- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൈപ്പ് പൊട്ടി, ട്രാൻസ്ഫോമർ റോഡിലേക്ക് വീണ് അപകടം
തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് കെ.എസ്.ഇ.ബിയുടെ വൈദ്യുത ട്രാൻസ്ഫോമർ റോഡിലേക്ക് നിലംപതിച്ച് അപകടം. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ദേശീയപാതാ വികസന പ്രവൃത്തിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ച ട്രാൻസ്ഫോമർ പോസ്റ്റുകളാണ് മറിഞ്ഞുവീണത്. ഈ സമയത്ത് റോഡിലൂടെ കടന്നുപോയ കാറിലെ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പള്ളിപ്പുറം സിആർപിഎഫ്. ക്യാമ്പിലേക്ക് പുതുതായി സ്ഥാപിച്ച 250 എം.എം. ജി.ഐ. പൈപ്പും 160 എം.എം. പി.വി സി. പൈപ്പും പൊട്ടിയതാണ് ട്രാൻസ്ഫോമർ വീഴാൻ കാരണമായത്. യാതൊരു ഉറപ്പുമില്ലാതെ പൂഴിമണ്ണിൽ സ്ഥാപിച്ച ട്രാൻസ്ഫോമറാണ് റോഡിലേക്ക് വീണതെന്ന് നാട്ടുകാർ ആരോപിച്ചു. രാവിലെ എട്ട് മണിക്കാണ് വാട്ടർ അഥോറിറ്റി വാൽവ് തുറന്നത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെയുള്ള ഭാഗത്തെ ഗതാഗതം പൂർണമായി സ്തംഭിച്ചു. ബസ്സുകളും മറ്റും വഴിതിരിച്ചു വിട്ടിട്ടുണ്ട്. ട്രാൻസ്ഫോമർ വീണ് രണ്ട് മണിക്കൂറിലേറെ സമയമായിട്ടും റോഡിലെ തടസം നീക്കാൻ കെ.എസ്.ഇ.ബിയോ ദേശീയപാതാ കരാർ കമ്പനിയോ തയ്യാറായില്ലെന്ന പരാതിയുണ്ട്.
പള്ളിപ്പുറം സിആർപിഎഫ് ക്യാംപിലേക്ക് കുടിവെള്ളം എത്തിക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പുകൾ പൊട്ടിയിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം ഇന്നുരാവിലെ ഈ പൈപ്പിലൂടെ വെള്ളം കടത്തിവിട്ടപ്പോഴാണ് ട്രാൻസ്‌ഫോർമർ മറിഞ്ഞു വീണത്.
വെള്ളം കടത്തിവിട്ടപ്പോൾ പൈപ്പ് പൊട്ടുകയും തുടർന്ന് ട്രാൻസ്‌ഫോമർ സ്ഥാപിച്ചിരുന്ന മണ്ണ് കുതിർന്ന് ട്രാൻസ്‌ഫോമർ നിലം പതിക്കുകയുമായിരുന്നു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ട്രാൻസ്‌ഫോമർ റോഡിരികിലേക്കു മാറ്റി സ്ഥാപിച്ചിരിക്കുകയായിരുന്നു. പൂഴിമണ്ണിൽ സ്ഥാപിച്ചതിനാലാണ് ട്രാൻസ്‌ഫോമർ വീണതെന്ന് നാട്ടുകാർ ആരോപിച്ചു.