- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗുജറാത്തിൽ വൻ ലഹരിവേട്ട; ആറ് പാക് സ്വദേശികൾ അറസ്റ്റിൽ
ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. പോർബന്ധർ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്നാണ് പിടികൂടിയിരിക്കുന്നത്. ആറ് പാക്കിസ്ഥാൻ സ്വദേശികൾ പിടിയിലായിട്ടുണ്ട്. കോസ്റ്റ് ഗാർഡും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും(എ.ടി.എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്.
അറബിക്കടലിൽ പോർബന്തർതീരത്തുനിന്ന് 350 കിലോമീറ്റർ അകലെവച്ചാണ് പാക്കിസ്ഥാനി ബോട്ട് അധികൃതർ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ബോട്ടിൽ നടത്തിയ പരിശോധനയിൽ 80 കിലോ മയക്കുമരുന്നും പിടിച്ചെടുക്കുകയായിരുന്നു. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് സംശയം. ഒരുമാസത്തിനിടെ ഗുജറാത്ത് തീരത്തെ ഏറ്റവും വലിയ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.
ഫെബ്രുവരി 28-ന് ഗുജറാത്ത് തീരത്തുനിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. പാക്കിസ്ഥാനിൽനിന്നുള്ള ബോട്ടിൽനിന്നാണ് 2,000 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് അധികൃതർ പിടിച്ചെടുത്തത്. ഇറാൻ,പാക്കിസ്ഥാൻ പൗരന്മാരെന്ന് സംശയിക്കുന്ന അഞ്ച് പേരെയും അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വൻ ലഹരിവേട്ട നടന്നിരിക്കുന്നത്. കോസ്റ്റ് ഗാർഡും എൻസിബിയും അടക്കമുള്ള ഏജൻസികൾ നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഇവർ സംയുക്ത പരിശോധന നടത്തിയത്.