കോഴിക്കോട്: ഓർക്കാട്ടേരി ചെക്യാട് പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിചെയ്യുന്ന യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കിലശ്ശേരിയിലെ പുതിയോട്ടിൽ പ്രിയങ്ക (26) യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ കണ്ടത്.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി അവധി നൽകിയില്ലെന്ന കുറിപ്പ് കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തി.

ജനുവരിയിൽ രാജിവെക്കാനിരുന്ന തന്നോട് മാർച്ചിൽ അവധിതരാമെന്ന് ഭീഷണിപ്പെടുത്തുംപോലെ പറഞ്ഞെന്ന് കത്തിലുണ്ട്. മാർച്ചിൽ അവധി ചോദിച്ചപ്പോൾ 23 മുതൽ എടുത്തോയെന്നും ഇപ്പോൾ ചോദിച്ചപ്പോൾ അവധിതരില്ലെന്നും പറയുന്നതെന്നാണ് കുറിപ്പ്.

രാവിലെ മുറി തുറക്കാത്തതിനെത്തുടർന്ന് അമ്മ ബഹളംവെച്ചപ്പോൾ പരിസരവാസികൾ ഓടിക്കൂടി വാതിൽ തുറക്കുകയായിരുന്നു. തൂങ്ങിനിൽക്കുന്ന പ്രിയങ്കയെ ഉടൻ ഓർക്കാട്ടേരിയിലെ സ്വകാര്യക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിച്ചു.

തുടർന്നു നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെടുത്തത്. അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തുവെന്ന് പ്രിയങ്ക പറയുന്ന ശബ്ദസന്ദേശവും പുറത്തുവന്നു.

അതേസമയം, അനുവദനീയമായതിലും കൂടുതൽ അവധി ചോദിച്ചുവെന്നും നൽകാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന വിവരം. പുതിയോട്ടിൽ രാധയാണ് പ്രിയങ്കയുടെ അമ്മ. സഹോദരൻ: പ്രണവ് (ബഹ്‌റൈൻ).