- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വാഹനം ഇടിപ്പിച്ച കേസിൽ അറസ്റ്റിലായ 27 പേരിൽ 10 പേർ പ്രായപൂർത്തിയാകാത്തവർ
ഈരാറ്റുപേട്ട: പൂഞ്ഞാർ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസിൽ അറസ്റ്റിലായ 27 പേരിൽ പത്തു പേർ പ്രായപൂർത്തിയാകാത്തവർ. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരേ കോട്ടയം സൈബർ പൊലീസും കേസ് രജിസ്റ്റർചെയ്തു. വൈദികനെ ആക്രമിച്ചവർക്കെതിരേ പ്രതിഷേധമുയർത്തിയ, കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരേയും ഈരാറ്റുപേട്ട പൊലീസ് കേസ് എടുത്തു.
വാഹനം ഇടിപ്പിച്ച കേസിൽ അറസ്റ്റിലായ 27 പേരിൽ 10 പേർ പ്രായപൂർത്തിയാകാത്തവരാണ്. അറസ്റ്റിലായവരുടെ പേരുകൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മതവിദ്വേഷം പടർത്താൻ ചിലർ ശ്രമിക്കുമെന്ന ഭീതി സജീവമാണ്. അതുകൊണ്ട് തന്നെ എല്ലാ കരുതലും പൊലീസ് എടുക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുപ്രകാരം കോട്ടയം സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷപരമായ തരത്തിൽ പോസ്റ്റുകളും, കമന്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഈരാറ്റുപേട്ട സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്ന പരാതിയിലാണ് പ്രതിഷേധക്കാർക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നത്.
അതിനിടെ പള്ളി മൈതാനത്ത് യുവാക്കൾ നടത്തിയ നിയമവിരുദ്ധ നടപടി അപലപനീയവും ഖേദകരമാണെന്നും നഗരസഭയിൽ കൂടിയ സർവകക്ഷി യോഗം അഭിപ്രായപ്പെട്ടു. ഈ സംഭവവുമായി ഈരാറ്റുപേട്ടയിലെ ഒരു സംഘടനയ്ക്കും രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമില്ലെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രാഷ്ട്രീയ മുതലെടുപ്പും മതവൈരം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ ജനങ്ങൾ കരുതിയിരിക്കണമെന്നും യോഗം മുന്നറിയിപ്പ് നൽകി. നഗരസഭാധ്യക്ഷ സുഹറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ മുഹമ്മദ് ഇല്യാസ്, അരുവിത്തുറ സെയ്ന്റ് ജോർജ് ഫൊറോന പള്ളി വികാരി സെബാസ്റ്റ്യൻ വെട്ടിക്കൽ, നൈനാർ പള്ളി ഇമാം അഷറഫ് മൗലവി, പി.ഇ. മുഹമ്മദ് സക്കീർ, അഫ്സറുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
അതിനിടെ വിവിധ ഭക്തജന സംഘടനകളും പൊതുപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളിയാഴ്ച സംഭവത്തിനുശേഷം വൈകീട്ട് പള്ളിയിൽ കൂട്ടമണി അടിച്ചതോടെ വിശ്വാസികൾ പള്ളിയിലെത്തി. തുടർന്ന് വൈദികരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. ചികിത്സയിൽ കഴിയുന്ന പൂഞ്ഞാർ സെയ്ന്റ് മേരീസ് ഇടവക സഹവികാരി ഫാ.ജോസഫ് ആറ്റുചാലിനെ ആശുപത്രിയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. സന്ദർശിച്ചു.
ഈ അക്രമവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. അറിയിച്ചു.