അടൂർ: സിപിഎം നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് ഭരിക്കുന്ന അടൂർ പഴകുളം പി.ടി 64 നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ ആസ്ഥാനത്തും രണ്ടു ശാഖകളിലുമായി നടന്നത് വ്യാപക ക്രമക്കേടുകളെന്ന് സഹകരണ നിയമം 65-ാം വകുപ്പ് പ്രകാരം നടന്ന അന്വേഷണ റിപ്പോർട്ടിൽ പരാമർശം. രാഷ്ട്രീയ സമ്മർദം മൂലം ഏറെക്കാലം വെളിച്ചം കാണാതിരുന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നു. എല്ലാത്തരം തട്ടിപ്പുകളും ബാങ്കിൽ നടന്നത് അക്കമിട്ടു നിരത്തുന്നതാണ് അടൂർ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ യൂണിറ്റ് ഇൻസ്പെക്ടർ ബി. സിനു സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട്.

അക്കൗണ്ട് ഉടമകൾ അറിയാതെയുള്ള ഓവർ ഡ്രോവൽ, സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള വായ്പ, ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത ലക്ഷക്കണക്കിന് രൂപയുടെ വായ്പ തിരിച്ചടയ്ക്കാതിരിക്കുക എന്നിങ്ങനെ പല തരത്തിലുള്ള ക്രമക്കേടുകളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. ബാങ്കിന്റെ ആസ്ഥാന ഓഫീസിലും മിത്രപുരം, അടൂർ ഹൈസ്‌കൂൾ ജങ്ഷൻ എന്നീ ശാഖകളിലും വ്യാപകമായ തട്ടിപ്പ് നടന്നു. കോടികളുടെ ബാധ്യതയാണ് ബാങ്കിന് ഉണ്ടായിരിക്കുന്നത്. 2016 ഏപ്രിൽ ഒന്നു മുതൽ 2020 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ കണക്കുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ലഭ്യമായ രേഖകൾ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.

ജീവനക്കാരും ഭരണ സമിതി അംഗങ്ങളും തങ്ങളുടെ ബന്ധുക്കളുടെ പേരിൽ എടുത്തിട്ടുള്ള വായ്പകളൊന്നും തന്നെ തിരിച്ചടച്ചിട്ടില്ല. മിത്രപുരം ശാഖയിലെ ജീവനക്കാരനും സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പിന്നീട് പിരിച്ചു വിടുകയും ചെയ്ത ഗിരീഷ് കൃഷ്ണൻ, ഹൈസ്‌കൂൾ ജങ്ഷൻ ശാഖയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മാനേജർ എസ്. ഷീല, പ്യൂൺ മുകേഷ് ഗോപിനാഥ്, സെക്രട്ടറി ഇൻ ചാർജ് കെ. പ്രസന്നകുമാർ എന്നിവർ ബന്ധുക്കളുടെ പേരിൽ ചിട്ടി, വായ്പ ഇനത്തിൽ വൻ തുകകൾ കൈപ്പറ്റിയിട്ടുണ്ട്. ഇതൊന്നും യഥാസമയം തിരിച്ചടച്ചിട്ടില്ല. ഹൈസ്‌കൂൾ ജങ്ഷൻ ശാഖാ മാനേജർ ആയിരുന്ന എസ്. ഷീലയുടെ ഭർത്താവ് ജയകുമാറിന്റെ പേരിൽ ചിട്ടി, വിവിധ വായ്പ എന്നിവയുടെ ബാധ്യത 10,8100 രൂപയാണ്. ഹൈസ്‌കൂൾ ജങ്ഷൻ ശാഖയിലെ പ്യൂൺ മുകേഷ് ഗോപിനാഥ് മാതാവ് രാധമ്മ, സുഹൃത്തും ബന്ധുവുമായ രഞ്ജിത്ത്, മുകേഷിന്റെ ഭാര്യ ചിപ്പി മോഹൻ, ഭാര്യാ മാതാവ് ഗീതാ മോഹൻ, ജ്യേഷ്ഠഭാര്യ ആശ ഉമേഷ് എന്നിവരുടെ പേരിൽ ചിട്ടി, വിവിധ തരം വായ്പ എന്നിവയിലൂടെ ഉണ്ടാക്കിയിരിക്കുന്ന ബാധ്യത ലക്ഷങ്ങളാണ്. രാധമ്മ-14,30,782, രഞ്ജിത്ത് 12,44,965, ചിപ്പി മോഹൻ 65,000, ആശാ ഉമേഷ് 87,000 ഗീതാമോഹൻ 2,92,500 എന്നിങ്ങനെയാണ് ബാധ്യത. ആകെ 32,20,747 രൂപ വരും.

മിത്രപുരം ശാഖയിൽ സീനിയർ ക്ലാർക്കായി സേവനം അനുഷ്ഠിച്ചിരുന്ന ഗിരീഷ് കൃഷ്ണൻ മാതാവ് ഇന്ദിര ഗോപാലകൃഷ്ണൻ, പിതാവ് ഗോപാലകൃഷ്ണപിള്ള, ഭാര്യാ മാതാവ് ഷൈലജ എന്നിവരുടെ പേരിൽ വായ്പ എടുത്തും ചിട്ടി പിടിച്ചുമുണ്ടാക്കിയ ബാധ്യത 33,51,644 രൂപയുടേതാണ്. സെക്രട്ടറി ഇൻ ചാർജ് പ്രസന്നകുമാർ ഭാര്യ ജിനു പ്രസന്നൻ, മാതാവ് സരോജിനി, മകൻ കെ.പി.ഷൈൻ എന്നിവരുടെ പേരിൽ ഉണ്ടാക്കിയിട്ടുള്ള ആകെ ബാധ്യത 23,13,863 രൂപയാണ്. ഇങ്ങനെ ജീവനക്കാർക്ക് മാത്രം ബാങ്കിലുള്ള ബാധ്യത 98.67 ലക്ഷം രുപയുടേതാണ്. ഇതിലൊന്നും ക്രമപ്രകാരമുള്ള തിരിച്ചടവ് നടന്നിട്ടില്ലെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

അടൂർ ഹൈസ്‌കൂൾ ജങ്ഷൻ ശാഖയിൽ 55 സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളിലാണ് ക്രമക്കേട് നടന്നത്. നിക്ഷേപകരുടെ അറിവോ സമ്മതമോ കൂടാതെ ചെക്കും വൗച്ചറുകളും ചമച്ച് 36,57,552 രൂപ അപഹരിച്ചു. നിക്ഷേപകർ തങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് നൽകിയിട്ടുള്ള തുകകൾ ക്യാഷ്ബുക്കിൽ വരവ് വച്ച് സംഘം കണക്കുകളിൽ ഉൾപ്പെടുത്താതെ പാസ്ബുക്കിൽ മാത്രം പതിച്ചു നൽകി പിന്നീട് കമ്പ്യൂട്ടർ ലഡ്ജറുകളിൽ ക്ലോസിങ് ബാലൻസുകളിൽ തിരുത്തൽ വരുത്തി ഓപ്പണിങിൽ അപഹരിക്കപ്പെട്ട തുകകൾ ക്രമീകരിക്കുന്ന രീതിയിലാണ് ക്രമക്കേടുകൾ നടത്തിയിട്ടുള്ളത്. ഇതിൽ 13,72,109 രൂപ അപഹരിച്ച് സംഘം ഫണ്ട് നഷ്ടപ്പെടുത്തിയിട്ടുള്ളതായി പരിശോധനയിൽ ബോധ്യപ്പെട്ടു. ഇത്തരത്തിൽ ഹൈസ്‌കൂൾ ജങ്ഷനിൽ മാത്രം എസ്.ബി അക്കൗണ്ടുകളിൽ നിന്ന് ആകെ 50,29,661 രൂപയും ആയതിന്റെ പലിശ 12,40,639 രൂപയും ഉൾപ്പെടെ 62,70,300 രൂപയും ക്രമക്കേടിലൂടെ അപഹരിച്ചിട്ടുണ്ട്.

