തൃശ്ശൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന രണ്ട് യുവാക്കളെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചതിന് റീനയ്ക്ക് കിട്ടിയത് പൊലീസ് പകയായിരുന്നു. കള്ളക്കേസുണ്ടാക്കി 35 ദിവസം ജയിലിൽ അടച്ചു. ഒടുവിൽ റീന മത്തായിയുടെ പോരാട്ടം ഫലം കാണുന്നു. ഇനി അറിയേണ്ടത് റീനയെ കുടുക്കിയവരെ പൊലീസ് ശിക്ഷിക്കുമോ എന്നാണ്. മൂവാറ്റുപുഴയിൽ പാതയോരത്ത് ചക്കയും ഇളനീരും നാരങ്ങവെള്ളവും വിറ്റ് ജീവിക്കുന്ന റീനയുടേത് സമാനതകളില്ലാത്ത പോരാട്ട വിജയമാണ്.

2015-ലെ തിരുവോണനാളിൽ തൃശ്ശൂർ കുട്ടനെല്ലൂരിലെ കൂട്ടുകാരി സിജിയുടെ ഫ്‌ളാറ്റിലേക്ക് കാറോടിച്ച് വരുംവഴി സമീപമുള്ള കുരിശുമൂലയിൽ റോഡപകടം കണ്ടു രക്തത്തിൽ കുളിച്ചുകിടക്കുന്ന രണ്ടു യുവാക്കളേയും കാറിൽ കയറ്റി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് എത്തിച്ചതിനാൽ റോഷിൻ, ജെറിൻ എന്നീ രണ്ട് യുവാക്കളും രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിടെ റീനയുടെ കാറിൽ മറ്റൊരു വാഹനം തട്ടി. ഇതേപ്പറ്റി തൃശ്ശൂർ ട്രാഫിക് സ്റ്റേഷനിലെത്തി പരാതിയും നൽകി.

കുട്ടനെല്ലൂരിലെ കൂട്ടുകാരിയുടെ ഫ്‌ളാറ്റിലെത്തി കാറിലെ രക്തം കഴുകിക്കളയുന്നതിനിടെ രണ്ട് പൊലീസുകാർ അവിടെയെത്തി. ആരെ കൊന്നിട്ട് തെളിവ് നശിപ്പിക്കുകയാണെന്ന്‌ േചാദിച്ച് മർദിച്ചു. പിന്നീട് കാർ അടക്കം റീനയെ ഒല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിന് ശേഷം ലോക്കപ്പിലിട്ടു. പുറത്തിറങ്ങി ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയിലും പരാതിപ്പെട്ടതോടെ സിവിൽ പൊലീസ് ഓഫീസർ കെ.കെ. അജുവിനെ സസ്‌പെൻഡ് ചെയ്തു. അജുവിന്റെ ജോലി നഷ്ടമാകുമെന്ന അവസ്ഥയെത്തിയതോടെ സമ്മർദം ചെലുത്തി പരാതി പിൻവലിപ്പിച്ചു. അങ്ങനെ അജുവിന് ജോലി തിരികെ കിട്ടി. അതിന് ശേഷമായിരുന്നു പ്രതികാരം.

പിന്നീട് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് റീനയെ വിളിച്ച് ഹാജരാകാൻ നിർദ്ദേശിച്ചു. റീനയ്‌ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തു. പൊലീസുകാരനായ അജുവിനെ, റീന കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. 35 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. പൊലീസുകാർ ഉൾപ്പെടെ 11 സാക്ഷികളുണ്ടായിരുന്നെങ്കിലും റീനയ്ക്ക് ഈ കേസുമായി ബന്ധമില്ലെന്നു കണ്ട് തൃശ്ശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി പി.വി. റിജുല അവരെ കുറ്റവിമുക്തയാക്കി. ഇനി അറിയേണ്ടത് കള്ളപരാതി കൊടുത്ത പൊലീസുകാരന് എന്ത് സംഭവിക്കുമെന്നതാണ്.

റീനയ്ക്കുവേണ്ടി അഭിഭാഷകരായ വി.ആർ. ജ്യോതിഷ്, വി.കെ. സത്യജിത്ത്, കെ.ജെ. യദുകൃഷ്ണ എന്നിവർ ഹാജരായി. ഈ നിയമ പോരാട്ടമാണ് റീനയ്ക്ക് തുണയായത്.