- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒടുവിൽ ഷെയ്ഖ് ഷാജഹാനെ കസ്റ്റഡിയിലെടുത്ത് സിബിഐ
കൊൽക്കത്ത: സന്ദേശ്ഖാലി ലൈംഗിക അതിക്രമ കേസിലും ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതിയുമായ തൃണമുൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ഒടുവിൽ കസ്റ്റഡിയിലെടുത്ത് സിബിഐ. സംസ്ഥാന സിഐ.ഡി വിഭാഗവുമായുള്ള പോരിന് ശേഷമാണ് സിബിഐക്ക് ഷെയ്ഖിനെ ബുധനാഴ്ച വൈകീട്ട് 6.45ന് വിട്ടുകൊടുത്തത്.
ഇന്നു വൈകിട്ട് 4.15നുള്ളിൽ ഷാജഹാനെ സിബിഐക്ക് കൈമാൻ ബംഗാൾ പൊലീസിന് കൽക്കട്ട ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതോടെ ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ ബംഗാൾ പൊലീസ് നിർബന്ധിതരാകുകയായിരുന്നു. ഈ വിഷയത്തിൽ സിബിഐയും ബംഗാൾ പൊലീസും തമ്മിൽ രണ്ടു ദിവസമായി തുടരുന്ന പിടിവലിക്കും അവസാനമായി.
ഷെയ്ഖ് ഷാജഹാനെ സിബിഐ കസ്റ്റഡിയിൽ വിടണമെന്ന കൽക്കട്ട ഹൈക്കോടതിയുടെ നിർദ്ദേശം ഇന്നലെ ബംഗാൾ സർക്കാർ നിരസിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ ഷെയ്ഖ് ഷാജഹാന്റെ കസ്റ്റഡി വിവരങ്ങൾ സിബിഐക്കു കൈമാറാനായിരുന്നു കോടതി പൊലീസിന് നൽകിയ നിർദ്ദേശം. എന്നാൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ എത്തിയ സിബിഐ ഉദ്യോഗസ്ഥർക്കു വെറും കയ്യോടെ മടങ്ങേണ്ടിവന്നു.
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖലിയിലെ ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലാണു ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. നോർത്ത് 24 പർഗാനാസ് ജില്ലയിൽനിന്നാണു ഷെയ്ഖ് ഷാജഹാനെ ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഷാജഹാനെ പിന്നീട് പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
കൊൽക്കത്ത ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഷാജഹാനെ സിബിഐയ്ക്ക് കൈമാറണമെന്ന ആദ്യ നിർദ്ദേശം അവഗണിച്ചതിന് പശ്ചിമ ബംഗാൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കോടതിയലക്ഷ്യ നോട്ടീസ് നൽകിയായിരുന്നു കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശം. ബുധനാഴ്ച വൈകിട്ട് നാലരയോടെ പ്രതിയെ കൈമാറണമെന്ന് രണ്ടാമതും കോടതി നിർദ്ദേശിച്ചു.
സന്ദേശ്ഖാലി വിഷയത്തിൽ പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വലിയ രാഷ്ട്രീയ സ്വാധീനമുള്ളയാളാണ് പ്രതിയെന്നും ഷെയ്ഖ് ഷാജഹാനെ സിബിഐയ്ക്ക് കൈമാറിയേ തീരൂവെന്നും പൊലീസിനോട് കോടതി വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചതിനാൽ ഷെയ്ഖ് തങ്ങളുടെ കസ്റ്റഡിയിൽ തുടരുമെന്നായിരുന്നു സിഐ.ഡി സിബിഐയോട് ആദ്യം പ്രതികരിച്ചത്. തുടർന്നാണ് സിബിഐ ബുധനാഴ്ച വീണ്ടും ഹൈക്കോടതിയിലെത്തിയത്. കഴിഞ്ഞ ദിവസത്തെ ഉത്തരവ് ഉടൻ നടപ്പാക്കാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 4.15നകം ഷെയ്ഖിനെ സിബിഐക്ക് കൈമാറാനുള്ള അന്ത്യശാസനമായിരുന്നു നൽകിയത്.
അതിനിടെ, വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ കൊൽക്കത്ത ഹൈക്കോടതി ബുധനാഴ്ച ഇ.ഡിക്ക് അനുമതി നൽകി. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള വിലപ്പെട്ട സമയം സിബിഐക്ക് നഷ്ടപ്പെടുകയാണെന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ആരോപിച്ചരുന്നു. ജസ്റ്റിസുമാരായ ഹരീഷ് ടാണ്ഡൻ, ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി നൽകാൻ ഹരജിക്ക് അനുമതി നൽകിയത്.