- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡൽഹി മുഖ്യമന്ത്രിയെ വിടാതെ ഇഡി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നടപടി തുടരാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). രണ്ട് കേസുകളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഒമ്പതാം തവണ അയച്ചിരിക്കുന്ന നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഞായറാഴ്ച രാവിലെ അയച്ച നോട്ടീസിൽ മാർച്ച് 21 വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം.
ഡൽഹി മദ്യനയക്കേസിലും അഴിമതിക്കേസിലും ജൽ ബോർഡ് അഴിമതിക്കേസിലുമാണ് ചോദ്യം ചെയ്യൽ നടക്കുക. മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21-നും ജൽ ബോർഡ് കേസിൽ മാർച്ച് 17-നും ഹാജരാകാനാണ് നിർദ്ദേശം. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായി ബന്ധപ്പെട്ട പരാതികളിൽ കഴിഞ്ഞ ദിവസം കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സമൻസ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ജയിലിൽ അടയ്ക്കാനാകില്ല.
ഡൽഹി റോസ് അവന്യു കോടതി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് (എ.സി.എം.എം.) ആണ് ശനിയാഴ്ച കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. കേസിൽ ശനിയാഴ്ച വാദം നടക്കുമ്പോൾ കെജ്രിവാൾ കോടതിയിൽ ഹാജരായിരുന്നു. കെജ്രിവാളിനെതിരെ ചുമത്തിയിട്ടുള്ള ഐ.പി.സി. സെക്ഷൻ 174 ജാമ്യം കിട്ടാവുന്ന വകുപ്പാണ് എന്ന് ചൂണ്ടിക്കാട്ടി എ.സി.എം.എം. ദിവ്യ മൽഹോത്രയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ ഇനി ചുമത്താൻ സാധ്യത ഏറെയാണ്.
2021-22 വർഷം മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കാൻ പണം വാങ്ങിയെന്നാണ് കെജ്രിവാളിനെതിരായ ആരോപണം. പിന്നീട് നയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ. അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്. ഇതേ കേസുമായി ബന്ധപ്പെട്ട് ബി.ആർ.എസ്. നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിതയെ ഇ.ഡി. വെള്ളിയാഴ്ച അറസ്റ്റുചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈദരാബാദിലെ കവിതയുടെ വീട്ടിൽ നടന്ന റെയ്ഡിനൊടുവിൽ വൈകീട്ട് അഞ്ചരയോടെയായിരുന്നു അറസ്റ്റ്.
കോടതിയിൽ ഹാജരാക്കിയ കവിതയെ ശനിയാഴ്ച ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ സാഹചര്യത്തിൽ കെജ്രിവാളിനെതിരേയും കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് ഇഡി പരിഗണനയിലുണ്ട്. ഇതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ.