ലക്‌നൗ: അയൽവാസിയുടെ വീട്ടിൽ ചായചോദിച്ചെത്തിയ യുവാവ് ആ വീട്ടിലെ രണ്ടു കുട്ടികളെ കഴുത്തറുത്തുകൊന്നു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിലാണ് സംഭവം. കൊടുംക്രൂരത ചെയ്ത ശേഷം സംഭവസ്ഥത്തുനിന്ന് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിന്നീട് ഏറ്റുമുട്ടലിൽ വെടിവച്ചുകൊന്നു. കുഞ്ഞുങ്ങളുടെ കൊലപാതകത്തോടെ സംഘർഷഭരിതമായ പ്രദേശം ഇപ്പോൾ ശാന്തമാണെന്ന് പൊലീസ് അറിയിച്ചു.

ബദായൂമിലെ ബാബാ കോളനിയിൽ ബാർബർഷോപ്പ് നടത്തുന്ന സാജിദ് എന്ന യുവാവാണ് ആക്രമണം അഴിച്ചു വിട്ടത്. ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ബാർബർഷോപ്പ് അടച്ചു വീട്ടിലെത്തിയ സാജിദ് അയൽവാസിയായ വിനോദിന്റെ വീട്ടിലെത്തി ചായ ചോദിച്ചു. വിനോദ് ഈ സമയം വീട്ടിലില്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയോട് ചായ നൽകാൻ ആവശ്യപ്പെട്ടത്. ഈ സമയം സംശയിക്കത്തക്കതായി ഒന്നും തോന്നിയില്ലി. വിനോദിന്റെ ഭാര്യ ചായയിടാനായി അടുക്കളയിലേക്ക് പോയ സമയം സാജിഗ് വീടിന്റെ ടെറസിൽ കയറുകയും അവിടെ കളിച്ചുകൊണ്ടിരുന്ന വിനോദിന്റെ മക്കളുടെ കഴുത്ത് അറുക്കുകയും ആയിരുന്നു.

ആയുഷ് (13), അഹാൻ (7), പീയൂഷ് (6) എന്നിവരാണ് കൊടുംക്രൂരമായ ആക്രമണത്തിന് ഇരയായത്. മൂർച്ചയേറിയ ആയുധംകൊണ്ട് കുട്ടികളുടെ കഴുത്തറക്കുക ആയിരുന്നു. ആയുഷും അഹാനയും അവിടെത്തന്നെ മരിച്ചുവീണു. സാരമായി മുറിവേറ്റ പീയൂഷ് ഇതിനിടെ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാർ സ്ഥലത്തെത്തിയ പൊലീസിനെ തടഞ്ഞു. സാജിദിന്റെ ബാർബർഷോപ്പിനു തീയിട്ടതോടെ മേഖലയിൽ സംഘർഷമായി. കൂടുതൽ പൊലീസ് എത്തിയാണ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു കൊണ്ടുപോയത്.

സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന പൊലീസ് സംഘത്തെയും ഇയാൾ ആക്രമിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിനിടെ പ്രതി വെടിയേറ്റു മരിച്ചതായി ബദായൂം എസ്എസ്‌പി അലോക് പ്രിയദർശിനി അറിയിച്ചു. വിനോദിന്റെ കുടുംബവുമായി സാജിദ് വഴക്കായിരുന്നെന്ന് അയൽവാസികൾ പറയുന്നു. വിനോദിന്റെ പിതാവിനോട് ഇയാൾ 5000 രൂപ വായ്പ ചോദിച്ചിരുന്നു. വിനോദിന്റെ ഭാര്യ ബ്യൂട്ടി പാർലർ നടത്തുകയാണ്. സാജിദിന്റെ സഹോദരൻ ജാവേദും കൊലപാതക സമയത്ത് ഒപ്പമുണ്ടായിരുന്നെന്നു സൂചനയുണ്ട്. ഇയാളെയും പിടികൂടുമെന്നു പൊലീസ് പറഞ്ഞു.