- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്ത്: മൂന്ന് മലയാളികളടക്കം പ്രതികൾ
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധ മേഖലയിലേക്ക് ഇന്ത്യയിൽ നിന്നും യുവാക്കളെ എത്തിച്ച മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് മലയാളികളടക്കം പത്തൊൻപത് പ്രതികൾ. തിരുവനന്തപുരം സ്വദേശികളാണ് മൂന്ന് പേരടക്കം ആകെ 19 പേരെയാണ് സിബിഐ പ്രതിചേർത്തത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിൽ ഇന്നലെ സിബിഐ പരിശോധന നടത്തിയിരുന്നു.
തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐയുടെ പ്രതിപ്പട്ടികയിൽ തിരുവനന്തപുരം സ്വദേശികളായ ടോമി, റോബോ, ജോബ് എന്നിവരാണ് പ്രതികൾ. തൊഴിൽ തട്ടിപ്പും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം രാജ്യത്തെ ഏഴു നഗരങ്ങളിൽ സിബിഐ റെയ്ഡ് നടത്തുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആകർഷകമായ തൊഴിൽ വാഗ്ദാനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നൽകി യുവാക്കളെ റിക്രൂട്ട് ചെയ്യുകയാണ് ചെയ്തിരുന്നത്.
റഷ്യയിലേക്കാണ് ജോലിക്കെന്ന പേരിൽ കൊണ്ടുപോകുന്നത്. അവിടെ വെച്ച് നിർബന്ധമായി ചില രേഖകളിൽ ഒപ്പിടുവിച്ച ശേഷം, റഷ്യൻ സൈന്യത്തിനൊപ്പം ചേർന്ന് യുക്രൈനെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിക്കുകയാണ് ചെയ്തിരുന്നതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇത്തരത്തിൽ ചതിക്കപ്പെട്ടതിന്റെ വീഡിയോ യുവാക്കൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 12 യുവാക്കൾ ഇത്തരത്തിൽ ചതിയിൽപ്പെട്ട് കുടുങ്ങിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ആറിന് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ നടത്തിയ റെയ്ഡിൽ 50 ലക്ഷത്തിലധികം രൂപയും നിരവധി രേഖകളും സിബിഐ പിടിച്ചെടുത്തിരുന്നു. ജോലിയുടെ പേരിൽ ആകർഷകമായ ശമ്പളം വാഗ്ദാനം നൽകി റഷ്യൻ യുദ്ധ മേഖലകളിലേക്ക് അടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
തിരുവനന്തപുരത്തിന് പുറമേ ഡൽഹി മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ ഉൾപ്പെടെ 13 ഇടങ്ങളിൽപരിശോധന നടന്നു.റെയ്ഡിൽ അൻപത് ലക്ഷം രൂപയും ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടികൂടിയിരുന്നു. വിവിധ വിസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കുമെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. റഷ്യൻ യുദ്ധമേഖലകളിലുൾപ്പെടെ യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണ് പരിശോധന. വിദേശത്തേക്ക് 35 ഓളം പേരെ അയച്ചതായാണ് കണ്ടെത്തൽ.
നിരവധി വീസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. മികച്ച ജോലി ലഭ്യമാകുമെന്നു വാഗ്ദാനം ചെയ്ത് റഷ്യ-യുക്രൈൻ യുദ്ധ മേഖലയിലേക്ക് യുവാക്കളെ അയച്ചെന്നതാണ് സ്ഥാപനങ്ങൾക്കെതിരെ ആരോപണം ഉയർന്നിട്ടുള്ളത്. റഷ്യയിൽ കുടുങ്ങി യുക്രൈന് എതിരെ യുദ്ധം ചെയ്യേണ്ടി വന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫാൻ (30) കൊല്ലപ്പെട്ടതായി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് വിവിധയിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തുന്നത്. റഷ്യൻ യുദ്ധ മേഖലയിൽ നിരവധി ഇന്ത്യക്കാർ കുടുങ്ങിയിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.