ചേർത്തല: പുരുഷന്മാരെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടുന്ന ദമ്പതികളെ തിരഞ്ഞ് പൊലീസ്. ചേർത്തല കടക്കരപ്പള്ളി സ്വദേശി ജീമോനും ഭാര്യ രേഖയ്ക്കുമെതിരേ മാരാരിക്കുളം പൊലീസാണു കേസെടുത്തത്. ദമ്പതികൾ ചേർന്ന് കാശുള്ള കുടുംബത്തിലെ പുരുഷന്മാരെ കെണിയിൽ വീഴ്‌ത്തുകയും അവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടികയുമാണ് ചെയ്യുന്നത്.

ചേർത്തലയിലെ സർക്കാരുദ്യോഗസ്ഥയുടെ സഹോദരനു തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നു ഭീഷണിപ്പെടുത്തി അവരിൽനിന്നു 10 ലക്ഷം രൂപയും നാലുപവനും തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ ദമ്പതിമാർക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. പ്രതികൾ ഒളിവിലാണ്. പരാതിക്കാരിയായ സർക്കാർ ഉദ്യോഗസ്ഥയുടെ സഹോദരനുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് ഇവർ പണം തട്ടാൻ ശ്രമം നടത്തിയത്.

സംഭവം ഇങ്ങനെ: മകനു ഗൾഫിൽ ജോലിതരപ്പെടുത്തിക്കൊടുക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ സഹോദരനെ രേഖ പരിചയപ്പെട്ടു. പിന്നാലെ ഇവർ തമ്മിൽ അവിഹിതബന്ധമുണ്ടെന്ന ആരോപണവുമായി രേഖയുടെ ഭർത്താവായ ജീമോൻ രംഗത്തുവന്നു. ഭീഷണിപ്പെടുത്തി പരാതിക്കാരിയുടെ സഹോദരനിൽനിന്ന് ബാങ്കുവഴി 55,000 രൂപയും നേരിട്ട് 30,000 രൂപയും വാങ്ങി.

തുടർന്നാണ്, ഇതേ കാര്യമുന്നയിച്ച് ജീമോൻ പരാതിക്കാരിയെ സമീപിച്ചത്. 10 ലക്ഷം രൂപയും നാലുപവനും ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആരോപണം തട്ടിപ്പാണെന്ന സംശയം പരാതിക്കാരിക്കുണ്ടായി. തുടർന്നാണു പൊലീസിൽ പരാതി നൽകിയത്.

2018-ൽ ചേർത്തല മരുത്തോർവട്ടത്തു വാടകയ്ക്കു താമസിച്ചിരുന്ന അദ്ധ്യാപികയെ അവരുടെ ഭർത്താവിന്റെ അവിഹിതകഥ പറഞ്ഞു ഭീഷണിപ്പെടുത്തി ഇവർ മൂന്നുലക്ഷം രൂപ തട്ടിയിരുന്നു. ആ കേസ് നടന്നുകൊണ്ടിരിക്കേ, സമാനരീതിയിൽ മറ്റൊരാളെയും ചൂഷണം ചെയ്യാൻ ശ്രമിച്ചു. കൊട്ടാരക്കര സ്വദേശിയിൽനിന്നു 10 ലക്ഷം രൂപയാണു ജീമോനും രേഖയും തട്ടിയതെന്നു പൊലീസ് പറഞ്ഞു.

ചേർത്തലയിലെ സർക്കാർ ഉദ്യോഗസ്ഥയുടെ പരാതിയിൽ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഇത്തരത്തിൽ മരുത്തോർവട്ടത്തും കൊട്ടാരക്കരയിലും ദമ്പതിമാർ നടത്തിയ തട്ടിപ്പു പുറത്തുവന്നത്. രണ്ടിടത്തും ഭാര്യയെ മുന്നിൽനിർത്തിയായിരുന്നു ജീമോന്റെ തട്ടിപ്പ്. കൂടുതൽപ്പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നു വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ.