മഞ്ചേശ്വരം: കഞ്ചാവ് കേസിൽ ജാമ്യത്തിൽ വിട്ടയച്ച യുവാവ് ആശുപത്രിയിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മീഞ്ച പതംഗളയിലെ മൊയ്തീൻ ആരിഫാണ് (22) തിങ്കളാഴ്ച മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. മൊയ്തീന്റെ മരണത്തിൽ ബന്ധു കുഞ്ചത്തൂർ കണ്വതീർത്ഥയിലെ അബ്ദുൾ റഷീദിനെയാണ് (28) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മർദനം കാരണമുള്ള ആന്തരികരക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മരണത്തിൽ ദുരൂഹതയാരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ റഷീദ് അറസ്റ്റിലായത്. കേസിൽ ഇനിയും പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഘം ചേർന്ന് മർദ്ദിച്ചതാണ് മൊയ്തീൻ ആരിഫിന്റെ മരണ കാരണം. കഞ്ചാവ് കടത്തിയതിന് ഞായറാഴ്ച രാത്രിയാണ് മൊയ്തീൻ ആരിഫ് അറസ്റ്റിലായത്. സ്റ്റേഷൻജാമ്യം ലഭിച്ച മൊയ്തീൻ ആരിഫിനെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് അബ്ദുൾ റഷീദാണ്.

വീട്ടിലെത്തിയ ആരിഫ് മൊയ്തീനെ ഛർദിയെത്തുടർന്ന് തിങ്കളാഴ്ച രാവിലെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടർന്ന് അവിടെ നിന്നും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പിറ്റേന്ന് മരണം സംഭവിച്ചു. സ്റ്റേഷനിൽനിന്നുള്ള മടക്കത്തിനിടെയാണ് മൊയ്തീൻ ആരിഫിനെ സംഘം ചേർന്ന് മർദിച്ചത്. കൊല്ലണമെന്നുള്ള ഉദ്ദേശ്യത്തോടെയല്ല തല്ലിയതെന്നും കഞ്ചാവ് ഉപയോഗം നിർത്താനുള്ള ഉപദേശത്തിനിടെ മൊയ്തീൻ അസഭ്യം പറഞ്ഞതാണ് തർക്കത്തിന് കാരണമായതെന്നുമാണ് അറസ്റ്റിലായ അബ്ദുൾ റഷീദ് പൊലീസിന് നൽകിയ മൊഴി. കേസിൽ ഏതാനുംപേർ നിരീക്ഷണത്തിലാണെന്ന് മഞ്ചേശ്വരം പൊലീസ് അറിയിച്ചു.