ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനം ആസൂത്രിതമെന്നും മംഗളൂരു സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ശിവകുമാർ ഇക്കാര്യം അറിയിച്ചത്. 2022 നവംബറിലാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകവേ മംഗളൂരുവിൽ കുക്കറിൽ ഐഇഡി സ്ഫോടനമുണ്ടായത്. ഇത് പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

"രാമേശ്വരം കഫേയിലെ സ്ഫോടനത്തിൽ കൃത്യമായ അന്വേഷണത്തിന് സർക്കാർ ബാധ്യസ്ഥരാണ്. ഇതിനായി പൊലീസിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. 2022ൽ മംഗളൂരുവിലുണ്ടായ സ്ഫോടനവുമായി ഈ സംഭവത്തിനു ബന്ധമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇരു സ്ഫോടനങ്ങൾക്കും ഉപയോഗിച്ച വസ്തുക്കളിലും സ്ഫോടനത്തിന്റെ രീതിയിലും സാമ്യമുണ്ട്. മംഗളൂരു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ ഇവിടെ എത്തിയിട്ടുണ്ട്. സ്‌ഫോടനത്തിൽ നഗരവാസികൾ ആകുലപ്പെടേണ്ടതില്ല. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് നടന്നത്. പ്രതിയുടെ ചിത്രം ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. അതിനാൽ പ്രതിയെ ഉടനെ പിടികൂടാനാകും. സ്ഫോടനം സെൻട്രൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. " ശിവകുമാർ പറഞ്ഞു.

രാമേശ്വരം കഫേ സ്‌ഫോടനത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് അറിയിച്ചു. മാധ്യമങ്ങൾ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് സിറ്റി പൊലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു. അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്‌ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്. പരിക്കേറ്റവരിൽ നാൽപ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്‌തെങ്കിലും കേൾവിശക്തി നഷ്ടമായേക്കും.

അതേ സമയം രാമേശ്വരം കഫേയിൽ തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര വിമർശിച്ച് രംഗത്തെത്തി.

പത്ത് പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56-നാണ് സ്‌ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും സ്‌ഫോടനത്തിൽ പരിക്കേറ്റു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ആണിയും നട്ടും ബോൾട്ടും കണ്ടെത്തിയതോടെ ഫൊറൻസിക്, ബോംബ് സ്‌ക്വാഡുകൾ എത്തി സ്ഥലത്ത് വിശദപരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഏതാണ്ട് 11.45 ഓടെ അജ്ഞാതനായ ഒരാൾ ഹോട്ടലിൽ ഒരു ബാഗ് കൊണ്ടുവന്ന് ഉപേക്ഷിച്ച് പോയ ദൃശ്യം ലഭിച്ചു. ഇതിന് ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് സ്‌ഫോടനമുണ്ടാകുന്നത്.