ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രധാന ഇൻഷുറൻസ് പദ്ധതികൾക്കായി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചതിന് ശേഷം ചില ബാങ്കുകൾ ഇടപാടുകാരുടെ സമ്മതം വ്യാജമായി നിർമ്മിച്ചെന്ന് ആരോപണം. ആർട്ടിക്കിൾ-14 ഡോട്ട് കോമിന്റെ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. രാജ്യത്തുടനീളമുള്ള നിരവധി അക്കൗണ്ട് ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികൾക്കായി തങ്ങളുടെ അനധികൃത ഡെബിറ്റ് റിപ്പോർട്ട് ചെയ്തതായാണ് ആരോപണം.

ലൈഫ് ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജനയിലും (പിഎംജെജെബിവൈ), അപകട ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയിലും (പിഎംഎസ്ബിവൈ) ബാങ്കുകൾ ഉപഭോക്താക്കളെ അവരുടെ സമ്മതമില്ലാതെ എന്റോൾ ചെയ്തതായാണ് ആരോപണം ഉയരുന്നത്. അടൽ പെൻഷൻ യോജന (APY) എന്ന കേന്ദ്രത്തിന്റെ മൈക്രോ പെൻഷൻ പദ്ധതിയുടെ കാര്യത്തിലും സമാനമായ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആർട്ടിക്കിൾ-14 ഡോട്ട് കോമിന്റെ റിപ്പോർട്ടിൽ പറയുന്നു.

പാവപ്പെട്ടവർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനായി 2015 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേമ പദ്ധതികൾ ആരംഭിച്ചിരുന്നു. PMJJBY യുടെ പ്രീമിയം ഒരു വർഷം 436 ഉം PMSBY യ്ക്ക് ഒരു വർഷം 20 രൂപയുമാണ്. ഏതെങ്കിലും കാരണത്താൽ പോളിസി ഉടമ മരിക്കുകയാണെങ്കിൽ, PMJJBY ഒരു നോമിനിക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. അപകടത്തിൽ മരണപ്പെട്ടാൽ രണ്ട് ലക്ഷം രൂപയും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റാൽ ഒരു ലക്ഷം രൂപയും PMSBY പരിരക്ഷ നൽകുന്നു . APY-യിൽ, 60 വയസ്സിന് ശേഷം ഒരു പോളിസി ഉടമയ്ക്ക് പ്രതിമാസം 5,000 രൂപ വരെ പെൻഷൻ ലഭിക്കും .

പോളിസി ഉടമയുടെയോ അക്കൗണ്ട് ഉടമയുടെയോ സമ്മതമില്ലാതെ ഇൻഷുറൻസ് സ്‌കീമുകൾ സജീവമാക്കുന്നതിന് ബാങ്ക് ജീവനക്കാർ വ്യാജ നോമിനികൾ ഉൾപ്പെടെയുള്ള കെട്ടിച്ചമച്ച ഡാറ്റ നൽകുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ബാങ്ക് ജീവനക്കാരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. സർക്കാർ സമ്മർദത്തെ തുടർന്നാണ് ഈ പദ്ധതികളിൽ ഇടപാടുകാരെ എന്റോൾ ചെയ്യാൻ ബാങ്കുകൾ ഇത്തരം വഞ്ചനാപരമായ രീതികൾ സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

"പലപ്പോഴും, സമ്മതമില്ലാതെ ഇൻഷുറൻസ് സ്‌കീമുകളിൽ എന്റോൾ ചെയ്യുന്നവർക്ക്, തങ്ങൾ ഒരു ഇൻഷുറൻസ് പരിരക്ഷയ്ക്കായി പ്രീമിയം അടയ്ക്കുന്നുവെന്ന് അറിയില്ല. ഇത് കാരണം കുടുംബാംഗങ്ങൾ ഇത്തരം സ്‌കീമുകളുടെ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സാധിക്കാതെ വരുമെന്നും റിപ്പോർട്ടിലുണ്ട്. ബാങ്കുകളുടെ ഹെഡ് ഓഫീസുകൾ പോലും ഈ തട്ടിപ്പുകൾ നടത്തുകയും ശാഖകളെ മറച്ചുവെക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.