.എഫ്. ഓഫീസിലെ ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഓൾ ഇന്ത്യ ഇ.പി.എഫ്. മെംേബഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറം ആവശ്യപ്പെട്ടു. 60 വർഷം മുൻപ് പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിൽ നിന്നു രേഖകൾ കിട്ടാൻ കഴിയാതിരുന്നപ്പോഴാണ് അപ്പോളോ ടയേഴ്സ് കമ്പനി അധികൃതർ സ്വയം സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ് നൽകിയത്. ഇപ്പോൾ ജനന സർട്ടിഫിക്കറ്റ് സംബന്ധിച്ച പോരായ്മ വിവരിക്കുന്ന പി.എഫ്. കമ്മിഷണറുടെ പ്രതികരണം പ്രതിഷേധാർഹമാണ്. സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ബേബി, ഡോ. വി. ജയചന്ദ്രൻ, കെ.എ. റഹ്മാൻ, വിജിലൻ ജോൺ, കിഷോർ, അബ്ദുൾ റഷീദ്, ജോർജ് തോമസ്, എസ്. ജയമോഹൻ, എസ്. ജയകുമാർ, സുരേഷ് ബാബു, എസ്. ജലാലുദീൻ എന്നിവർ പ്രസംഗിച്ചു. ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 10-ന് കലൂർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.