കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിൽ വീടിന്റെ അടിത്തറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പൊലീസ്. കൊല്ലപ്പെട്ട വിജയന്റേതെന്നു കരുതുന്ന മൃതദേഹമാണ് ഇരുത്തിക്കുഴിച്ചിട്ട നിലയിൽ ഇന്നലെ കണ്ടെത്തിയത്. ശാസ്ത്രീയപരിശോധനകൾക്കുശേഷമേ ഇതു വിജയന്റേതാണെന്നു സ്ഥിരീകരിക്കാനാകൂ. ദുരഭിമാനവും വ്യക്തിവിരോധവും ആഭിചാരക്രിയകളും കൊലയിൽ ചർച്ചയാകുന്നുണ്ട്. ദുർമന്ത്രവാദത്തിനിടെയാണോ കൊലപാതകമെന്ന സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മോഷണക്കേസിൽ പിടിയിലായ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (29), സുഹൃത്തും ദുർമന്ത്രവാദിയുമായ കട്ടപ്പന പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവരുടെ വെളിപ്പെടുത്തലുകളും തുടർന്നു നടത്തിയ അന്വേഷണവുമാണ് നിർണ്ണായകമായത്. അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവാണ് കൊല്ലപ്പെട്ട വിജയൻ. കാഞ്ചിയാർ കക്കാട്ടുകടയിൽ പ്രതികൾ താമസിക്കുന്ന വീടിന്റെ അടിത്തറ പൊളിച്ചാണ് കട്ടപ്പന പൊലീസും ഫോറൻസിക് വിഭാഗവും ചേർന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്. കുത്തിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതാണ് കൊലയ്ക്കു പിന്നിൽ ആഭിചാരമോ മന്ത്രവാദമോ ഉണ്ടോ എന്ന സംശയം ശക്തമാക്കുന്നത്.

ഓഗസ്റ്റിലാണ് വിജയനെ കൊന്നതെന്നാണു സൂചന. നിതീഷിന് വിജയനോടുള്ള വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണം. നിതീഷ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഈ ചുറ്റികയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ വിഷ്ണുവിന്റെ അമ്മയും കൊല്ലപ്പെട്ട വിജയന്റെ ഭാര്യയുമായ സുമയെയും പ്രതിചേർത്തു. സുമയുടെ അറിവോടെയായിരുന്നു വിജയന്റെ കൊലപാതകം. വിഷ്ണുവിന്റെ സഹോദരിയിൽ നിതീഷിനുണ്ടായ നവജാത ശിശുവിനെയും കൊലപ്പെടുത്തിയിരുന്നു. നാണക്കേട് കാരണം 2016 ലായിരുന്നു ഈ സംഭവമെന്നാണ് പറയുന്നത്.

കഴിഞ്ഞ രണ്ടിന് കട്ടപ്പന നഗരത്തിലെ വർക്ക് ഷോപ്പിൽ വിഷ്ണുവും നിതീഷും ചേർന്ന് മോഷണത്തിനു ശ്രമിച്ചതാണ് ഇരട്ടക്കൊലപാതകവിവരം പുറത്താകാൻ വഴിവച്ചത്. ഇവർ പുലർച്ചെ വർക്ക്ഷോപ്പിനുള്ളിൽ കയറിയത് കണ്ട ഉടമയുടെ മകൻ ഇരുവരെയും കമ്പിവടിക്ക് അടിച്ചുവീഴ്‌ത്തി കട്ടപ്പന പൊലീസിന് കൈമാറി.
തുടർന്ന് വിഷ്ണുവിന്റെ വീട്ടിലെത്തിയ പൊലീസ് മന്ത്രവാദ ലക്ഷണങ്ങൾ കണ്ട് ദുരൂഹത തിരിച്ചറിഞ്ഞ് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് വസ്തുതകൾ പുറത്തു വന്നത്. ഈ വീട്ടിലെത്തിയപ്പോൾ അമ്മയേയും മകളേയും പൂട്ടിയിട്ടതും കണ്ടു. ഇതോടെ ഇവരെ പൊലീസ് ചോദ്യം ചെയ്തു. പൊട്ടിക്കരഞ്ഞു കൊണ്ട് എല്ലാം അവർ പൊലീസിനോട് തുറന്നു പറഞ്ഞു. ഇതോടെയാണ് ഇരട്ടകൊല തെളിഞ്ഞത്.

വിജയന്റെ ഭാര്യയെയും മകളെയും ചോദ്യം ചെയ്തപ്പോൾ കൊലപാതകം ഉറപ്പിച്ച പൊലീസ്, ശനിയാഴ്ച പ്രതി നിതീഷിനുവേണ്ടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. ഇന്നലെ 1.30 വരെ കോടതി കസ്റ്റഡി അനുവദിച്ചു. തുടർന്നു നടത്തിയ ചോദ്യംചെയ്യലിൽ നിതീഷ് ഇരട്ടക്കൊലപാതകം സമ്മതിച്ചു. കക്കാട്ട് കടയിലെ വീട്ടിലെത്തിയ പൊലീസ് ആദ്യം, വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു. തുടർന്ന്, വിജയനെ കുഴിച്ചിട്ട ഭാഗത്ത് സമാന്തരമായി കുഴിയെടുത്തു. ആറടി താഴ്‌ത്തിയപ്പോൾ പാന്റ്‌സും ഷർട്ടും ധരിച്ച് മൂന്നായി മടങ്ങിയനിലയിൽ മൃതദേഹം കണ്ടെത്തി. ഡോക്ടറുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. പരിശോധനയ്ക്കുശേഷം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.

വിജയനും മകനും തമ്മിൽ ജോലിയുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്ന് വിജയന്റെ കോളറിൽ പിടിച്ച് താഴെ വീഴ്‌ത്തി ചുറ്റികയ്ക്കു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കാർഡ്‌ബോർഡ് പെട്ടിയിലാക്കി. തുടർന്ന് നിതീഷും വിഷ്ണുവും ചേർന്ന് ഒന്നര ദിവസം കൊണ്ട് കുഴിയെടുത്ത് മൃതദേഹം പെട്ടിയോടെ കുഴിയിൽവച്ചു മൂടുകയായിരുന്നു. വിജയന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. 2015 മുതൽ നിതീഷ് വിജയന്റെ വീട്ടിലായിരുന്നു താമസം. പൂജാരിയാണെന്നാണു പറഞ്ഞിരുന്നത്. ആഭിചാരം വശമുണ്ടെന്നും പറഞ്ഞിരുന്നു. വിജയനും കുടുംബവും കട്ടപ്പന സാഗരാ ജംഗ്ഷനു സമീപം താമസിച്ചിരുന്നപ്പോഴാണ് നിതീഷ് ഇവരോടൊപ്പം കൂടിയത്.

2016ൽ നിതീഷുമായുള്ള അവിഹിത ബന്ധത്തിൽ വിജയന്റെ മകൾ പ്രസവിച്ച കുഞ്ഞിനെയും വിജയനും നിതീഷും ചേർന്ന് കൊലപ്പെടുത്തി വീടിനോടു ചേർന്നുള്ള തൊഴുത്തിൽ മറവു ചെയ്തിരുന്നു. രണ്ടു കേസുകളിലും വിജയന്റെ ഭാര്യ സുമയും മകൻ വിഷ്ണുവും പ്രതികളാണ്.