- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മാവേലിക്കരയിലെ സഹകരണ തട്ടിപ്പിൽ നിക്ഷേപക ആശങ്ക തുടരുന്നു
ആലപ്പുഴ : മാവേലിക്കര താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയിൽ 2016 ഡിസംബറിൽ നടന്ന 60 കോടിയിലധികം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നിർണ്ണായകമാകും. നിക്ഷേപക്കൂട്ടായ്മയ്ക്കുവേണ്ടി ബി. ജയകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന്, 2020-ൽ ഇ.ഡി. ആരംഭിച്ച അന്വേഷണമാണ് ഇപ്പോൾ പ്രധാനപ്രതികളുടെ ബന്ധുക്കളിലേക്കും വ്യാപിപ്പിക്കുന്നത്. ഇത് നിർണ്ണായകമാകും.
കേസിലെ പ്രതികളെ ഇ.ഡി. കൊച്ചിയിലെ ആസ്ഥാനത്തേക്ക് നോട്ടീസ്നൽകി വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പ്രതികളുടെ അടുത്ത ബന്ധുക്കളടക്കം 12 പേരെ കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തി. നേരത്തേ രേഖപ്പെടുത്തിയ മൊഴികളിൽ കൂടുതൽ വ്യക്തതവരുത്തുകയാണ് ലക്ഷ്യം. അന്വേഷണം പൂർത്തീകരിക്കാൻ ആറുമാസത്തേക്കുകൂടി കാലാവധി നീട്ടിനൽകാൻ അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ച് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ഇഡിയും കേസിൽ സജീവമാകുന്നത്.
2016 അവസാനം വെളിച്ചത്തുവന്ന തട്ടിപ്പ് സംബന്ധിച്ച അന്വേഷണം 2017 ഏപ്രിലിലാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഏഴുവർഷമായി അന്വേഷണം പൂർത്തിയാകാത്തതിനാൽ നിക്ഷേപകർ പലതവണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണംനടക്കുന്നുണ്ടെന്നും നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ടുനൽകുന്നുണ്ടെങ്കിലും പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് തങ്ങളുടെ പണം തിരികെക്കിട്ടാനാവശ്യമായ നടപടികൾ തുടങ്ങിയിട്ടില്ല. പ്രതികളുടെ പേരിൽ ജപ്തിനടപടികൾ സ്വീകരിക്കാൻ സഹകരണവകുപ്പ് ഉത്തരവിറക്കിയിട്ടു നാലുവർഷമായി. എന്നാൽ അതും നടന്നിട്ടില്ല.
2016 ഡിസംബറിലാണ് ബാങ്കിന്റെ തഴക്കര ശാഖയിലെ കോടികളുടെ ക്രമക്കേടു പുറത്തുവന്നത്. തഴക്കര ശാഖാ മാനേജർ, രണ്ടുജീവനക്കാർ, ബാങ്ക് സെക്രട്ടറി, അന്നത്തെ ഭരണസമിതി പ്രസിഡന്റ്, അംഗങ്ങൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. സഹകരണവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ 38 കോടി രൂപയുടെ ക്രമക്കേടാണു കണ്ടെത്തിയത്. എന്നാൽ, അന്വേഷണം പൂർത്തിയാകുമ്പോൾ 60 കോടിയുടെയെങ്കിലും ക്രമക്കേടു തെളിയുമെന്നാണ് വകുപ്പധികൃതർ പറയുന്നത്.
സ്വർണഉരുപ്പടിയില്ലാതെ സ്വർണപ്പണയ വായ്പ നൽകി, അപേക്ഷയോ ഈടായി പ്രമാണങ്ങളോ വാങ്ങാതെ വ്യാജപ്പേരുകളിൽ വായ്പയനുവദിച്ചു, തുടങ്ങി പല മാർഗങ്ങളിലായിരുന്നു തട്ടിപ്പ്. ക്രെംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്ത ഉടൻതന്നെ ഒന്നാംപ്രതിയായ ജ്യോതിമധുവിനെ അറസ്റ്റ് ചെയ്തിരുന്നു. വളരെ വേഗത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽപേർ പ്രതികളാകുമെന്നും അന്വേഷണസംഘം വെളിപ്പെടുത്തിയശേഷമാണ് ഡിറ്റക്ടിവ് ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റത്തിന് ഉത്തരവ് വന്നത്. ഇതോടെ കേസ് അട്ടിമറിക്കപ്പെട്ടു.
സർക്കാർതലത്തിൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടവർക്ക് അടുത്ത ബന്ധങ്ങളുണ്ടെന്നും അവരിലാരോ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാലാണ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ സ്ഥലംമാറ്റിയതെന്നും പലഭാഗത്തുനിന്നും ആരോപണങ്ങളുയരുന്നു.