- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാളികാവിലെ രണ്ടരവയസുകാരിയുടെ മരണത്തിൽ പിതാവ് കസ്റ്റഡിയിൽ
കാളികാവ്: മലപ്പുറം കാളികാവ് ഉദരപൊയിലിലെ രണ്ടരവയസുകാരിയുടെ ദുരൂഹ മരണം പിതാവിന്റെ ക്രൂരമർദനത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഫാത്തിമ നസ്റിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് മുഹമ്മദ് കോന്തത്തൊടിക ഫായിസിനെ (24) കാളികാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയുടെ തലയ്ക്കും ശരീരത്തിനുമേറ്റ മാരകമായ ക്ഷതങ്ങളാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഞായറാഴ്ച പകൽ രണ്ടുമണിയോടെയാണ് കുട്ടി മരണപ്പെട്ടത്.
കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. തലയിൽ അടിയേറ്റ് രക്തം കട്ട പിടിച്ചിരുന്നുവെന്നും വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കും.
ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസ് മകൾ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയതാണെന്ന് ഇന്നലെ അമ്മയും ബന്ധുക്കളും ആരോപിച്ചിരുന്നു. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് പിതാവ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പിന്നീട് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതല്ലെന്ന് വ്യക്തമായിരുന്നു.
വണ്ടൂരിലെ സ്വകാര്യ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. ശേഷം കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയെ വീട്ടിൽ വെച്ച് പിതാവ് ഫായിസ് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടിയുടെ ഉമ്മ ഷഹാനത്തും ബന്ധുക്കളും ആരോപിച്ചിരുന്നു.
ഭക്ഷണം അന്നനാളത്തിൽ കുരുങ്ങി എന്നുപറഞ്ഞാണ് ഫായിസിന്റെ ബന്ധുക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹത്തിൽ മുറിവേറ്റതിന്റെ ലക്ഷണം കണ്ട ഡോക്ടർമാർ പോസ്റ്റുമോർട്ടത്തിന് നിർദേശിക്കുകയായിരുന്നു. പിന്നീടാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഞായറാഴ്‌ച്ച ഒന്നരയോടെ വീട്ടിലെത്തിയ ഫായിസ് കുട്ടിയെ ക്രൂരമായി മർദിച്ചു. അബോധാവസ്ഥയിലായ കുഞ്ഞിനെ വീണ്ടും ഉപദ്രവിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നും കുട്ടിയുടെ മാതാവ് ഷഹാനത്ത് വെളിപ്പെടുത്തി.
കുട്ടിയെ അക്രമിക്കുന്നത് കണ്ട് നിലവിളിച്ച് കരഞ്ഞ തന്നെ റൂമിലിട്ട് പൂട്ടി. ശബ്ദം കേട്ടെത്തിയ അയൽവാസികളും ബന്ധുക്കളുമാണ് മുറി തുറന്നത്. അപ്പോഴേയ്ക്കും കുട്ടി അബോധാസ്ഥയിൽ ആയിരുന്നുവെന്നും ഷഹാനത്ത് പറഞ്ഞു. രണ്ടാഴ്ചയായി കുട്ടി തുടർച്ചയായി മർദനത്തിന് ഇരയായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. മരണകാരണം ശരീരത്തിലേറ്റ മർദനമാണെന്ന വിവരം പുറത്ത് വന്നതോടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് മരണമെന്ന കുട്ടിയുടെ പിതാവ് ഫായിസിന്റെയും ഫായിസിന്റെ മാതാവിന്റെയും അവകാശവാദം പൊളിഞ്ഞു.
അപകടമേറ്റ കുട്ടിയെയുംകൊണ്ട് ആശുപത്രിയിൽ പോകാതെ ഫായിസ് ഒളിവിൽ പോയിരുന്നു. തിങ്കളാഴ്ച പകൽ പതിനൊന്നരയോടെ പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് കാളികാവ് എസ്‌ഐ. വിളയിൽ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഫായിസിനെ പിടികൂടിയത്. പിതാവ് കുട്ടിയെ മർദിക്കുകയും എടുത്തെറിയുകയും ഉൾപ്പെടെ ചെയ്തുവെന്നും കുട്ടിയെ കൊലപ്പെടുത്തിയതാണെന്നും ഷഹാനത്ത് നേരത്തെ ആരോപിച്ചിരുന്നു. ഇവരുടെ ആരോപണം ശരിവെയ്ക്കുന്ന വിവരങ്ങളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഉള്ളത്.
ഭാര്യ ഷഹാനത്തിനെ മർദിച്ചതിന്റെ പേരിൽ ഫായിസിനെതിരെ രണ്ട് കേസുകൾ നിലനിൽക്കുന്നുണ്ട്. ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഫായിസിന്റെ വീട് കാളികാവ് എസ്‌ഐ. വി. ശശിധരന്റെ നേതൃത്വത്തിൽ പൊലീസ് സീൽ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ വൈകിയതിനാൽ ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ഫായിസിന്റെ ബന്ധുക്കളെ പ്രതിചേർക്കുന്ന കാര്യവും പരിശോധിച്ച് തീരുമാനം എടുക്കുമെന്നും അധികൃതർ പറഞ്ഞു.
മുമ്പ് ഫായിസിനെതിരെ ഭാര്യ ഷഹാനത്ത് നൽകിയ പരാതി ഒത്തുതീർക്കണം എന്നാവശ്യപ്പെട്ടായിരുന്നു നിരന്തരം ഉപദ്രവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തുന്നതു കണ്ടതായി ബന്ധുക്കൾ പ്രതികരിച്ചിരുന്നു. കുട്ടിയെ പിതാവ് കട്ടിലിലേക്കു വലിച്ചെറിഞ്ഞതായാണ് ഇവരുടെ ആരോപണം. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു തന്നെ കുട്ടി മരിച്ചിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. കുട്ടിയെ കൊലപ്പെടുത്തുമെന്നു ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.