- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നായയെ എറിഞ്ഞത് ചോദ്യം ചെയ്തു; ഉടമയ്ക്ക് ക്രൂര മർദനം,നാല് പേർ അറസ്റ്റിൽ
കൊച്ചി: തന്റെ വീട്ടിലെ നായയെ റോഡിലൂടെ പോയവർ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയ്ക്ക് ക്രൂര മർദനം. ഹൈക്കോടതിയിലെ ഡ്രൈവർ കൊച്ചി മുല്ലശ്ശേരി കനാൽ റോഡിൽ തോട്ടുങ്കൽപറമ്പിൽ വിനോദാണ് (45) കൊടിയ മർദനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴുത്തിന് ക്രൂരമായി മർദ്ദനമേറ്റ വിനോദിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ വിനോദിനെ മർദിച്ച ഇതരസംസ്ഥാനക്കാരെ പൊലീസ് പിടികൂടി.
ഇക്കഴിഞ്ഞ് 25ന് രാത്രി 10.30-നാണ് സംഭവം. വിനോദിനെ മർദിച്ച ഉത്തർപ്രദേശ് ബറൂത്ത് ശതാബ്ദി നഗർ സ്വദേശി അശ്വിനി ഗോൾകർ (27), ഗസ്സിയാബാദ് രാജേന്ദ്രനഗർ സ്വദേശി കുശാൽ ഗുപ്ത (27), രാജസ്ഥാൻ ഗംഗാനഗർ വിനോഭാബ സ്വദേശി ഉത്കർഷ് (25), ഹരിയാണ സോനിപറ്റ് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെ വധശ്രമത്തിന് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. തപാൽ വകുപ്പിലെ ജീവനക്കാരാണിവർ.
മുല്ലശ്ശേരി കനാൽ റോഡിലുള്ള വിനോദിന്റെ വീട്ടിലെ നായ ഗേറ്റിനകത്തുനിന്ന് കുരച്ചതാണ് പ്രകോപനമായത്. ഇത് ഇഷ്ടപ്പെടാഞ്ഞ പ്രതികളിലൊരാൾ ചെരുപ്പ് കൊണ്ട് നായയെ എറിഞ്ഞു. വിനോദ് ഇത് ചോദ്യം ചെയ്തതോടെ വിനോദുമായി വാക്കേറ്റമുണ്ടായി. ഉടൻ തന്നെ രണ്ടുപേർ ചേർന്ന് വിനോദിനെ അടിക്കുകയും വയറ്റിൽ ഇടിക്കുകയും ചെയ്തു. അശ്വിനി ഗോൾകർ പിറകിലൂടെ വന്ന് വിനോദിന്റെ കഴുത്തിനു പിടിച്ച് വലതുകൈത്തണ്ട കൊണ്ട് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. മുട്ടുകുത്തി വിനോദ് കമിഴ്ന്നു വീണിട്ടും കഴുത്തിൽനിന്ന് പിടിവിട്ടില്ല. പുറത്ത് കയറിയിരുന്ന് വലതു കൈത്തണ്ട കൊണ്ട് കഴുത്തിൽ അമർത്തി വലിച്ചു മുറുക്കി ക്രൂരമായി ഉപദ്രവിച്ചു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയുടെ പിടിയിൽനിന്നു വിനോദിനെ മോചിപ്പിച്ചത്. അപ്പോഴേക്കും വിനോദ് അവശനിലയിലായി. ഉടൻ തന്നെ ആശുപത്രിയിലാക്കി. കഴുത്ത് ഞെരിച്ചതിനെത്തുടർന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജൻ എത്തുന്നത് തടസ്സപ്പെട്ടതിനെത്തുർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിനോദ് താമസിക്കുന്നതിന് രണ്ട് വീട് അപ്പറുമാണ് പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്നത്. സെൻട്രൽ എ.സി.പി. വി.കെ. രാജുവിന്റെ നിർദ്ദേശാനുസരണം പൊലീസ് ഇൻസ്പെക്ടർ യു. ശ്രീജിത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ റെജി രാജ്, അനൂപ് ഷാഹിന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കെ.എസ്.ആർ.ടി.സി. പരിസരത്തെ വിവേകാനന്ദ റോഡിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)