- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വെറ്ററിനറി വിദ്യാർത്ഥിയുടെ മരണം; ക്രൂരമർദനം ഏറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരിക്കും മുൻപ് വിദ്യാർത്ഥിക്ക് ക്രൂരമർദനം ഏറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സർവ്വകലാശാലയിലെ രണ്ടാം വർഷ ബിവി എസ്സി വിദ്യാർത്ഥി തിരുവനന്തപുരം നെടുമങ്ങാട് കുറക്കോട് പവിത്രം വീട്ടിൽ ജെ.എസ്.സിദ്ധാർഥ്് (20) ആണ് മരിച്ചത്. സിദ്ധാർത്ഥിന്റെ ശരീരത്തിൽ 23 ദിവസം പഴക്കമുള്ള ഒട്ടേറെ മുറിവുകളുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
തലയ്ക്കും താടിയെല്ലിനും മുതുകിലും ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. കനമുള്ള വസ്തുക്കൾ ഉപയോഗിച്ച് സിദ്ധാർത്ഥിനെ മർദിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ കുരുക്ക് മുറുകിയ ഭാഗത്തു കണ്ടെത്തിയ മുറിവിൽ അസ്വാഭാവികതയുണ്ടെന്നും, തൂങ്ങിയതാണു മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൽപറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കോളജിലെത്തിയ പൊലീസ് സംഘം മൂന്നു വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. ദിവസങ്ങൾക്ക് മുൻപ്കോളേജിലുണ്ടായ സംഘർഷമാണ് സിദ്ധാർത്ഥിന്റെ മരണം വരെ എത്തിയത്.
സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അന്വേഷണച്ചുമതലയുള്ള കൽപറ്റ ഡിവൈഎസ്പി ടി.എൻ.സജീവ് അറിയിച്ചു. സിദ്ധാർഥിന്റെ സഹപാഠികളും സീനിയർ വിദ്യാർത്ഥികളും അടക്കം 12 പേരെ സംഭവവുമായി ബന്ധപ്പെട്ടു കോളജിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ 18ന് ഉച്ചയ്ക്ക് ഒന്നരയോടെയാണു സിദ്ധാർഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം സിദ്ധാർഥിന്റെ നെടുമങ്ങാട്ടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ14ന് വാലന്റൈൻസ് ഡേ പരിപാടിക്കിടെയുണ്ടായ സംഭവത്തിന്റെ പേരിൽ സിദ്ധാർഥിനെ ഒരു സംഘം വിദ്യാർത്ഥികൾ മർദിച്ചതായും പരസ്യവിചാരണ നടത്തിയതായും അതേത്തുടർന്നാണു മരണമെന്നും കുടുംബം ആരോപിച്ചിരുന്നു.
കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുൾപ്പെടെ 12 പേരാണു സസ്പെൻഷനിലായത്. കോളജ് ഡീൻ ഡോ.എം.കെ.നാരായണൻ ഞായറാഴ്ച സിദ്ധാർഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. ആന്റി റാഗിങ് സ്ക്വാഡിലെ യുജിസി അംഗങ്ങൾ ഇന്നലെ ക്യാംപസിലെത്തി അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്.