അഹമ്മദാബാദ്: ഗുജറാത്ത് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ നമസ്‌കാരം നിർവഹിക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് നേരെ ആൾക്കൂട്ട മർദ്ദനം. അഞ്ച് വിദേശ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും നശിപ്പിച്ചു. വിദേശ വിദ്യാർത്ഥികൾ താമസിക്കുന്ന സർവകലാശാലയിലെ ബ്ലോക്ക് എയിൽ ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

ഉസ്‌ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സ്വന്തം മുറികളിൽ നമസ്‌കാരം നിർവഹിക്കുമ്പോൾ ഇതിൽ പ്രതിഷേധിച്ച് ഒരുകൂട്ടം ആളുകൾ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലിൽ പ്രവേശിച്ചു. ഇവർ വിദ്യാർത്ഥികളുടെ നമസ്‌കാരം തടഞ്ഞത് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു.

"പുറത്തുനിന്നുള്ള 1015 പേർ ഹോസ്റ്റൽ ക്യാംപസിലേക്ക് അതിക്രമിച്ചുകയറിയാണ് പ്രശ്‌നമുണ്ടാക്കിയത്. ഞങ്ങൾ നമസ്‌കരിക്കുമ്പോൾ അതിൽ രണ്ടുമൂന്നുപേർ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് പ്രവേശിച്ചു. നമസ്‌കരിക്കാൻ ഞങ്ങൾക്ക് അനുവാദമില്ലെന്ന് അവർ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിമാറ്റി നമസ്‌കരിക്കുന്നവരെ അവർ ആക്രമിച്ചു. ഞങ്ങളെ സഹായിക്കാനെത്തിയ മറ്റു വിദേശ വിദ്യാർത്ഥികളെയും അവർ ആക്രമിച്ചു. മുറിയിൽ അതിക്രമിച്ചു കയറി സംഘം ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും നശിപ്പിച്ചു." അക്രമത്തിനിരയായ അഫ്ഗാൻ വിദ്യാർത്ഥി പറഞ്ഞു.

സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അഹമ്മദാബാദ് അഡീഷണൽ കമ്മിഷണർ നീരജ്കുമാർ ബാദ്ഗുജർ അറിയിച്ചു. അക്രമകാരികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ വിദ്യാർത്ഥികളിൽ ഒരാൾ ആശുപത്രിയിലാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.