ഹൈസ്‌കൂൾ ശാഖയിലെ മാനേജരായിരുന്ന ഷീല എസ്.ബി അക്കൗണ്ടുകളിൽ നില നിൽക്കുന്ന തുകയേക്കാൾ അധികരിച്ച തുക പിൻവലിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായിരുന്നതായി മൊഴി നൽകി. അതു പോലെ തന്നെ കരാറുകാരുടെ ചെക്കുകൾ കളക്ഷന് വരുമ്പോൾ ചെക്ക് കളക്റ്റ് ചെയ്ത് വരുന്നതിന് മുൻപ് തന്നെ അവരുടെ എസ്.ബി അക്കൗണ്ടിലേക്ക് തുക നൽകിയിരുന്നു. തനിക്കൊപ്പം പ്യൂൺ തസ്തികയിൽ സേവനം അനുഷ്ഠിച്ചിരുന്ന മുകേഷ് ഗോപിനാഥ് കമ്പ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച് പല അക്കൗണ്ടുകളിലും കൃത്രിമ ഇടപാടുകൾ നടത്തിയിരുന്നതിനാൽ എസ്.ബി അക്കൗണ്ടിലെ ഓവർ ഡ്രോവൽ സംബന്ധിച്ച് തനിക്ക് മനസിലാക്കുവാൻ സാധിച്ചിരുന്നില്ലെന്നും ഷീലയുടെ മൊഴിയിലുണ്ട്. ഈ ക്രമവിരുദ്ധ ഇടപാടുകളെല്ലാം താൻ തന്നെ നടത്തിയതാണെന്ന് മുകേഷ് ഗോപിനാഥ് പൊലീസ് മുമ്പാകെ സമ്മതിച്ചിരുന്നു.

മിത്രപുരം ശാഖയിൽ സീനിയർ ക്ലാർക്കായിരുന്ന ഗീരീഷ് കൃഷ്ണനും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട്. നിക്ഷേപകൻ അറിയാതെ അക്കൗണ്ടിൽ നിന്ന് നിക്ഷേപം അധികരിച്ചുള്ള തുകകൾ പിൻവലിക്കുകയും സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 ന് മുൻപ് തിരികെ ഇതേ അക്കൗണ്ടിലേക്ക് അടച്ച് നിക്ഷേപം ക്രമീകരിക്കും. 2018-29 വർഷം ഗീരിഷ് കൃഷ്ണൻ 20,98,253 രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ഓഡിറ്റിൽ കണ്ടെത്തി. ഈ വിവരം അറിയാമായിരുന്ന ജൂനിയർ ക്ലാർക്ക് ധന്യ അക്കാര്യം വേണ്ടപ്പെട്ടവരെ അറിയിച്ചില്ല.

സ്ഥിരനിക്ഷേപത്തിൽ നിന്ന് നിക്ഷേപകർ അറിയാതെ വ്യാജരേഖ ചമച്ച് വായ്പ എടുത്തുവെന്നതാണ് മറ്റൊരു തട്ടിപ്പ്. ഹൈസ്‌കൂൾ ജങ്ഷൻ ശാഖയിൽ പ്യൂൺ മുകേഷ് ഗോപിനാഥ് ആണ് ഇങ്ങനെ തട്ടിപ്പ് നടത്തിയത്. തന്റെ ഒപ്പുകൾ വ്യാജമായി ഇട്ടാണ് മുകേഷ് ക്രമക്കേട് നടത്തിയതെന്ന് മാനേജർ ഷീല മൊഴി നൽകി. എന്നാൽ, മുതലും പലിശയും ഉൾപ്പെടെ 29,54,538 രൂപ മുകേഷും ഷീലയും തുല്യമായി അടയ്ക്കാൻ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈസ്‌കൂൾ ജങ്ഷൻ മാനേജർ ഷീല, പ്യൂൺ മുകേഷ് ഗോപിനാഥ് എന്നിവരെ പ്രതികളാക്കി അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പിന്റെ ഉത്തരവാദിത്തം മുഴുവൻ മുകേഷ് ഏറ്റെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.