കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയെ ഹോസ്റ്റലിൽ എത്തിച്ച് പൊലീസിന്റെ തെളിവെടുപ്പ്. കേസിലെ മുഖ്യ പ്രതി സിൻജോ ജോൺസണുമായാണ് പൊലീസ് സിദ്ധാർത്ഥനെ ആക്രമിച്ച പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിലെത്തി തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിൽ സിദ്ധാർത്ഥനെ ആക്രമിച്ച ആയുധങ്ങൾ അന്വേഷണ സംഘം കണ്ടെത്തി.

ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പർ മുറിയിലും നടുത്തളത്തിലും ഉൾപ്പെടെയാണ് തെളിവെടുപ്പ് നടക്കുന്നത്. ഈ ഹോസ്റ്റൽ മുറിയിലും ഹോസ്റ്റലിന്റെ നടുത്തളത്തിലും വച്ചാണ് സിദ്ധാർത്ഥൻ തുടർച്ചയായ ക്രൂര മർദനത്തിനിരയായത്. തെളിവെടുപ്പിനിടെയാണ് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ മുഖ്യപ്രതിയാണ് കാണിച്ചുകൊടുത്തത്. സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയ സ്ഥലത്ത് സിൻജോയെ എത്തിച്ചു. മർദനത്തിന് ഉപയോഗിച്ച ഗ്ലൂഗൺ സിൻജോയുടെ സാന്നിധ്യത്തിലാണ് കണ്ടെത്തിയത്.

പൂക്കോട് വെറ്ററിനറി മെൻസ് ഹോസ്റ്റലിൽ നടന്ന ആൾക്കൂട്ട വിചാരണയിൽ സിദ്ധാർഥനെ ക്രൂരമായി മർദിച്ചതായാണു റിമാൻഡ് റിപ്പോർട്ടിലുള്ളത്. സിദ്ധാർഥനെതിരെ പെൺകുട്ടി നൽകിയ പരാതി ഒത്തുതീർപ്പാക്കാനാണ് എറണാകുളത്തുനിന്നും വിളിച്ചു വരുത്തിയത്. നിയമനടപടിയുമായി മുന്നോട്ടുപോയാൽ പൊലീസ് കേസാകുമെന്നു ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മർദിച്ചത്.

തുടർന്ന് ക്യാംപസിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി ബെൽറ്റ്, കേബിൾ എന്നിവ ഉപയോഗിച്ചു മർദിക്കുകയും തൊഴിക്കുകയും ചെയ്തു. മർദന സമയത്ത് അടിവസ്ത്രം മാത്രമാണു ധരിപ്പിച്ചത്. രാത്രി 9 മണി മുതൽ പുലർച്ചെ രണ്ട് മണി വരെ മർദനം തുടർന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 18 നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

വീട്ടിലേക്കു മടങ്ങിയ സിദ്ധാർഥനെ എറണാകുളത്ത് എത്തിയപ്പോൾ പ്രതിയായ രഹാന്റെ ഫോണിൽ നിന്ന് ഡാനിഷ് എന്ന വിദ്യാർത്ഥി വിളിക്കുകയും തിരികെ വരാൻ പറയുകയുമായിരുന്നു. സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവം ഒത്തുതീർപ്പാക്കാനെന്നു പറഞ്ഞാണു വിളിച്ചുവരുത്തിയത്. ഫെബ്രുവരി 15നു വീട്ടിലേക്ക് മടങ്ങിയ സിദ്ധാർഥനെ കോളജിലേക്കു തിരികെ വന്നില്ലെങ്കിൽ പൊലീസ് കേസാകുമെന്നും ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചത്.

ഇതുപ്രകാരം ഫെബ്രുവരി 16നു രാവിലെ സിദ്ധാർഥൻ തിരികെ കോളജിലെത്തി. എന്നാൽ ഹോസ്റ്റലിൽനിന്ന് എങ്ങോട്ടും പോകാൻ അനുവദിക്കാതെ പ്രതികൾ സിദ്ധാർഥനെ തടവിൽ വെച്ചു. അന്ന് രാത്രി 9 മണി മുതലാണ് മർദനം ആരംഭിച്ചത്. ക്യാംപസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് സിദ്ധാർഥനെ പ്രതികൾ ക്രൂരമായി മർദിച്ചു. തുടർന്ന് ഹോസ്റ്റലിൽ തിരികെയെത്തിച്ചു. 21ാം നമ്പർ മുറിയിൽ വച്ച് മർദനം തുടർന്നു.

പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധരിപ്പിച്ച് പ്രതികൾ ബെൽറ്റ്, കേബിൾ വയർ എന്നിവ ഉപയോഗിച്ച് മർദിച്ചു. 17 ന് പുലർച്ചെ രണ്ടുമണി വരെ മർദനം തുടർന്നു. മരണമല്ലാതെ മറ്റൊരു സാഹചര്യവുമില്ലാത്ത നിലയിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചു. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഹോസ്റ്റലിൽ 'അലിഖിത നിയമം' എന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ കോളേജിലേക്ക് മടങ്ങുകയായിരുന്നു. രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാർത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാർത്ഥനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചുവെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്.

പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ വിശദീകരിച്ചാണ് റിമാന്റ് റിപ്പോർട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് മുൻപ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാർത്ഥനെ മർദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികൾ സിദ്ധാർത്ഥനെ എത്തിച്ചുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.