- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേരളത്തിൽ വീണ്ടും ഹവാല മാഫിയ സജീവമാകുമ്പോൾ
കോഴിക്കോട്: കേരളത്തിൽ വീണ്ടും ഹവാല ഇടപാടുകൾ സജീവമെന്ന് റിപ്പോർട്ട്. കടൽ മാർഗം പണം എത്തിയെന്നും സംശയമുണ്ട്. ഒന്നര മാസം മുൻപ് കടൽ കടന്നു ബേപ്പൂർ വഴി ചാലിയാറിൽ എത്തിയ ബോട്ടാണ് സംശയത്തിന് കാരണം. ഈ ബോട്ട് കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും കസ്റ്റഡിയിലെടുക്കുകയും പരിശോധിക്കുകയും ചെയ്തു. എന്നാൽ ഒന്നും കണ്ടെത്തിയില്ല. രേഖകൾ ശരിയെന്നു കണ്ടു വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒഴിഞ്ഞ ബോട്ട് എന്തിനു വന്നു എന്നത് ദുരൂഹമാണ്. ഇത് അന്വേഷണ ഏജൻസികളുടെ പരിശോധനയിലാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് പണമൊഴുക്ക് സംശയം ഉയരുന്നത്. രണ്ടു മാസത്തിനിടയിൽ സംസ്ഥാനത്ത് വ്യാപകമായി ഹവാല പണമിടപാടു നടന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചുവെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്. 264 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ നടന്നെന്നാണു കണ്ടെത്തൽ. ബാങ്ക് അക്കൗണ്ടു ഉപയോഗിച്ചും ഇടപാടു നടന്നു. ഗൾഫിൽ നിന്നും പണമെത്തിയെന്നും സൂചനയുണ്ട്.
വിവിധ സംസ്ഥാനങ്ങളുമായി ഇതിനു ബന്ധമുള്ളതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. ഇക്കാലയളവിൽ കേരളത്തിൽ ഉത്തരേന്ത്യയിൽ നിന്നു വാഹനങ്ങളിലാണ് പണം എത്തിയതെന്നാണു വിവരം. കടൽമാർഗം എത്തിയെന്ന സംശയവും പരിശോധിക്കുന്നുണ്ട്. സങ്കീർണ്ണമായ പരിശോധനകൾ ഉണ്ടെങ്കിലേ ഇത് സ്ഥിരീകരിക്കാനാവൂ. ഏതായാലും അതിർത്തിയിൽ പരിശോധനകൾ കർശനമാക്കും.
തെളിവുകളും സൂചനകളും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അടുത്ത ദിവസം നൽകുമെന്നറിയുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കൊല്ലം, കാസർകോട് ജില്ലകളിൽ നിന്നുള്ള വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ കൂടുതലായി പരിശോധിക്കേണ്ട സാഹചര്യത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിനു പരിമിതികളുണ്ടെന്നതാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിർദ്ദേശിക്കാൻ കാരണം.
ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വിവിധ വ്യക്തികളുടെ അക്കൗണ്ടുകൾ കണ്ടെത്തി പണം കൈമാറ്റം ചെയ്യുകയാണു ചെയ്തിട്ടുള്ളത്. ഇതിനായി വ്യാപകമായി ഇടനിലക്കാരെയും ഉപയോഗിക്കുന്നുണ്ട്. പണത്തിന് അത്യാവശ്യമുള്ളവരെ കണ്ടെത്തി പണം അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. തുടർന്ന് മറ്റൊരു അക്കൗണ്ടിലേക്ക് അന്നുതന്നെ മൊബൈൽ ഫോൺ വഴി ട്രാൻസ്ഫർ ചെയ്യും-ഇതാണ് രീതിയെന്നാണ് റിപ്പോർട്ട്.
പ്രതിഫലമായി അക്കൗണ്ട് ഉടമയ്ക്കു 10 ലക്ഷത്തിന് 10,000 രൂപ മുതൽ 20,000 രൂപ വരെയാണ് നൽകുന്നത്. പുതിയ അക്കൗണ്ട് തുടങ്ങാൻ തയാറാകുന്നവരെയും ഇടനിലക്കാർ ഈ ഇടപാടിൽ ഉൾപ്പെടുത്തുന്നുണ്ട്. സംശയമുള്ള അക്കൗണ്ട് ഉടമകളുടെ നിക്ഷേപങ്ങൾ പരിശോധിക്കുന്നുണ്ട്. ഗൾഫിലുള്ള ഹവാലാ പണമാണ് ഇങ്ങനെ എത്തുന്നതെന്നും സൂചനയുണ്ട്.