കണ്ണൂർ: കൊച്ചിയിൽ മയക്കുമരുന്ന്, ഗുണ്ടാക്വട്ടേഷൻ സംഘങ്ങൾ പിടിമുറുക്കിയതിനു സമാനമായി പൈതൃകനഗരമായ തലശേരിയിലെ രാപ്പകലുകളെ ഭീതിയിലാഴ്‌ത്തിക്കൊണ്ടു മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങൾ വിലസുന്നു. ടൂറിസം വികസനത്തിന് വൻസാധ്യതകൾക്ക് തുടക്കമിട്ട തലശേരിയിൽ ഗുണ്ടാ, മയക്കുമരുന്ന് സംഘങ്ങൾ പിടിമുറുക്കുന്നത് പൊലിസിനും ജനങ്ങൾക്കും വ്യാപാരികൾക്കും തലവേദനയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം തലശേരി കടൽപാലം പരിസരത്തു നിന്നും ഉന്തുവണ്ടിയിൽ ഉപ്പിലിട്ട സാധനങ്ങൾ വിൽക്കുന്ന മട്ടാമ്പ്രം സ്വദേശി കെ. റഷീദിനെ പൊട്ടിയ കുപ്പി ഗ്ളാസുകൊണ്ടു കുത്തിക്കൊല്ലാൻ ശ്രമിച്ചതോടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഈ കേസിലെ പ്രതികളെ തലശേരി കോടതിറിമാൻഡ് ചെയ്തിട്ടുണ്ട്. തലശേരിചാലിൽ സ്വദേശി കെ. എൻ നസീർ, മാടപീടികയിലെ ജമീല മൻസിൽ സിറാജ്, മുഴപ്പിലങ്ങാട് തച്ചുംകണ്ടി ഹൗസിൽ ടി.കെ സജീർ എന്നിവരെയാണ് തലശേരി ടൗൺ എസ്. ഐമാരായ അഷ്റഫ്, അഖിൽ, സിവിൽ പൊലിസ് ഓഫീസറായ വിജേഷ് എന്നിവർ ചാലിലെ ഒളിസങ്കേതത്തിൽ നിന്നും ശനിയാഴ്‌ച്ച രാത്രി ഒൻപതുമണിയോടെ പിടികൂടിയത്.

അക്രമത്തിൽ ഗുരുതരമായി പരുക്കേ റഷീദ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ലഹരിമാഫിയയുടെ കുത്ത് തടയുന്നിനിടെ ഇയാളുടെ കൈത്തണ്ടയിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ശനിയാഴ്‌ച്ച വൈകുന്നേരം അഞ്ചരയോടെയാണ് അക്രമം. കേസിലെ ഒന്നും രണ്ടും പ്രതികളായ നസീറും സിറാജും കഞ്ചാവിന് അടിമകളാണെന്ന് പൊലിസ് പറഞ്ഞു.

പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായി വടക്കെ മലബാറിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നായി വികസിച്ചുവരുന്ന തലശേരി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപന സംഘങ്ങൾ വിലസുന്നത് പൊലിസിന് തലവേദനയായിട്ടുണ്ട്. കടൽപ്പാലം പരിസരത്ത് പൊലിസ് ഔട്ട് പോസ്റ്റ് തുറന്നിട്ടുണ്ടെങ്കിലും മയക്കുമരുന്ന് സംഘങ്ങൾ നിർബാധം വിവരിക്കുകയാണ്.

തിരുവനന്തപുരം മാനവീയം വീഥി പോലെ നൈറ്റ് ലൈഫും തലശേരി സ്പെഷ്യൽ ഭക്ഷ്യവിഭവങ്ങളും ആസ്വദിക്കാനെത്തുന്ന സ്ഥലങ്ങളിലൊന്നാണ് തലശേരി കടൽപാലം പരിസരം. എന്നാൽ തലശേരി മട്ടാമ്പ്രം, ചാലിൽ പ്രദേശങ്ങളിൽ നിന്നെത്തുന്ന മയക്കുമരുന്ന് വിൽപന സംഘങ്ങൾ ഇവിടെ തമ്പടിക്കുന്നത് വിനോദസഞ്ചാരികൾക്ക് ഭീഷണിയായിട്ടുണ്ട്. മുഴുവൻ സമയം പൊലിസ് സുരക്ഷ ഇവിടെ ഒരുക്കണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം.

തലശേരി പഴയബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ പരിസരം, മട്ടാമ്പ്രം, കോട്ട, കൊടുവള്ളി എന്നിവടങ്ങളും മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ പിടിയിലാണ്.കഴിഞ്ഞ വർഷമാണ് കൊടുവള്ളിയിൽ മയക്കുമരുന്ന് സംഘത്തിന്റെ കുത്തേറ്റു സി.പി. എം പ്രവർത്തകരും ബന്ധുക്കളുമായ രണ്ടു പേർ കൊല്ലപ്പെട്ടത്. ഈ കേസിൽ മയക്കുമരുന്ന് ഗുണ്ടാതലവൻ പാറായി ബാബുവും ഭാര്യാസഹോദരൻ നിക്സൺ എന്നിവരുൾപ്പെട്ട അഞ്ചംഗസംഘം റിമാൻഡിലാണ്.