ഇടുക്കി: ഇടുക്കി അടിമാലി മാങ്കുളത്ത് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാല് ആയി. തേനി സ്വദേശി അഭിനേഷ് മൂർത്തി(30)യാണ് മരിച്ചത്. അഭിനേഷിന്റെ ഒരു വയസുള്ള മകൻ അപകടത്തിൽ മരിച്ചിരുന്നു. ഒരു വയസ്സുള്ള തൻവിക്, തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മൂന്ന് പേർ. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അടിമാലി മാങ്കുളത്ത് ട്രാവലർ 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്.

തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് അപകടത്തിൽ പെട്ടത്. മാങ്കുളത്ത് നിന്ന് ആനക്കുളത്തേക്ക് വരുന്ന വഴി കുവറ്റ് സിറ്റിക്ക് ശേഷമുള്ള ഒരു വളവിൽ വച്ചാണ് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് 30 അടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു. തമിഴ്‌നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ആനന്ദ പ്രഷർ കുക്കർ കമ്പനിയിലെ ഫാമിലി ടൂർ ആയിരുന്നു ദുരന്തത്തിലവസാനിച്ചത്. കമ്പനിയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

14 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. അതിൽ 11 പേർ ആശുപത്രയിൽ ചികിത്സയിലായിരുന്നു. 2 പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഒരാൾ കൂടി മരിച്ച വാർത്ത പുറത്തുവന്നിരിക്കുന്നത്. അറുമുഖം (63), ശരണ്യ (24), വൈഗ (12), ഗീത (30), രൺവീർ (6), സന്ധ്യ വല്ലി (35), പ്രസന്ന (39), ദേവ ചന്ദ് (9), ജ്യോതി മണി (65), അന്ന പുഷ്പം (55), ഡ്രൈവർ ഒബ്‌ളി രാജ് (36) എന്നിവരെ അടിമാലിയിലും തൊടുപുഴയിലുമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്തുകൊക്കയിലേക്ക് മറിയുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്. വളരെ താഴെയായി വാഹനം കിടന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിൽ നിന്നും ആളുകളെ പുറത്തെടുക്കാൻ സാധിച്ചത്. ഇറക്കവും കൊടുംവളവും നിറഞ്ഞ ഇവിടെ മുമ്പും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.

മൂന്ന് വാഹനങ്ങളിലായാണ് ഇവർ യാത്ര തിരിച്ചത്. രണ്ട് ട്രാവലറും ഒരു ഇന്നോവയും. അതിലൊരു ട്രാവലറാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഇതേ സ്ഥലത്ത് ആറാമത്തെ ടെംപോ ട്രാവലറാണ് അപകടത്തിൽ പെടുന്നതെന്ന് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ ജോസ് പറഞ്ഞു. എസ് പോലെയൊരു വളവാണിത്. ഇതുവരെ 10 വാഹനങ്ങൾ അവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ വ്യക്തിയാണ് പ്രവീൺ. സമീപത്തുള്ള ആളുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. ഇന്നലെയാണ് തേനിയിൽ നിന്നും ഇവർ വിനോദസഞ്ചാരം തുടങ്ങിയത്. മാങ്കുളം ആനക്കുളത്തെത്തുകായയിരുന്നു ലക്ഷ്യം. ഡ്രൈവർക്ക് വഴി പരിചയമില്ലാത്തതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.