മുംബൈ: മുംബൈ വിമാനത്താവളത്തിൽ വീൽചെയർ ലഭിക്കാതെ വിമാനത്തിൽ നിന്നും എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കവേ യാത്രക്കാരനായ എൺപതുകാരൻ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് പിഴ വിധിച്ച് ഡി ജി സി എ. എയർഇന്ത്യ 30 ലക്ഷം രൂപ പിഴയൊടുക്കണം. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫെബ്രുവരി 16നാണ് സംഭവം നടന്നത്.

അതിവേഗത്തിൽ ഡി ജി സി എ നടപടി സ്വീകരിക്കുകയായിരുന്നു. ഏഴു ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. യാത്രക്കാരന്റെ ഭാര്യക്ക് വീൽചെയർ നൽകിയിട്ടുണ്ടെന്നും മറ്റൊന്ന് ലഭ്യമാകുന്നതുവരെ കാത്തിരിക്കാൻ ജീവനക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും എയർലൈൻ അറിയിച്ചു.

എന്നാൽ അദ്ദേഹം ഭാര്യയോടൊപ്പം ടെർമിനലിലേക്ക് നടക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർലൈൻ പ്രതികരിച്ചു. എന്നാൽ എയർ ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചെന്ന് വിലയിരുത്തിയ ഡി ജി സി എ 30 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.

ന്യൂയോർക്കിൽ നിന്നും മുംബൈയിലെത്തിയ യാത്രക്കാരനാണ് മരിച്ചത്. വിമാന കമ്പനിയോട് വീൽ ചെയർ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. തുടർന്ന് ഭാര്യയോടൊപ്പം വിമാനത്തിൽ നിന്നും എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കവേ യാത്രക്കാരൻ കുഴഞ്ഞു വീഴുകയായിരുന്നു. ഏകദേശം 1.5 കിലോമീറ്റർ ദൂരമാണ് ഇവർക്ക് എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കേണ്ടി വന്നത്.

ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനായ 80കാരനാണ് മരിച്ചത്. ഞായറാഴ്ച ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ 116 വിമാനത്തിലാണ് ഇവർ എത്തിയത്. 32 പേരാണ് വിമാനത്തിൽ വീൽ ചെയർ ആവശ്യപ്പെട്ടിരുന്നതെന്നും 15 വീൽ ചെയറാണ് ലഭ്യമായിരുന്നതെന്നുമാണ് എയർ ഇന്ത്യ സംഭവത്ത കുറിച്ച് പ്രതികരിച്ചത്. യാത്രക്കാരന് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ വൈദ്യ സഹായം ഉറപ്പാക്കിയിരുന്നുവെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.

യാത്രക്കാർക്ക് ലഭ്യമാക്കേണ്ട വിൽ ചെയർ അടക്കമുള്ള സൗകര്യങ്ങളിൽ വിമാന കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡി ജി സി എ 30 ലക്ഷം പിഴയയിട്ടത്. നേരത്തെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിരുന്നു.

എയർ ഇന്ത്യ നൽകിയ വിശദീകരണത്തിൽനിന്ന് വിമാനക്കമ്പനിയുടെ നടപടി 1937ലെ എയർക്രാഫ്റ്റ് നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്നു കണ്ടെത്തിയ ഡിജിസിഎ വിമാനക്കമ്പനിക്കു പിഴ വിധിക്കുകയായിരുന്നു. ഭിന്നശേഷിക്കാരായവർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും വീൽചെയർ സൗകര്യം ഏർപ്പെടുത്തേണ്ടതു വിമാനക്കമ്പനിയാണ്.

ഭിന്നശേഷിക്കാരോ നടക്കാൻ പ്രയാസമുള്ളവരോ ആയ യാത്രക്കാർക്കാർക്ക് നൽകേണ്ട സൗകര്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ എയർ ഇന്ത്യ കൃത്യമായി പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തി ഡി.ജി.സി.എ പിഴ ചുമത്തുകയായിരുന്നു. ഇതോടൊപ്പം, സഹായം വേണ്ട യാത്രകാർക്ക് ആവശ്യമായത്രയും വീൽചെയറുകൾ ഉറപ്പുവരുത്തണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും ഡി.ജി.സി.എ നിർദ്ദേശം നൽകിയിട്ടുണ്ട്.