ചേർത്തല: കേരള ബാങ്കിലെ പണയ സ്വർണം മോഷണം പോയ സംഭവത്തിൽ ബാങ്കിന്റെ മുൻ ഏരിയാ മനേജറായ ചേർത്തല സ്വദേശി മീരാ മാത്യു പിടിയിലായത് ഒളിവിൽ കഴിയവെ. ചേർത്തലയിൽ രണ്ടും പട്ടണക്കാട്, അർത്തുങ്കൽ പൊലീസ് സ്റ്റേഷനുകളിലായി നാലു ശാഖകളിൽ പണയ സ്വർണം മോഷണ കേസുകളാണ് ഇവർക്കെതിരെ എടുത്തിരുന്നത്. കേരളാ ബാങ്കിന്റെ നാലു ശാഖകളിൽ നിന്നായി 335.08 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മീര മാത്യുവിനെ പട്ടണക്കാട് പൊലീസാണ് ഇന്ന് അറസ്റ്റ് ചെയ്തത്.

ബാങ്കുകളുടെ ശാഖാ മാനേജർമാർ ചേർത്തല, പട്ടണക്കാട്, അർത്തുങ്കൽ പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതിയിലാണ് കേസ്. 2023 ജൂൺ ഏഴിന് മീരാ മാത്യുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് ശാഖകളിൽ നിന്നു പൊലീസിൽ പരാതി നൽകിയത്. പന്ത്രണ്ടിന് പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

ചേർത്തല നടക്കാവ് ശാഖയിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വർണം നഷ്ടപ്പെട്ടത്, 171.300 ഗ്രാം. ചേർത്തല പ്രധാന ശാഖയിൽ നിന്ന് 55.480 ഗ്രാമും പട്ടണക്കാട് ശാഖയിൽനിന്ന് 102.300 ഗ്രാമും അർത്തുങ്കൽ ആറു ഗ്രാമും സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. ബാങ്കുകളിലെ പണയസ്വർണ പരിശോധനക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയാ മാനേജരായിരുന്നു മീര മാത്യു. ചേർത്തല, പട്ടണക്കാട്, അർത്തുങ്കൽ പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളിൽ പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ചേർത്തലയിൽ രണ്ടും പട്ടണക്കാട്, അർത്തുങ്കൽ പൊലീസ് സ്റ്റേഷനുകളിലായി നാലും സ്വർണ പണയ സ്വർണ മോഷണകേസുകളാണ് ഇവർക്കെതിരെ എടുത്തിരുന്നത്.

ആരോപണ വിധേയയായ മീരാമാത്യു, നിരപരാധിയാണെന്ന് കാട്ടി കേരളാബാങ്ക് ഭരണസമിതിക്ക് കത്തുനൽകിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ബാങ്കിൽ ഇടതുസംഘടനയിലെ അംഗമായിരുന്നു മീരാമാത്യു. അതുകൊണ്ടുതന്നെ രാഷ്ട്രീയ ഇടപെടലുകളോടെയുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. നഷ്ടമായ സ്വർണത്തിന്റെ വില മീരാമാത്യുവിൽ നിന്ന് ബാങ്ക് ഈടാക്കിയ സാഹചര്യമടക്കം കാട്ടിയാണ് കത്തുനൽകിയിരുന്നത്.

തനിക്കെതിരെയെടുത്ത എഫ്.ഐ.ആർ റദ്ദാക്കാൻ ഇവർ അടുത്തിടെ കോടതിയിൽ ഹർജ്ജി നൽകിയിരുന്നു.കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥ ഡിസംബർ 14ന് ആറ് മാസം മുമ്പ് നൽകിയ മൂൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം നൽകിയ ഹർജിയിൽ തീരുമാനമാകുന്നതുവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഇതിനെതിരെ അന്വേഷണ സംഘവും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ ഘട്ടത്തിലാണ് എഫ്.ഐ.ആർ റദ്ദാക്കാനുള്ള ഹർജ്ജി നൽകിയത്.

ബാങ്ക്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഏരിയ മാനേജർ മീരാമാത്യുവിലേക്ക് അന്വേഷണം നീണ്ടതും ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തിയതും. ഇതേത്തുടർന്ന് നഷ്ടമായ സ്വർണത്തിന്റെ മൂല്യത്തിലുള്ള തുക ഇവരിൽനിന്നും ഈടാക്കുകയായിരുന്നു. ഏരിയ മാനേജരുടെ ചുമതലയിലുള്ള ചേർത്തല താലൂക്കിലെ ബാങ്കുശാഖകളിലെല്ലാം പണയസ്വർണത്തിൽ വിശദമായ പരിശോധനകൾ നടന്നിരുന്നു. ബാങ്കുകളിലെ പണയസ്വർണ പരിശോധനയ്ക്കു ചുമതലയുള്ള മീര 2022 മെയ്‌ മുതൽ സെപ്റ്റംബർവരെ സ്വർണം മോഷ്ടിച്ചതായി കാട്ടിയാണു പൊലീസ് പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കി അന്വേഷണം തുടങ്ങിയത്.