- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ.കവിത അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിത അറസ്റ്റിൽ. ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുകയായിരുന്നു. തെലങ്കാന മുന്മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളാണ്. ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്ത കവിതയെ ഡൽഹിയിലേക്കു കൊണ്ടുപോകുമെന്നാണ് വിവരം.
ഇതേ കേസിൽ ഡൽഹി മുഖ്യമന്ത്രി കൂടിയായ എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിനോട് നാളെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ഡൽഹി സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ പ്രമുഖ നേതാവിനെ ഇന്ന് അറസ്റ്റ് ചെയ്തത്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ഐടി വകുപ്പുകൾ റെയ്ഡ് നടത്തിയിരുന്നു. ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളിപ്പിച്ചെന്ന് ഉൾപ്പെടെയാണ് ഇ.ഡി കണ്ടെത്തിയത്.
ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം. ഇന്ന് ഉച്ചയോടെ കെ. കവിതയെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്ന് രാവിലെ മുതലാണ് കവിതയുടെ ഹൈദരാബാദിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.), ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഏജൻസികളുടെ പല സമൻസുകളും സ്വീകരിക്കാത്തതിന് പിന്നാലെയായിരുന്നു നടപടി.
കെ. ചന്ദ്രശേഖർ റാവുവിന്റെ മകളായ കവിത, ഡൽഹി മദ്യനയ അഴിമതിയിൽ നിർണായക പങ്കുവഹിച്ച 'സൗത്ത് ഗ്രൂപ്പി'ന്റെ ഭാഗമാണെന്ന് ഇ.ഡി ആരോപിക്കുന്നു. ഹൈദരാബാദ് വ്യവസായി ശരത് റെഡ്ഡി, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി എംപി മഗുന്ത ശ്രീനിവാസലു റെഡ്ഡി, മകൻ രാഘവ് മഗുന്ത റെഡ്ഡി എന്നിവരാണ് 'സൗത്ത് ഗ്രൂപ്പി'ലെ മറ്റുള്ളവർ എന്നാണ് ഇ.ഡി. ആരോപണം.
കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇ.ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
കള്ളപ്പണം വെളിപ്പിച്ചെന്ന് ഉൾപ്പെടെയാണ് ഇ.ഡി കണ്ടെത്തിയത്. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം.
അതേ സമയം മദ്യഅഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി നേരിട്ടു. മദ്യഅഴിമതിക്കേസിലെ ഇഡി സമൻസ് സ്റ്റേ ചെയ്യണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി സെഷൻസ് കോടതി തള്ളി. കേസിൽ നാളെ മജിസ്‌ട്രേറ്റ് കോടതിയിൽ കെജ്രിവാൾ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരിട്ട് ഹാജരാകാൻ കഴിഞ്ഞമാസം കോടതി സമയം നീട്ടി നൽകിയിരുന്നു. മാർച്ച് പതിനാറിന് നേരിട്ടെത്തണമെന്ന് ഡൽഹി റൗസ് അവന്യൂ കോടതി കഴിഞ്ഞമാസം നിർദ്ദേശിച്ചിരുന്നത്. മദ്യനയക്കേസിൽ ചോദ്യം ചെയ്യാൻ അഞ്ച് നോട്ടീസുകൾ ഇഡി നൽകിയിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല. തുടർന്ന് ഇഡി നൽകിയ അപേക്ഷയിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഓൺലൈനായിട്ടാണ് കെജ്രിവാൾ റൗസ് അവന്യു കോടതിയിൽ ഹാജരായത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നേരിട്ട് ഹാജരാകുന്നതിൽ തടസമുണ്ടെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. സമയം നീട്ടി നൽകണമെന്ന കെജരിവാളിന്റെ അപേക്ഷ പരിഗണിച്ച കോടതി അടുത്ത മാസം പതിനാറിലേക്ക് വാദം മാറ്റുകയായിരുന്നു. ഇതിനിടയിലാണ് ഇഡി സമൻസ് തള്ളണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സെഷൻസ് കോടതിയെ സമീപിച്ചത്. അപേക്ഷ തള്ളിയതോടെ ഡൽഹി റൗസ് അവന്യൂ കോടതി നേരത്തെ നിർദ്ദേശിച്ചത് പ്രകാരം നാളെ കോടതിയിൽ ഹാജരാകണം.