- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മോഷണക്കേസിലെ ചോദ്യം ചെയ്യൽ ഞെട്ടിക്കും ഇരട്ടക്കൊലയായി
കട്ടപ്പന: നവജാത ശിശുവിനെയടക്കം രണ്ടുപേരെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ഇരട്ടക്കൊലപാതകം നടന്നെന്ന സൂചന ലഭിച്ചതിനു പിന്നാലെ മോഷണക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ കട്ടപ്പന പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കേസിലെ മുഖ്യപ്രതിയായ നിതീഷുമായി കക്കാട്ടുകടയിലെ വീട്ടിലെത്തിച്ചാണ് പരിശോധന നടത്തുക. സുഹൃത്തായ വിഷ്ണുവിന്റെ പിതാവ് വിജയനെ 2023ൽ കൊലപ്പെടുത്തി ഇവിടെ കുഴിച്ച് മൂടിയെന്നാണ് നിതീഷ് മൊഴി നൽകിയത്. വീടിന്റെ തറ പൊളിച്ച് പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും ആർഡിഒയും സ്ഥലത്തെത്തും.
ആഭിചാര ക്രിയകൾക്കു നേതൃത്വം നൽകിയെന്നു കരുതുന്ന പുത്തൻ പുരയ്ക്കൽ നിതീഷി (രാജേഷ്-31) നെയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യംചെയ്തു. ചോദ്യംചെയ്യലിനുശേഷം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി. പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നതിനു പിന്നാലെ പ്രതി കോടതിയിൽ തലകറങ്ങി വീണിരുന്നു. പൊലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണു ചോദ്യംചെയ്യൽ ആരംഭിച്ചത്. കൂടുതൽ തെളിവ് ലഭിച്ചാൽ കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകും. സംഭവത്തിൽ മറ്റൊരു പ്രതിയായ വിഷ്ണു മോഷണത്തിനിടെ പരുക്കേറ്റതിനെത്തുടർന്ന് ചികിത്സയിലാണ്.
മോഷണക്കേസിലെ പ്രതികളായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ(29), സുഹൃത്തും ദുർമന്ത്രവാദിയുമായ പുത്തൻ പുരയ്ക്കൽ നിതീഷ് (രാജേഷ്-31)എന്നിവർ ചേർന്ന് നവജാത ശിശു ഉൾപ്പെടെ രണ്ടുപേരെ കൊന്ന് കുഴിച്ച് മൂടി. വിഷ്ണുവിന്റെ കാണാതായ പിതാവ് വിജയനും സഹോദരിയുടെകുഞ്ഞുമാണു കൊല്ലപ്പെട്ടത്. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതകമാണോ ഇതെന്നും പരിശോധിക്കും. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്തും പരിശോധന നടത്തിയേക്കും.
വിജയനെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് താനാണെന്ന് നിതീഷിന്റെ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിജയനെ കക്കാട്ടുകടയിൽ ഇവർ താമസിച്ചിരുന്ന വീട്ടിനുള്ളിൽ കുഴിച്ചിട്ടതായാണ് നിതീഷ് പറഞ്ഞത്. 2016ലാണ് നിതീഷ് അഞ്ചു ദിവസം മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത്. വിജയന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് മൊഴി. മുമ്പ് താമസിച്ചിരുന്ന സാഗര ജംഗ്ഷനിലുള്ള വീടിനു സമീപമാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. ഗന്ധർവന് നൽകാനെന്ന പേരിലാണ് അമ്മയുടെ പക്കൽ നിന്നും കുട്ടിയെ വാങ്ങിയത്. വിഷ്ണുവിനും കുടുംബത്തോടും ഒപ്പം താമസം ആരംഭിച്ചതിന് ശേഷം വിഷ്ണുവിന്റെ സഹോദരിയുമായി നിതീഷ് അടുപ്പത്തിലായിരുന്നു. വിവാഹത്തിനു മുമ്പ് കുഞ്ഞുണ്ടായതിനാലാണ് കൊലപ്പെടുത്തിതെന്നാണ് നിഗമനം.
എട്ടു മാസം മുൻപാണ് വിജയനെ കൊലപ്പെടുത്തി കക്കാട്ടുകടയിലെ വീട്ടിനുള്ളിൽ കുഴിച്ചു മൂടിയത്. അസുഖങ്ങൾ മൂലം വിജയൻ പണിക്ക് പോകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചുറ്റിക കൊണ്ടു തലക്കടിച്ചാണ് നിതീഷ് വിജയനെ കൊലപ്പെടുത്തിയത്. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞതാണ് ഇവർ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വീട്. എട്ടു മാസം മുൻപാണ് ഇവർ ഈ വീട് വാടകക്ക് എടുത്തത്. വീട്ടിലുണ്ടായിരുന്ന വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും പുറത്ത് കണ്ടിട്ടില്ലെന്ന് അയൽവാസികളും പറഞ്ഞു.
മോഷണശ്രമത്തിനിടെ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വിഷ്ണുവിനെ ആശുപത്രി വിട്ട ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്ന അന്വേഷണസംഘം അറിയിച്ചു. വിഷ്ണുവിന്റെ സുഹൃത്തും ദുർമന്ത്രവാദിയുമാണ് നിതീഷ്. ഈയിടെ കട്ടപ്പന നഗരത്തിൽ വർക്ക് ഷോപ്പിൽ ഇരുവരും ചേർന്ന് മോഷണം നടത്തുന്നതിനിടെ പിടിയിലായിരുന്നു. വർക്ഷോപ്പിൽ കയറിയ ഇവരെ വർക്ഷോപ്പുടമയുടെ മകൻ കമ്പിവടിക്ക് അടിച്ചുവീഴ്‌ത്തി. പിന്നീട് പൊലീസെത്തി പിടികൂടുകയായിരുന്നു. ഈ മോഷണ കേസിലെ ചോദ്യംചെയ്യലിനിടെയാണ് രണ്ട് മരണങ്ങളുടെയും വിവരം ചുരുളഴിഞ്ഞത്.
ആഭിചാര കർമ്മങ്ങളനുഷ്ടിക്കുന്ന ആളാണ് നിതീഷ് എന്നതിനാലാണ് ഇത് ബലിനൽകിയതാണോ എന്ന് പൊലീസ് സംശയിക്കുന്നത്. 2016ൽ സാഗര ജംഗ്ഷനിൽ വിഷ്ണു താമസിച്ചിരുന്ന വീട്ടിൽ വച്ചാണ് നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് സൂചന. പിന്നീട് ഈ വീട് വിറ്റ് കാഞ്ചിയാർ കക്കാട്ടുകടയിൽ വാടകവീടെടുത്ത് താമസിച്ചു. ഇവിടെവച്ച് ഏതാനും മാസങ്ങൾക്ക് മുൻപ് വിഷ്ണുവിന്റെ അച്ഛൻ വിജയനെ കൊലപ്പെടുത്തി തറകുഴിച്ച് മൃതദേഹം മൂടിയ ശേഷം ഇവിടെ കോൺക്രീറ്റ് ചെയ്തു എന്നാണ് പൊലീസിന് കിട്ടിയെന്നാണ് സൂചന.
വിഷ്ണുവിന്റെ അമ്മയും സഹോദരിയും പൊലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ചിയാറിലെ വാടകവീടിന്റെ ഉടമയെ വിളിച്ച് നടത്തിയ തിരച്ചിലിലും കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതായാണ് സൂചന.