തിരുവനന്തപുരം: ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദ്ദനത്തിനും ഇരയായ വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, യൂണിയൻ പ്രസിഡന്റ് അരുൺ എന്നിവരടക്കം പതിനൊന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ കേസിലെ ഒന്നാംപ്രതിയും വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയുമായ പാലക്കാട് സ്വദേശി അഖിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പാലക്കാട് വച്ച് പിടികൂടിയ അഖിലിൽ ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയവരിൽ ഒരാളാണ്. ഇതോടെ, കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ക്രിമിനിൽ ഗൂഢാലോചന ശരിവെക്കുന്ന തെളിവുകൾ പൊലീസ് ശേഖരിക്കുകയാണ്.

അതിനിടെ, വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ ബി.വി എസ്.സി. വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ മുഴുവൻപ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി.യും കെ.എസ്.യുവും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളായ എസ്.എഫ്.ഐ. പ്രവർത്തകരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിന് മുന്നിൽ ഇരുസംഘടനകളും സമരം നടത്തുന്നത്.

എ.ബി.വി.പി.യുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസസമരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെ.എസ്.യുവിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിനും വ്യാഴാഴ്ച വൈകിട്ട് തുടക്കമായി. വെള്ളിയാഴ്ച സർവകലാശാലയിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

ബി.വി എസ്.സി. രണ്ടാംവർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തിൽ കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നിരുന്നു.

മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെ പാടുകൾ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. ദേഹമാസകലം ബെൽറ്റ് കൊണ്ടടിച്ചതിന്റേയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ടതായും മൃതദേഹപരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അടക്കം 18 പേരെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, മരണം നടന്ന് ഇത്രയുംദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധവും ശക്തമാണ്. സിദ്ധാർഥനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.