- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നാടോടി കുടുംബമെങ്കിലും അവർ സമ്പന്നരോ?
തിരുവനന്തപുരം: ചാക്കയിലെ കുട്ടിയുടെ കാണാതകലുമായി ബന്ധപ്പെട്ട് നാടോടി കുടുംബത്തിന്റെ പശ്ചാത്തലവും പൊലീസ് പരിശോധനയിൽ. നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണ് കുട്ടിയുടെ മാതാപിതാക്കളെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയെ കാണാതായ വിവരം ലഭിച്ചതിനു പിന്നാലെ കുട്ടിയുടെ അച്ഛൻ അമർദീപിന്റെ ബന്ധുക്കൾ ബെംഗളൂരുവിൽനിന്നു വിമാനമാർഗം തിരുവനന്തപുരത്തെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് നാടോടി കുടുംബത്തിലെ ബന്ധുക്കൾ എത്തിയത്. അമർദീപിന്റെ അമ്മ ഗജനി, സഹോദരങ്ങളായ ഭാരതി, പുനീത്, ഗൗതം എന്നിവരുൾപ്പെടെയാണ് വിമാനത്തിൽ എത്തിയത്.
തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന അമർദീപും കുടുംബവും വർഷത്തിൽ രണ്ടു മാസമാണ് കേരളത്തിലെത്തുന്നത്. 15 വർഷത്തോളമായി കേരളത്തിൽ വന്നുപോകാറുള്ള ഇവർ രണ്ടാഴ്ച മുൻപാണ് തിരുവനന്തപുരത്തെത്തിയത്. തെലങ്കാന ബാസ്തി ദേവിനഗർ സ്വദേശികളാണെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. മേരിയെക്കൂടാതെ മൂന്ന് ആൺകുട്ടികൾകൂടി ഈ ദമ്പതിമാർക്കുണ്ട്. നാടോടി കുടുംബങ്ങളാണോ കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്ന സംശയം പൊലീസിനുണ്ട്. ഈ സാഹചര്യത്തിലാണ് കുടുംബത്തിന്റെ പശ്ചാത്തലവും പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
രണ്ടു വയസുകാരിയുടെ തിരോധാനത്തിൽ പ്രതിയുടേതെന്ന് കരുതുന്ന രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട് പൊലീസ്. സഹോദരന്റെ മൊഴിയിലാണ് ചിത്രം തയ്യാറാക്കിയത്. എന്നാൽ വ്യക്തതയില്ലാത്ത വിവരണവും പ്രായം കൃത്യമായി പറയാത്തതും കാരണം പൊലീസ് ചിത്രം പുറത്തു വിട്ടില്ല. കുട്ടിയെ കാണാതായ ഇന്നലേയും വളരെ അവ്യക്തമായിരുന്നു സഹോദരന്മാരുടെ മൊഴി. തിരോധാനത്തിൽ കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.
എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യും. കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അടക്കം ഊന്നൽ നൽകിയിട്ടുണ്ട്. ചികിത്സ തുടരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കുഞ്ഞിനെ സിഡബ്ല്യുസി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നത് അടക്കം വിശദമായ കൂടിയാലോനകൾ നടത്തുമെന്ന് അന്വേഷണസംഘവും വ്യക്തമാക്കി. അതിനിടെ കുട്ടിയ തിരിച്ചു കിട്ടിയാൽ ഉടൻ കേരളം വിടാനാണ് കുടുംബം ആലോചിക്കുന്നത്.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ ഉപേക്ഷിക്കാൻ എത്തിയത് ചാക്ക ഭാഗത്തുനിന്നാണെന്ന സൂചന നൽകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അറപ്പുര റസിഡൻസ് അസോസിയേഷൻ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്. കുട്ടിയേയും കൊണ്ട് ഒരു സ്ത്രീ റസിഡൻസ് അസോസിയേഷൻ ഓഫീസിന് സമീപത്തു കൂടി റെയിൽവേ ട്രാക്കിന്റെ ഭാഗത്തേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്.
പേട്ട ഓൾസെയിന്റ്സ് കോളജിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ തിങ്കളാഴ്ച രാത്രിയാണ് കണ്ടെത്തിയത്. ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പത്തൊന്പതു മണിക്കൂറിനുശേഷം കണ്ടെത്താനായത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്നും കുട്ടിയുടെ ആരോഗ്യം തൃപ്തികരമാണെന്നും പ്രതിയുടെ രേഖാ ചിത്രം ഉടൻ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചിരുന്നു.