വെഞ്ഞാറമൂട്: അമ്മയുടെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ അച്ഛനെ മക്കൾ മർദിച്ചു കൊലപ്പെടുത്തി. കീഴായിക്കോണം ഗാന്ധിനഗർ സുനിതാഭവനിൽ സുധാകരൻ(55) ആണ് മരിച്ചത്. സുധാകരന്റെ മരണത്തിൽ മക്കളായ ഹരി(24), കൃഷ്ണൻ(24) എന്നിവരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരട്ട സഹോദരങ്ങളാണ്. ശനിയാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു ആക്രമണം. പിറന്നാളാഘോഷത്തിന് പിന്നാലെ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വാക്കു തർക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്.

സുധാകരന്റെ ഭാര്യ സുനിതയുടെ ജന്മദിനാഘോമായിരുന്നു ശിയാഴ്ച. ആഘോഷങ്ങൾ നടക്കുന്നതിനിടെ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് സുധാകരനും ഇളയമകനായ ആരോമലും ഒരുപക്ഷത്തും അമ്മയും മൂത്ത മക്കളായ കൃഷ്ണനും ഹരിയും മറ്റൊരു പക്ഷവുമായി വീട്ടിൽ വെച്ച് വാക്കേറ്റമുണ്ടാവുകയും അടിപിടിയുണ്ടാകുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.

ഹരിയും കൃഷ്ണനും ചേർന്ന് ഇളയമകനായ ആരോമലിനെ മർദിച്ചു. ഇതുകണ്ട് തടയാൻചെന്ന സുധാകരനെയും ഹരിയും കൃഷ്ണനും ചേർന്ന് മർദിച്ചു. ആക്രമണത്തിനിടെ സുധാകരൻ സമീപത്തെ തോട്ടിലേക്കു വീഴുകയും അവിടെ വെച്ച് മക്കൾ ഇരുവരും ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്യുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് സുധാകരനെ മക്കളുടെ പിടിയിൽ നിന്നും മോചിപ്പിച്ചത്.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും സുധാകരന്റെ നില ഗുരുതരമായിരുന്നു. ഞായറാഴ്ച രാത്രി ഒരു മണിയോടെ സുധാകരൻ മരിച്ചു. വെഞ്ഞാറമൂട് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വെഞ്ഞാറമൂട് എസ്.എച്ച്.ഒ. രാജേഷ് പി.എസ്., എസ്‌ഐ. ജ്യോതിഷ് ചിറവൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പോസ്റ്റ്മോർട്ടത്തിനു ശേഷം സുധാകരന്റെ മൃതദേഹം സംസ്‌കരിച്ചു.