- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റൗഫീനയെ കുടുക്കിയത് മുജീബിന്റെ മൊഴി
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയും അറസ്റ്റിലാകുമ്പോൾ തെളിയുന്നത് തിരിട്ടു കുടുംബത്തിന്റെ കഥ. തെളിവ് നശിപ്പിക്കാൻ റൗഫീന ശ്രമിച്ചതിന് വ്യക്തമായ പങ്കുണ്ടായിരുന്നു. റിമാൻഡിലുള്ള പ്രതി മുജീബ് റഹ്‌മാനെ ചോദ്യം ചെയ്തതോടെയാണ് കേസിൽ റൗഫീനയ്ക്കുള്ള പങ്ക് വ്യക്തമായത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വർണം വിറ്റപ്പോൾ 1.43 ലക്ഷം രൂപയാണ് മുജീബിന് കിട്ടിയത്.
സ്വർണം വിറ്റ പണം ചീട്ടുകളിക്കായി ഉപയോഗിച്ചെന്നാണ് മുജീബ് ആദ്യം പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സ്വർണം വിറ്റ പണം മുജീബ്, റൗഫീനയെ ഏൽപ്പിച്ചെന്ന് വ്യക്തമായത്. തനിക്ക് പണം എങ്ങനെ കിട്ടിയെന്നും ഇയാൾ റൗഫീനയോട് പറഞ്ഞിരുന്നു. പണം ഉപയോഗിച്ച് ഇരുവരും കാർ വാങ്ങാനും ശ്രമിച്ചു. എന്നാൽ മുജീബ് അറസ്റ്റിലായതോടെ റൗഫീന പണം കൂട്ടുകാരിയെ ഏൽപ്പിച്ചു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ റൗഫീനയെ റിമാൻഡ് ചെയ്തു. സ്വർണം കണ്ടെടുക്കാൻ ശ്രമം തുടരും.
മുജീബ് റഹ്‌മാനെതിരെ അതിവേഗ കുറ്റപത്രം നൽകിയ വിചാരണയാണ് പൊലീസ് ലക്ഷ്യം. 56 കേസിൽ പ്രതിയായ മുജീബിന് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് ല്ക്ഷ്യം. അതു സംഭവിച്ചാൽ ഭർത്താവിന്റെ കുറ്റകൃത്യങ്ങളെ വെള്ളപൂശാൻ കൂട്ടു നിന്ന ഭാര്യയ്ക്ക് ഇനി മുജീബിനെ പുറത്തു കിട്ടാൻ സാധ്യത കുറവാണെന്ന വിലയിരുത്തൽ എത്തി. ഇതിനിടെയാണ് ഭാര്യയും അകത്തായത്. മുജീബിന്റെ പഴയ കേസുകളിലെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി തുടങ്ങി. ജാമ്യത്തിലിറങ്ങിയശേഷവും കൊലപാതകവും മോഷണവുമടക്കമുള്ള കേസുകളിൽ ഉൾപ്പെടുന്ന കാര്യം ചൂണ്ടിക്കാട്ടി കോടതികളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് ഉന്നതോദ്യോഗസ്ഥർ വിവിധ സ്റ്റേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊടുംകുറ്റവാളികൾ നാട്ടിലിറങ്ങി വിഹരിച്ച് വീണ്ടും തുടർച്ചയായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത് തടയാൻ കർശനനടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് നടപടി.
ഭർത്താവിനെ മോഷണത്തിനും ക്രിമിനൽ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ഭാര്യ. നൊച്ചാട് അനു കൊലക്കേസിൽ നിർണായക തെളിവുകൾ തേടി പ്രതി മുജീബ് റഹ്‌മാന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാനുള്ള ഭാര്യയുടെ ശ്രമം വ്യക്തമാക്കുന്നത് മാഫിയാ പ്രവർത്തനത്തിൽ അവർക്കുമുള്ള പങ്കാണ്. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്‌മാന്റെ വീട്ടിൽ പൊലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ധരിച്ച പാന്റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
മുജീബ് റഹ്‌മാനെ പൊലീസ് കീഴടക്കിയത് അതി സാഹസികമായി ആയിരുന്നു. കൊണ്ടോട്ടിയിലെ വീട്ടിൽ വച്ചാണ് പേരാമ്പ്ര പൊലീസ് ഇയാളെ ഇന്നലെ പിടികൂടിയത്. പ്രതി പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമം തടഞ്ഞതിനെ തുടർന്ന് ജനൽ ഗ്ലാസ് പൊട്ടിച്ചെടുത്തു പ്രതി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഗ്ലാസ് കൊണ്ടുള്ള കുത്തേറ്റു എസ്ഐയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. പേരാമ്പ്ര സ്റ്റേഷനിലെ എസ്ഐ സുനിലിനാണു പരിക്കേറ്റത്. ഈ പ്രതിക്കെതിരെ 55 കേസുകളുണ്ട്. ഇതെല്ലാം ഭാര്യയ്ക്കും അഖിയാമായിരുന്നു.
പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉൾപ്പെടെ 55 കേസുകൾ നിലവിലുണ്ട്. . അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്റെ സ്വർണാഭരണങ്ങൾ പ്രതി മോഷ്ടിച്ചു. തുടർന്ന് സ്വർണ്ണാഭരണങ്ങൾ കൊണ്ടോട്ടിയിലെത്തി ഒരാൾക്ക് കൈമാറുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് മുജീബ് റഹ്‌മാൻ എത്തിയത്. തുടർന്ന് ഇയാൾ ബൈക്കിൽ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടർന്ന് വഴിയിൽ വെച്ച് തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ തല ചവിട്ടി താഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയിൽ നിന്നാണ് കണ്ടെത്തിയത്. പ്രതിയുമായുള്ള തെളിവെടുപ്പിൽ എടവണ്ണപ്പാറ ജങ്ഷനിൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു ബൈക്ക്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കിൽ നിന്നും കണ്ടെത്തി. ഇക്കഴിഞ്ഞ 11ന് മട്ടന്നൂരിൽ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ഈ ബൈക്ക് മോഷ്ടിച്ചശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊല നടത്തിയത്.
മുക്കം മുത്തേരിയിൽ വയോധികയെ ഓട്ടോയിൽ കയറ്റി ആക്രമിച്ച് പീഡിപ്പിക്കുകയും മോഷണം നടത്തുകയുംചെയ്ത കേസ് അന്ന് നാടിനെയാകെ ഞെട്ടിച്ചതാണ്. അതിനുപിന്നാലെയാണ് ബൈക്കിൽ ലിഫ്റ്റ് നൽകി വാളൂരിൽ അനുവിനെ തോട്ടിലെ വെള്ളത്തിൽ മുക്കിക്കൊന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. മുക്കത്തെ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും മുജീബ് ജാമ്യത്തിലിറങ്ങിയതാണ്. 2020 ജൂലായ് രണ്ടിനായിരുന്നു ഈ സംഭവം. ചോമ്പാലയിൽനിന്ന് മോഷ്ടിച്ച ഓട്ടോയാണ് സ്ത്രീയെ കൊണ്ടുപോകാൻ ഉപയോഗിച്ചത്. അതിന് ചോമ്പാല പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
2019 ഡിസംബറിൽ തലപ്പുഴ സ്റ്റേഷൻ പരിധിയിൽ സ്ത്രീയുടെ ആഭരണം കവർന്ന കേസിലും പ്രതിയാണ്. കഴിഞ്ഞവർഷം ചാത്തമംഗലത്തെ ബാറ്ററിക്കട കുത്തിത്തുറന്ന് ബാറ്ററി മോഷ്ടിച്ചതിന് കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ മുജീബിന്റെ പേരിൽ കേസുണ്ട്. 2019-ൽ മഞ്ചേരി പൊലീസിലും താമരശ്ശേരി പൊലീസിലും 2020-ലും 2021-ലും നടക്കാവ് പൊലീസിലും 2021-ൽ ചോമ്പാല പൊലീസിലും 2022-ൽ തേഞ്ഞിപ്പലം പൊലീസിലും 2020-ൽ എലത്തൂർ പൊലീസിലും 2022-ൽ മയ്യിൽ പൊലീസിലും മുജീബിന്റെ പേരിൽ കേസുകളുണ്ട്. 60-ഓളം കേസുകളുള്ള മുജീബിന് കൊണ്ടോട്ടിയിൽമാത്രം 13 കേസുകളും മഞ്ചേരിയിൽ ആറുകേസുകളുമുണ്ട്. എല്ലാ കേസിലും ജാമ്യം റദ്ദായാൽ പിന്നെ ക്രൂരന് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിയില്ല.
കൊണ്ടോട്ടിയിലെ മുജീബ് റഹ്‌മാന്റെ വീട്ടിലെത്തിയ പൊലീസിന് കാണാൻകഴിഞ്ഞത് മോഷണത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളാണ്. മാലപൊട്ടിക്കാനുള്ളതടക്കം വിവിധതരം കത്തികളും ടോർച്ചുകളുമെല്ലാം പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇത്തരത്തിൽ ബാഗിൽ എല്ലാ സംവിധാനവുമായാണ് മുജീബ് മോഷണത്തിനായി ഇറങ്ങുന്നത്. പൊലീസ് പിടിയിലായാൽ കേസുകളെല്ലാം കൃത്യമായി കൈകാര്യംചെയ്യുന്നത് ഭാര്യയുടെ നേതൃത്വത്തിലാണ്. ജയിലിനുള്ളിൽ ഉള്ളപ്പോൾ എല്ലാം പൊന്നു പോലെ നോക്കുകയും ചെയ്യും ഭാര്യ.