അമ്പലപ്പുഴ: വിദേശത്തെ ചോക്ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം വൻ തട്ടിപ്പു നടത്തിയ പ്രതി അറസ്റ്റിൽ. വൻ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽതൃശൂർ കേച്ചേരി ചിറനല്ലൂർ പ്രദീപ് വിഹാറിൽ മുഹമ്മദ് ആഷിഖ് (51) ആണ് സേലത്തു വാടകവീട്ടിൽ നിന്നു പിടിയിലായത്. ആലപ്പുഴ ജില്ലയിൽനിന്നു മാത്രം ഇയാൾക്കെതിരെ നൂറോളം പരാതികൾ പൊലീസിനു ലഭിച്ചിരുന്നു. പരാതികളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്.

ഹൈപ്പർ മാർക്കറ്റിന്റെ പേരിൽ പുതിയ തട്ടിപ്പിനു ശ്രമിക്കുമ്പോഴാണ് അറസ്റ്റ്. അമീർ മുസ്തഫ എന്ന പേരിലായിരുന്നു ആഷിഖിന്റെ തട്ടിപ്പ്. വിദേശ വാട്‌സാപ് നമ്പർ വഴി പരിചയപ്പെടുന്ന ഉദ്യോഗാർഥികളോട് താൻ മാനേജിങ് ഡയറക്ടറായ ചോക്കോവൈറ്റ് എന്ന ചോക്ലേറ്റ് ഫാക്ടറിയിൽ ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് ഓഫർ ലെറ്റർ നൽകി പണം വാങ്ങി വിദേശത്ത് എത്തിച്ച ശേഷം ജോലി നൽകാതെ തിരിച്ചയയ്ക്കുകയായിരുന്നു രീതി.

2022ൽ നാലു മാസത്തിനിടയിലാണു ജില്ലയുടെ പല ഭാഗങ്ങളിലുള്ളവരിൽനിന്ന് ഇയാൾ പണം തട്ടിയത്. മൂന്നു കോടിയിലേറെ രൂപ ഇയാൾ തട്ടിയെടുത്തെന്നാണു പൊലീസിന്റെ നിഗമനം. ഏഴുപേരെ ഈ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇല്ലാത്ത ചോക്ലേറ്റ് കമ്പനിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ തയാറാക്കിയും ഫേസ്‌ബുക് പേജുകൾ ഉണ്ടാക്കിയും ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ചേർത്തും റിവ്യൂകൾ എഴുതിയും ഉദ്യോഗാർഥികളുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് തട്ടിപ്പ.

വിദേശത്ത് എത്തും വരെ ആർക്കും ഈ തട്ടിപ്പ് തിരിച്ചറിയാൻ സാധിച്ചിരുന്നിസസ. തെളിവുകൾ ഇല്ലാതാക്കാൻ ബാങ്ക് ഇടപാട് ഒഴിവാക്കി സഹായികൾ വഴിയാണു പണം വാങ്ങിയിരുന്നത്. ചെന്നൈ, ബെംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ താമസിച്ച് ഇയാൾ സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. അറസ്റ്റിലായതിനു പിന്നാലെ നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ പ്രതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി ഇയാളെ റിമാൻഡ് ചെയ്തു.