- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അന്വേഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി
കൊച്ചി: എക്സാലോജിക് - സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്ഐഡിസി നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരാമർശം. അന്വേഷണത്തിൽ ആശങ്ക എന്തിനാണെന്നും നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും കോടതി കെഎസ്ഐഡിസിയോട് ചോദിച്ചു.
അന്വേഷണം പേരിനു കളങ്കം വരുത്തുന്നതായി കെസ്ഐഡിസി കോടതിയെ അറിയിച്ചു. സിഎംആർഎലിനെതിരായ അന്വേഷണത്തിൽ എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ എക്സാലോജിക് കരാറിൽ സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്ഐഡിസിയോട് കോടതി ആവശ്യപ്പെട്ടു. ഇതിനു സമയം വേണമെന്ന് കെഎസ്ഐഡിസി പറഞ്ഞതിനാൽ ഹർജി ഈ മാസം 26ലേക്കു മാറ്റി.
മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു. രേഖകളിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും പറഞ്ഞു. അതേ സമയം അന്വേഷണത്തെ എതിർത്ത കെഎസ്ഐഡിസി നിലപാടിനെ കോടതി വിമർശിക്കുകയായിരുന്നു. തുടർന്ന് എക്സാലോജിക് കരാറിൽ സിഎംആർഎല്ലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്ഐഡിസിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്നായിരുന്നു കെഎസ്ഐഡിസിയോട് ഹൈക്കോടതിയുടെ ചോദ്യം.
വിശ്വാസ്യതയെ സമൻസ് ബാധിക്കുമെന്ന് വ്യക്തമാക്കിയ കെഎസ്ഐഡിസി തങ്ങൾക്ക് പണമൊന്നും കിട്ടിയിട്ടില്ലെന്നും വിശദമാക്കി. കെഎസ്ഐഡിസിയുടെയും ഷോൺ ജോർജിന്റെയും ഹർജികളിലാണ് കോടതി ഇന്ന് വാദം കേട്ടത്. സിഎംആർഎല്ലിനോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും കെഎസ്ഐഡിസി കോടതിയിൽ വെളിപ്പെടുത്തി. അതേ സമയം ചോദിച്ച വിശദീകരണം കാണിക്കാനും കോടതി ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു കെഎസ്ഐഡിസിയുടെ മറുപടി. ഹർജി നിലനിൽക്കുമ്പോൾ അറസ്റ്റുണ്ടാവില്ലെന്നും കോടതി പറഞ്ഞു. കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് കോടതി വാക്കാൽ പരാമർശിക്കുകയും ചെയ്തു. തുടർന്ന് കേസ് ഈാ മാസം 26 ലേക്ക് മാറ്റിവെക്കുകയായിരുന്നു.
ജനുവരി 31നാണ് എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്ന സിഎംആർഎൽ തെറ്റാണെന്നു വെളിപ്പെട്ടതോടെയാണ് ഈ ഇടപാടിൽ കോർപറേറ്റ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.
വകുപ്പ് 210 എടുത്ത കേസിൽ ഈ മാസം 8, 9 തീയതികളിൽ അന്വേഷണത്തിന് എത്തുമെന്ന് കെഎസ്ഐഡിസിയെ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം എസ്എഫ്ഐഒയ്ക്കു വിടുന്നതിന്റെ ഭാഗമായി വകുപ്പ് 212 അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെ എസ്എഫ്ഐഒ കഴിഞ്ഞ ദിവസം സിഎംആർഎലിലും കെഎസ്ഐഡിസിയിലും പരിശോധന നടത്തി. മൂന്നര മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ കെഎസ്ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ്വെയർ എസ്എഫ്ഐഒ സംഘം ശേഖരിച്ചിരുന്നു.