കോഴിക്കോട്: കക്കയത്ത് ഇറങ്ങി കർഷകന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാമെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തരവിറക്കി. കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടികൂടാനും സാധിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാനുമാണ് ഉത്തരവിലുള്ളത്. ഫെൻസിങ്ങിന്റെ പ്രവർത്തനം അടുത്തദിവസം തന്നെ തുടങ്ങുമെന്നും സിസിഎഫ് ഉത്തരവിലുണ്ട്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാൻ പരമാവധി ശ്രമം നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കർഷകനെ കുത്തിയ കാട്ടുപോത്താണെന്ന് ഉറപ്പാക്കിയ ശേഷമാകണം നടപടിയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ ഇന്നലെ വൈകിട്ടോടെ മരിച്ചത്. കക്കയം സ്വദേശിയും കർഷകനുമായ പാലാട്ടിൽ എബ്രഹാമിനെ കൃഷിയിടത്തിൽ വച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എബ്രഹാമിന്റെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിരുന്നു.

കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തേ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിൽ ഒരാൾക്ക് ജോലി, 50-ലക്ഷം നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഇതിൽ പ്രധാന ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.

കൃഷിയിടത്തിൽ നിന്ന് തേങ്ങയെടുത്ത് വീട്ടിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച അബ്രഹാമിന് കാട്ടുപോത്തിന്റെ കുത്തേൽക്കുന്നത്. പതിവുപോലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു ഇദ്ദേഹം. പറമ്പിൽനിന്നു ലഭിച്ച കാർഷിക വിളകളെല്ലാം ചാക്കിലാക്കി മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കക്കയം പഞ്ചവടിക്ക് സമീപം ഓടിട്ട പഴയവീട്ടിലാണ് അബ്രഹാമിന്റെ കുടുംബം ഇപ്പോൾ താമസിക്കുന്നത്. മകൻ ജോബിഷിന് കൂലിപ്പണിയാണ്. ജോബിഷിന് ലൈഫ് പദ്ധിതിയിൽ ലഭിച്ച വീട് പൂർത്തിയായിട്ടില്ല. പണിതീരാത്ത വീട്ടിലാണ് താമസം. മറ്റൊരുമകൻ ജോമോനും കൂലിപ്പണിയാണ്.